Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്വകാര്യ മേഖലയിൽ  ഒരു ലക്ഷത്തിലേറെ തൊഴിൽ അവസരം

റിയാദ് - സൗദിയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ 1,16,068 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഒടുവിലത്തെ കണക്കാണിത്. ഇതിൽ 40 ശതമാനം മാത്രമാണ് സ്വദേശികൾക്ക് സംവരണം ചെയ്തത് എന്ന വസ്തുത വിദേശികൾക്ക് സന്തോഷം പകരുന്നതാണ്. സൗദിയിലെ പ്രമുഖ പ്രാദേശിക പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്.
ഏകദേശം 45,919 തസ്തികകൾ സ്വദേശികൾക്ക് സംവരണം ചെയ്ത മേഖലയിൽ ഒഴിഞ്ഞുകിടക്കുമ്പോൾ വിദേശികൾക്ക് ലഭിക്കാനിടയുള്ളത് 70,149 തൊഴിൽ അവസരങ്ങളാണ്. 
വാണിജ്യ, ഹോട്ടൽ, താമസ സൗകര്യ മേഖലകളിലാണ് കൂടുതൽ തൊഴിൽ അവസരങ്ങളുള്ളത്. 35,194 എന്ന നിലയിൽ 30 ശതമാനം തസ്തികകൾ ഈ മേഖലയിൽ നികത്താതെ കിടക്കുകയാണ്. ഇതിൽ 12,835 എണ്ണമാണ് സ്വദേശികൾക്ക് സംവരണം ചെയ്തിരിക്കുന്നത്. നിർമാണ മേഖലയിൽ 21,657 തൊഴിൽ അവസരങ്ങളുള്ളപ്പോൾ സ്വദേശികൾക്ക് ഇവിടെ 3190 തസ്തിക മാത്രമാണ് സംവരണം ചെയ്തിരിക്കുന്നത്. 
വ്യവസായ മേഖലയിൽ ഒഴിഞ്ഞുകിടക്കുന്ന 18,641 തസ്തികകളിൽ 7835 എണ്ണ ത്തിലാണ് സ്വദേശികളെ നിയമിക്കേണ്ടത്. 
കഴിഞ്ഞ വർഷമാദ്യം മുതൽ ഈ വർഷം മാർച്ച് വരെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം 8,19,881 തൊഴിൽ വിസകൾ ഇഷ്യൂ ചെയ്തിട്ടും നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നതാണ് ആശ്ചര്യകരം. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം സ്വകാര്യ മേഖലയിൽ നിന്നുള്ള തൊഴിലുടമകളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണ് വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർക്ക് വിസ മന്ത്രാലയം വിസ അനുവദിച്ചത്.
വിഷൻ 2030 ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തി പ്രാപിക്കാനും സ്വദേശികൾക്ക് എന്ന പോലെ വിദേശികൾക്കും അവസരമുണ്ടാകുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെ ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 

 

Latest News