Sorry, you need to enable JavaScript to visit this website.

അഗ്നിപഥിനെതിരെ പ്രതിഷേധം; പ്രതിരോധ മന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂദൽഹി- അഗ്‌നിപഥ് സ്‌കീമിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സേനാ മേധാവിമാരുടെ ഉന്നതതല യോഗം വിളിച്ചു. മന്ത്രിയുടെ വീട്ടിലാണ് യോഗം. അതേസമയം, പദ്ധതി യുവജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രയുവജനകാര്യ മന്ത്രാലയം പ്രചാരണം തുടങ്ങി. 

അഗ്നിപഥ് സ്‌കീമിനെക്കുറിച്ച് പഠിക്കാനായി വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ അധ്യക്ഷനായി വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദൽഹിയിലെ അഭിഭാഷകൻ വിശാൽ തിവാരി സുപ്രീം കോടതിയെ സമീപിച്ചു. രാജ്യമെങ്ങും അരങ്ങേറിയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, അഗ്നിപഥ് സൈനിക സേവന പദ്ധതിക്കെതിരായ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചു. ബുധനാഴ്ച മുതൽ ആരംഭിച്ച പ്രതിഷേധത്തിനിടെ ഇതുവരെ 12 ട്രെയിനുകൾക്ക് തീ വെച്ചതായി റെയിൽവേ അറിയിച്ചു.
പ്രതിഷേധക്കാർ ബിഹാറിൽ ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാളിന്റെയും വീടുകൾ ആക്രമിച്ചു. ബിഹാറിലെ ബി.ജെ.പി ഓഫീസുകൾക്ക് നേരെയും പരക്കെ തീവെപ്പും ആക്രമണവുമുണ്ടായി. ഉത്തർപ്രദേശിലെ അലിഗഡിൽ പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിനും വാഹനങ്ങൾക്കും തീവെച്ചു. അലിഗഡിൽ പ്രാദേശിക ബി.ജെ.പി നേതാവിന്റെ കാറും കത്തിച്ചു. ദൽഹി-ആഗ്ര ഹൈവേയിൽ പ്രതിഷേധക്കാർ കല്ലെറിയാൻ തുടങ്ങിയതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധം ഇതുവരെ 200ൽ അധികം ട്രെയിൻ സർവീസുകളൊണ് പ്രതികൂലമായി ബാധിച്ചത്. 110 ട്രെയിനുകൾ റദ്ദാക്കി. 47 ട്രെയിൻ സർവീസുകൾക്ക് യാത്ര പൂർത്തിയാക്കാൻ കഴിയാതെ നിർത്തിയിട്ടു.
സെക്കന്തരാബാദിൽ അയ്യായിരത്തോളം വരുന്ന സംഘമാണ് റെയിൽവേ സ്‌റ്റേഷനിലേക്ക് ഇരച്ചു കയറിയത്. 40 യാത്രക്കാർ ഉണ്ടായിരുന്ന എ.സി കോച്ചിന് നേർക്കാണ് ആക്രമണം ഉണ്ടായത്. അക്രമികൾ പെട്രോൾ ബോംബുകളും കല്ലുകളും അകത്തേക്ക് വലിച്ചെറിഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരെ രക്ഷിക്കാനായത്.
ബിഹാറിൽ ഇന്നലെ മൂന്നു ട്രെയിനുകളുടെ 20 കോച്ചുകൾക്കാണ് പ്രതിഷേധക്കാർ തീയിട്ടത്. ലഖിസരായിയിൽ ന്യൂദൽഹി-ഭഗൽപൂർ വിക്രംശില എക്‌സ്പ്രസിന്റെയും സമസ്തിപൂരിൽ ന്യൂദൽഹി-ദർഭംഗ ബിഹാർ സമ്പർക്കക്രാന്തി എക്‌സ്പ്രസിന്റെയും കോച്ചുകൾക്കാണ് തീയിട്ടത്. നളന്ദയിലെ ഇസ്‌ലാംപൂരിലെ റെയിൽവേസ്റ്റേഷനിലും ട്രെയിനിനു തീ വെച്ചു. പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായ മൂന്നാം ദിവസമാണ് ബിഹാറിൽ ട്രെയിൻ ഗതാഗതം തടസപ്പെടുന്നത്. ബി.ജെ.പി ഓഫീസുകൾക്ക് നേരെയും പരക്കേ ആക്രമണമുണ്ടായി. ദർഭംഗയിൽ വിദ്യാർഥികളുമായി വന്ന സ്‌കൂൾ ബസ് മണിക്കൂറുകളോളം സംഘർഷത്തിൽ കുടുങ്ങി.
     ബിഹാറിന് പുറമേ ഉത്തർപ്രദേശ്, ഹരിയാന, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധക്കാർ ട്രെയിൻ ആക്രമിച്ചു. ഉത്തർപ്രദേശിൽ ബല്ലിയയിലും പ്രതിഷേധക്കാർ ട്രെയിനിനു തീവെച്ചു.  ദൽഹിയിൽ ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗവും പ്രതിഷേധവുമായി രംഗത്തെത്തി. ദൽഹി മെട്രോയുടെ ഐ.ടി.ഒ, ധൻസ ബസ്് സ്റ്റാന്റ് മെട്രോ സ്്‌റ്റേഷനുകളും അടച്ചിട്ടു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിൽ വാഹനങ്ങൾ അടിച്ചു തകർത്തു. മധ്യപ്രദേശിലും ഹരിയാനയിലും ഇന്നലെ പ്രതിഷേധം രൂക്ഷമായി തുടർന്നു. പശ്ചിമബംഗാളിലെ ഹൗറയിലും പ്രതിഷേധക്കാർ അക്രമാസക്തരായി നിരത്തിലിറങ്ങി. ഒഡീഷയിൽ പ്രതിഷേധക്കാർ കട്ടക്കിലെ കന്റോൺമെന്റ് പ്രദേശം ഉപരോധിച്ച് ഗതാഗതം സ്തംഭിപ്പിച്ചു.

തിരുത്തുമായി കേന്ദ്ര സർക്കാർ

അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നതിന് ഇടയിൽ തിരുത്തലുമായി കേന്ദ്ര സർക്കാർ. ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്തുമെന്ന്് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഈ ഒരു വർഷത്തേക്കു മാത്രമാണ് പ്രായപരിധി ഇളവ് ഉള്ളത്. കഴിഞ്ഞ രണ്ടുവർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റുകളൊന്നും നടന്നിട്ടില്ല. കോവിഡ് സാഹചര്യത്തെ തുടർന്നാണ് ഇത്. ഇതേതുടർന്നാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയർന്ന പ്രായപരിധി 23 ആക്കി ഉയർത്തുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, യുവാക്കൾക്ക് തൊഴിലവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ പദ്ധതി സൃഷ്ടിക്കുമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
    ഹ്രസ്വകാല സൈനിക സേവനത്തിനുള്ള അഗ്നിപഥിലേക്കുള്ള നിയമനം ഉടൻ നടത്തുമെന്ന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡേ വ്യക്തമാക്കി. അടുത്ത രണ്ടുദിവസത്തിനുള്ളിൽ വിജ്ഞാപനം പുറത്തിറങ്ങും. ഡിസംബറിൽ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്റ് നടപടികൾ ഉടൻ ആരംഭിക്കും. പദ്ധതിക്കെതിരെ കാര്യങ്ങൾ അറിയാതെയാണ് യുവാക്കളുടെ പ്രതിഷേധം. യാഥാർഥ്യം തിരിച്ചറിഞ്ഞാൽ പദ്ധതിയിൽ വിശ്വാസമുണ്ടാകുമെന്നും കരസേന മേധാവി പറഞ്ഞു. അഗ്നിപഥ് പദ്ധതിയനുസരിച്ച് വ്യോമസേനയിൽ ജൂൺ 24 മുതൽ റിക്രൂട്ട്‌മെന്റ് ആരംഭിക്കുമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി പറഞ്ഞു. അഗ്നിപഥ് യുവാക്കൾക്ക് മികച്ച അവസരമാണെന്ന് നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. രണ്ടു വർഷത്തെ മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
    പദ്ധതിയിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. പദ്ധതി പിൻവലിക്കില്ലെന്ന്് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അഗ്നിപഥ് യുവാക്കൾക്ക് സുവർണാവസരം ഒരുക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രതികരണം. എന്നാൽ, പദ്ധതി പിൻവലിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. രാജ്യം എന്താണ് ആവശ്യപ്പെടുന്നതെന്ന് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കഴിയുന്നില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും കണക്കിലെടുത്ത് അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ ഭാവിക്ക് തന്നെ പദ്ധതി അപകടകരമാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ബിഹാറിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യുവും അഗ്നിപഥ് അനാവശ്യമാണെന്ന് പറഞ്ഞു.     
    


 

Latest News