പോലീസ് ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തൃശൂര്‍- പോലീസ്   ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. മഫ്ടിയില്‍ ആണെന്നു പറഞ്ഞ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ചിലങ്ക സ്വദേശിയായ വാഴയ്ക്കാമഠത്തില്‍ ജാസി എന്നറിയപ്പെടുന്ന സുല്‍ത്താന്‍ കരീം (29) ആണ് അറസ്റ്റിലായത്. കുഴൂര്‍ സ്വദേശികളായ സഞ്ജയ് രവീന്ദ്രന്‍, അവിനാശ്, അര്‍ജുന്‍ എന്നിവര്‍ കഴിഞ്ഞദിവസം  വൈകുന്നേരം  നടക്കാന്‍ ഇറങ്ങിയതായിരുന്നു. ആ സമയം  കാറില്‍ ഇവരുടെ അടുത്ത് എത്തിയ പ്രതി ബൈക്കില്‍ ഇവര്‍ മൂന്നുപേരും യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടെന്നും  താന്‍ മാള പോലീസ് സ്‌റ്റേഷനില്‍ പുതുതായി വന്ന എ.എസ്.ഐ  ആണെന്നും വിദ്യാര്‍ഥികളോട് പറഞ്ഞു.

സംശയംതോന്നിയ വിദ്യാര്‍ഥികള്‍ ഐ.ഡി കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അവരെ ഭീഷണിപ്പെടുത്തുകയും ബലമായി കാറില്‍ കയറ്റി സ്‌റ്റേഷനിലേക്ക് എന്നുപറഞ്ഞ് കൊണ്ടുപോവുകയും ചെയ്തു. സ്‌റ്റേഷന്‍ എത്തുന്നതിനുമുമ്പ് വണ്ടി നിര്‍ത്തി അയാള്‍ 1000 രൂപ നല്‍കുകയാണെങ്കില്‍ വെറുതെ വിടാം എന്നും റസീറ്റ്  സ്‌റ്റേഷനില്‍ നിന്നും പിറ്റേദിവസം വന്ന് കൈപ്പറ്റിക്കൊള്ളാനും പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വിദ്യാര്‍ഥികള്‍ സ്‌റ്റേഷനില്‍ വന്ന് നേരിട്ട് ഫൈന്‍ അടച്ചു കൊള്ളാം എന്ന് പറഞ്ഞപ്പോള്‍  അയാള്‍ അപ്പോള്‍ തന്നെ അവരെ കാറില്‍നിന്ന് ഇറക്കിവിട്ട്  കടന്നു. ഇവര്‍ മാള പോലീസില്‍ പരാതി നല്‍കി. എസ് എച്ച് ഒ വി സജിന്‍ ശശി യുടെ നേതൃത്വത്തില്‍ എസ് ഐ രമ്യ കാര്‍ത്തികേയന്‍, എ എസ് ഐ സുമേഷ്, എ എസ് ഐ മുഹമ്മദ് ബാഷി, സീനിയര്‍ സിപിഒ ജിബിന്‍ കെ ജോസഫ്, സിപിഒ ഷഹീര്‍ അഹമ്മദ്, സിപിഒ മാര്‍ട്ടിന്‍  സിപിഒ ഭരതന്‍ എന്നിവര്‍ അടങ്ങുന്ന സംഘം മാളയില്‍ നിന്നും  പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മാള പോലീസ് സ്‌റ്റേഷനില്‍ വഞ്ചനാ കേസ് നിലവിലുണ്ട് .

 

Latest News