ന്യൂദല്‍ഹി- പ്രതിഷേധങ്ങള്‍ക്കിടെ അഗ്‌നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പോലീസ് സേനകളില്‍ പത്ത് ശതമാനം സംവരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ അസാം റൈഫിള്‍സിലും പത്ത് ശതമാനം സംവരണം നല്‍കും.
നിയമനങ്ങളില്‍ അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിയമനങ്ങളില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവാണ് നല്‍കുക. ആദ്യ ബാച്ചിന് പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് നല്‍കും.
അഗ്‌നിപഥിനെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധം തുടര്‍ച്ചയായ നാലാം ദിവസവും തുടരുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ട്രെയിനുകള്‍ കത്തിച്ചു. പൊതു, സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ പ്രതിഷേധക്കാര്‍ ബസുകള്‍ തകര്‍ത്തു. കര്‍ശന സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബിഹാറിലെ ജഹനാബാദില്‍ ബസിന് തീയിട്ടു.






