ഭക്ഷ്യോൽപന്നങ്ങൾ പാഴാക്കാതെ 'നിഅ്മ' യുമായി യു.എ.ഇ

ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ഇവിടെ പ്രതിവർഷം ഉൽപാദിപ്പിക്കുന്ന ഭക്ഷ്യോൽപന്നങ്ങളിൽ 13 ടൺ ഉൽപന്നങ്ങൾ പാഴാക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതായത് മൊത്തം ഉൽപാദനത്തിന്റെ 30 ശതമാനം. 600 കോടി ദിർഹം വിലവരുന്ന ഭക്ഷ്യോൽപന്നങ്ങളാണ് പാഴാക്കുന്നത്. സാമ്പത്തിക നഷ്ടം മാത്രമല്ല, ഇതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതവും വളരെ വലുതാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഭക്ഷണം പാഴാക്കുന്നത് തടയാനും മാലിന്യം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള നിഅ്മ പദ്ധതി.

യു.എ.ഇ പല കാര്യങ്ങളിലും മാതൃകയാണ്. ജനക്ഷേമത്തിലായാലും പ്രകൃതി സംരക്ഷണത്തിലായാലും വികസനത്തിലായാലും വ്യതിരിക്തമായ ചാലു കീറിയാണ് യു.എ.ഇയുടെ പ്രയാണം. ഇപ്പോഴിതാ ഭക്ഷണം പാഴാക്കുന്നതു തടയുന്നതും അതു വഴി പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം കുറക്കുന്നതിനുമുള്ള നടപടികളുമായാണ് രംഗത്തു വന്നിട്ടുള്ളത്. അനുഗ്രഹം എന്ന് അർഥം വരുന്ന 'നിഅ്മ'' പദ്ധതിയാണ് ഇതിനായി ആവിഷ്‌കരിച്ചിട്ടുള്ളത്. ഭക്ഷണം പാഴാക്കുന്നത് തടയാനും മാലിന്യം കുറക്കാനുമുള്ള പദ്ധതിയാണിത്.  ലോക സമൂഹം പാഴാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഞെട്ടിക്കുന്ന കണക്ക് ഐക്യരാഷ്ട്ര സഭ അടുത്തിടെ പുറത്തു വിട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പല രാജ്യങ്ങളെയും ഭക്ഷണം പാഴാക്കുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കാൻ പ്രേരിപ്പിച്ചിട്ടുള്ളത്. സൗദി അറേബ്യ അടക്കമുള്ള ചില രാജ്യങ്ങൾ നേരത്തെ തന്നെ ഇക്കാര്യത്തിൽ പുതിയ പദ്ധതികളും ശ്രദ്ധേയമായ നടപടികളുമായി മുന്നോട്ടു വന്നിരുന്നു.
ഉപയുക്തമായ ഭക്ഷ്യവസ്തുക്കളുടെ 17 ശതമാനവും ലോകജനത പാഴാക്കുന്നുവെന്നാണ് കണക്ക്. 93.1 കോടി ടൺ ഭക്ഷ്യോൽപന്നം വരുമിത്. യു.എന്നിന്റെ ഇക്കഴിഞ്ഞ വർഷത്തെ ഭക്ഷ്യ മാലിന്യ സൂചികാ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ലോക ജനതയുടെ 80 കോടിയോളം പേർ ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുമ്പോഴാണിത്. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ഇവിടെ പ്രതിവർഷം ഉൽപാദിപ്പിക്കുന്ന ഭക്ഷ്യോൽപന്നങ്ങളിൽ 13 ടൺ ഉൽപന്നങ്ങൾ പാഴാക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതായത് മൊത്തം ഉൽപാദനത്തിന്റെ 30 ശതമാനം. 600 കോടി ദിർഹം വിലവരുന്ന ഭക്ഷ്യോൽപന്നങ്ങളാണ് പാഴാക്കുന്നത്. സാമ്പത്തിക നഷ്ടം മാത്രമല്ല, ഇതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതവും വളരെ വലുതാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഭക്ഷണം പാഴാക്കുന്നത് തടയാനും മാലിന്യം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള നിഅ്മ പദ്ധതി യു.എ.ഇ ആവിഷ്‌കരിച്ചിട്ടുള്ളത്. സർക്കാർ മാത്രമല്ല, പൊതുജനങ്ങളുടെയും സ്വകാര്യ മേഖലയുടെയും എൻ.ജി.ഒകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എമിറേറ്റ്‌സ് ഫൗണ്ടേഷൻ അബുദാബിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭക്ഷ്യ, ജല സുരക്ഷ മന്ത്രി മർയം അൽ മെഹൈരി വെളിപ്പെടുത്തിയിരുന്നു. കൂടുതൽ ഭക്ഷണം പാഴാക്കുന്നത് വീടുകളിലാണ്. പാഴാക്കുന്ന ഭക്ഷണങ്ങളിൽ 60 ശതമാനം വരുമിത്. ഹോട്ടൽ വ്യവസായ മേഖലകളും മറ്റു ചില്ലറ ഭക്ഷ്യവിതരണ കേന്ദ്രങ്ങളും വഴി 40 ശതമാനവും പാഴായിപ്പോകുന്നുണ്ട്. ഇതിന് കണിഞ്ഞാണിട്ട് അതു ജനങ്ങൾക്ക് ഉപകാരപ്പെടും വിധം പ്രയോജനപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് നിഅ്മ പദ്ധിയുമായി യു.എ.ഇ രംഗത്തു വന്നിട്ടുള്ളത്. മിച്ചമുള്ള ഭക്ഷണം വൃത്തിയായി പായ്ക്ക് ചെയ്ത് സന്നദ്ധ പ്രവർത്തകർ വഴി ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്ത് ഭക്ഷണം പാഴാക്കുന്നതിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും അഭിനന്ദനാർഹമായ നടപടിയായി വേണം ഇതിനെ വിലയിരുത്താൻ. മറ്റു രാജ്യങ്ങളും ഇത്തരം നടപടികളുമായി മുന്നോട്ടു വന്നാൽ ലോകജനത അനുഭവിക്കുന്ന ദാരിദ്ര്യത്തിന് അയവു വരുത്താമെന്നു മാത്രമല്ല, ഭക്ഷണം പാഴാക്കുന്നത് തടയാനും അതുണ്ടാക്കുന്ന പരിസ്ഥിതി ആഘാതം കുറക്കാനും കഴിയും. 
ഇക്കാര്യത്തിൽ സൗദി അറേബ്യയും ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ പ്രതിവർഷം 40 ബില്യൺ റിയാലിന്റെ ഭക്ഷ്യോൽപന്നങ്ങൾ പാഴാക്കുന്നുണ്ടെന്നാണ് കൃഷി മന്ത്രിയും സൗദി ഗ്രെയിൻ ഓർഗനൈസേഷൻ ചെയർമാനുമായ അബ്ദുൽ റഹ്മാൻ അൽ ഫദ്‌ലി വെളിപ്പെടുത്തിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭക്ഷ്യോൽപന്നം പാഴാക്കുന്നതിൽ സൗദി ഒരു പടി മുന്നിലാണെന്നു വേണം പറയാൻ. ഭക്ഷണം പാഴാക്കുന്നത് തടയുന്നതിന് രാജ്യത്ത് കർശന നടപടികൾ സ്വീകരിച്ചു വരുന്നതിനൊപ്പം ഫുഡ് ബാങ്ക് ഉണ്ടാക്കി പാഴായിപ്പോകുന്ന ഭക്ഷണം ഉപയുക്തമാക്കുന്നതിനും ആവശ്യക്കാർക്ക് കേടുകൂടാതെ എത്തിച്ചു നൽകുന്നതിനുമുള്ള പദ്ധിതകളും നടപ്പാക്കിവരുന്നുണ്ട്. 
ഭക്ഷണം പാഴാക്കുന്നതിൽ സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസമില്ലെന്നാണ് യു.എൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഭക്ഷ്യ നിർമാണ ശാലകളിലേക്കാളും കൂടുതൽ ഭക്ഷണം പാഴാക്കുന്നത് വീടുകളിലാണ്. ഇന്ത്യയുടെ സ്ഥിതിയും ഇതിൽനിന്നു വിഭിന്നമല്ല. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉൽപാദക രാജ്യമാണ് ഇന്ത്യയെങ്കിലും പട്ടിണിപ്പാവങ്ങൾ കൂടുതലുള്ളതും ഇന്ത്യയിലാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവിലും ഇന്ത്യ മുന്നിലാണ്. 2020 ലെ ആഗോള പട്ടിണി സൂചിക പ്രകാരം 107 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 94 ആണ്. കോവിഡ് മഹാമാരി കൂടിയായതോടെ ഈ സ്ഥിതി കൂടുതൽ വഷളായി. അതേ സമയം തന്നെ ഭക്ഷ്യോൽപന്നങ്ങൾ പാഴാക്കുന്നതിൽ ഇന്ത്യയും ഒട്ടും പിന്നിലല്ലെന്ന് കാണാം. യു.എന്നിന്റെ  റിപ്പോർട്ട് പ്രകാരം ഒരു ഇന്ത്യക്കാരൻ പ്രതിവർഷം 50 കിലോ ഭക്ഷണം പാഴാക്കുന്നുണ്ടെന്നാണ്. 2019 ൽ പാഴാക്കിയത് 6.8 ടൺ കോടി ഭക്ഷ്യവസ്തുക്കളാണ്. ഇന്ത്യയിൽ ഭക്ഷണം പാഴാക്കുന്നവരിൽ കേരളീയരാണ് മുൻപന്തിയിലെന്നതും ശ്രദ്ധേയമാണ്. ആവശ്യത്തിലുമേറെ ഭക്ഷണം ഉണ്ടാക്കി പാഴാക്കിക്കളയുന്ന ഒരു സംസ്‌കാരം കേരളത്തിൽ വളർന്നു വരുന്നുണ്ട്. വിവാഹം പോലുള്ള സൽക്കാരങ്ങളിൽ ഭക്ഷണം പാഴാക്കുന്ന പ്രവണത കൂടുതലാണ്. പാചകം ചെയ്ത ഭക്ഷണം മാത്രമല്ല പാഴാകുന്നത്, മതിയായ സംഭരണ ശേഷിയില്ലാത്തതിനാലും ഭക്ഷ്യോൽപന്നങ്ങൾ പാഴാകുന്നുണ്ട്. ഈയിനത്തിൽ കൂടുതലും പാഴാകുന്നത് പഴങ്ങളും പച്ചക്കറികളുമാണ്. വിളവെടുപ്പുവേളയിൽ ആവശ്യത്തിലുമേറെ വരുന്ന സാധനങ്ങൾ സംസ്‌കരിച്ച് സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തതയും ഭക്ഷണം പാഴാകുന്നതിനു കാരണമാണ്. 
ആവശ്യത്തിലുമേറെ ഭക്ഷ്യോൽപന്നങ്ങൾ ഉണ്ടാക്കുകയും അതു പാഴായിപ്പോവുകയും വഴി സാമ്പത്തിക, പ്രകൃതി വിഭവങ്ങളുടെ നഷ്ടം മാത്രമല്ല, പിരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുന്നു. ഇത് ആരോഗ്യ പ്രശ്‌നങ്ങൾക്കും  ഇടയാക്കുന്നു. ഭക്ഷണം പാഴാക്കുന്ന പ്രവണത അവസാനിപ്പിച്ചാൽ 14 ശതമാനം  വരെ കാർബൺ ബഹിർഗമനം ഒഴിവാക്കാമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. കാർബണിനേക്കാൾ 23 മടങ്ങ് താപമാണ് ഭക്ഷ്യവസ്തുക്കൾ അഴുകുമ്പോഴുണ്ടാകുന്ന മീഥൈൽ അന്തരീക്ഷത്തിലേക്കു തള്ളുന്നതെന്നാണ് ശാസ്ത്ര ലോകത്തിന്റെ നിരീക്ഷണം. ഓരോ ഭക്ഷ്യോൽപന്നങ്ങളും പാഴാകുമ്പോഴും ശുദ്ധജലം ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങൾ കൂടിയാണ് നഷ്ടമാകുന്നത്. 
2000 ൽ സ്ഥാപിതമായ വേസ്റ്റ് ആന്റ് റിസോഴ്‌സസ് ആക്ഷൻ പ്രോഗ്രാം ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നതിനെക്കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും നിർദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ച് പല രാജ്യങ്ങളും ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള മാർഗങ്ങൾ സ്വീകരിച്ചുവരികയാണ്. ഇത് ഭക്ഷ്യവിഭവങ്ങൾ പാഴാക്കുന്നത് ഒഴിവാക്കാനുള്ള കാതലായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രത്യാശിക്കാം. 

Latest News