പത്തനംതിട്ട- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സഹോദരനും അമ്മാവനും ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട കോയിപ്പുറത്താണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പതിനാറുകാരി ഒരുവര്‍ഷത്തിലധികം പീഡനത്തിന് ഇരയായത്. കേസിൽ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പതിനേഴുകാരനായ സഹോദരനെയും അമ്മാവനെയും കുടാതെ പ്രതികളില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്.
ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പോലീസിന് പരാതി ലഭിച്ചത്. രണ്ട് സുഹൃത്തുക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് അമ്മയുടെ സഹോദരനും സ്വന്തം സഹോദരനുമടക്കം പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്താണ് നാലുപേരെ അറസ്റ്റ് ചെയ്തത്.
സ്വന്തം വീട്ടില്‍ സഹോദരന്റെ ലൈംഗികപീഡനത്തിന് വിധേയമാകേണ്ടി വന്നപ്പോഴാണ് അമ്മയുടെ സഹോദരന്റെ വീട്ടിലെത്തിയത്. അവിടെ താമസിച്ച വേളയിലാണ് അമ്മയുടെ സഹോദരന്‍ ലൈംഗികമായി ചൂഷണം ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടിലെ മോശം സാഹചര്യം ഉപയോഗപ്പെടുത്തിയാണ് രണ്ട് സുഹൃത്തുക്കള്‍ പീഡിപ്പിച്ചത്. ഒളിവിൽ പോയ പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.






