ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയില്ലെങ്കില്‍ ആശങ്ക സത്യമാകുമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂദല്‍ഹി- ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു ശേഷം രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടുത്ത ചീഫ് ജസ്റ്റിസ് ആയില്ലെങ്കില്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തിലൂടെ തങ്ങളുന്നയിച്ച ആശങ്കള്‍ സത്യമാകുമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. ജനുവരിയിലാണ് ജസ്്റ്റിസുമാരായ ചെലമേശ്വറും ഗൊഗോയിയും അടക്കം നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കകളുന്നയിച്ച് പത്ര സമ്മേളനം നടത്തിയത്. ഹാവാഡ് സര്‍വകലാശാല ഇന്ത്യന്‍ പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഘടനയായ ഹാവാഡ് ക്ലബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സംഭാഷണ പരിപാടിയിലാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഇങ്ങനെ പറഞ്ഞത്.

ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തു വന്ന ജഡ്ജിമാരില്‍ ഉള്‍പ്പെട്ടു എന്നതു കൊണ്ട് ജസ്റ്റിസ് ഗൊഗോയ്ക്ക്് അടുത്ത ചീഫ് ജസ്റ്റിസായുള്ള സ്ഥാനക്കയറ്റം നിഷേധിക്കപ്പെടുമോ എന്നായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ താപ്പറിന്റെ ചോദ്യം. അങ്ങനെ സംഭവിക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. ഇതു സംഭവിക്കുകയാണെങ്കില്‍, അത് നേരത്തെ ഞങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങളെ എല്ലാം ശരിവയ്ക്കുന്നതായിരിക്കും- ജസ്റ്റിസ് ചെലമേശ്വര്‍ മറുപടി പറഞ്ഞു. 

കോടതിയുടെ പ്രവര്‍ത്തനങ്ങളിലും പ്രത്യേകിച്ച് കേസുകള്‍ ജഡ്ജിമാര്‍ക്കു നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസിന്റെ ഇടപെടലുകളില്‍ സംശയമുണ്ടെന്നാരോപിച്ചായിരുന്നു ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, കൂര്യന്‍ ജോസഫ് എന്നിവരടക്കം നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തു വരികയും ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതുകയും ചെയ്തത്്.

ജുഡീഷ്യറിക്കു മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ജ. ചെലമേശ്വര്‍ പറഞ്ഞു. ഹൈക്കോടതികളിലെ മുതിര്‍ന്ന ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായ ഉയര്‍ത്താനുളള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തത് ഗൗരവമേറിയ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ചെലമേശ്വര്‍ ജൂണില്‍ വിരമിക്കും. സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ഗൊഗോയ് ആണ് ചീഫ് ജസ്റ്റിസ് പദവയിലേക്കുള്ള അടുത്തയാള്‍. ഒക്ടോബര്‍ രണ്ടിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കാലാവധി പൂര്‍ത്തിയാക്കി വിരമിക്കും.
 

Latest News