അഞ്ചാം വാര്‍ഷിക ഉപഹാരം, കൊച്ചി മെട്രോയില്‍  അഞ്ച് രൂപ ടിക്കറ്റില്‍ എവിടേക്കും യാത്ര ചെയ്യാം 

കൊച്ചി -മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു. അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് അഞ്ച് രൂപ നിരക്കില്‍ ഇന്ന് മെട്രോയില്‍ യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ ഏതു സ്‌റ്റേഷനില്‍ നിന്ന് എവിടേക്ക് യാത്ര ചെയ്താലും ഇന്ന് അഞ്ചുരൂപയേ ഈടാക്കൂ. കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവര്‍ക്ക് മെട്രോ പരിചയപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആലുവയില്‍ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്താലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാവും ടിക്കറ്റ് നിരക്ക്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് 2017 ജൂണ്‍ 17ന് കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. ജൂണ്‍ 19 ന് പൊതുജനങ്ങള്‍ക്കായി കൊച്ചി മെട്രോ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് ഉള്‍പ്പടെയുള്ള അഞ്ച് പാതകള്‍ യാഥാര്‍ത്ഥ്യമാക്കി കൊച്ചിയെ രാജ്യത്തെ മികച്ച ട്രാവല്‍ ഹബ്ബാക്കാനുള്ള ശ്രമത്തിലാണ് കെഎംആര്‍എല്‍.
പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിക്കുകയാണ് മെട്രോയുടെ ലക്ഷ്യം. കൂടുതല്‍ പാത വരുന്നതോടെ അത് 2.5 ലക്ഷമാക്കി ഉയര്‍ത്താനാകണം. ഇന്‍ഫോപാര്‍ക്ക് പാതയ്ക്ക് വേണ്ട അന്തിമ അനുമതി ഉടന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷ.
തൃപ്പൂണിത്തുറയില്‍ നിന്ന് കാക്കനാട്ടേക്ക് മറ്റൊരു പാതയും പരിഗണനയിലുണ്ട്. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പുതിയ മെട്രോ പാതകളുടെ നിര്‍മ്മാണചുമതലയും കെഎംആര്‍എല്ലിനാണ്. ഇതിനുള്ള സാധ്യതാ പഠനം നടക്കുകയാണ്.
 

Latest News