റിയാദ് - ഇരുപത്തിനാല് സുഹൃദ് രാജ്യങ്ങളുടെ സൈനിക ശക്തിപ്രകടനമായ ജോയന്റ് ഗൾഫ് ഷീൽഡിന്റെ രണ്ടാം ഘട്ടത്തിന് കിഴക്കൻ പ്രവിശ്യയിൽ സമാപനം. അഞ്ച് ദിവസം മുമ്പ് ആരംഭിച്ച ഈ സൈനിക പ്രകടനത്തിൽ കര, നാവിക, വ്യോമസേനകളും സൗദി അറേബ്യൻ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളിലെ പ്രത്യേക സേനകളും നാഷണൽ ഗാർഡും പങ്കെടുത്തു.
ഗൾഫ് മേഖലയുടെ സുസ്ഥിരതയും സുരക്ഷിതത്വവും സഹകരണവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനികാഭ്യാസം സൗദി പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ചത്.
അമേരിക്ക, പാക്കിസ്ഥാൻ, ബഹ്‌റൈൻ, ഈജിപ്ത്, കുവൈത്ത്, ജോർദാൻ, സുഡാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധക്കപ്പലുകളും വിമാനങ്ങളും വിവിധ തരം ആയുധങ്ങളും പ്രകടനത്തിൽ അണിനിരന്നിരുന്നു. രാസായുധങ്ങളെ പ്രതിരോധിക്കൽ, ആകാശത്ത് വെച്ച് മിസൈലുകളെ തകർക്കലും യുദ്ധ വിമാനങ്ങളെ നേരിടലും, യുദ്ധക്കപ്പലുകളുടെ പടയോട്ടം, കരയുദ്ധത്തിലെ പ്രത്യേക തന്ത്രങ്ങൾ എന്നിവയെല്ലാം അഭ്യാസ പ്രകടനത്തിന്റെ ഭാഗമായി രംഗത്തെത്തി.
ഭീകര വിധ്വംസക പ്രവർത്തകരിൽനിന്ന് ലോകം നേരിടുന്ന വെല്ലുവിളികളെ അതിജയിക്കുന്നതിൽ ഇത്തരം സൈനികാഭ്യാസ പ്രകടനങ്ങൾ വലിയ ഒരളവോളം സഹായകമാകുമെന്നാണ് സൗദി സൈനിക നേതൃത്വത്തിന്റെ വിലയിരുത്തൽ. പങ്കെടുക്കുന്ന സൈനികരുടെയും യുദ്ധോപകരണങ്ങളുടെയും എണ്ണം പരിഗണിക്കുമ്പോൾ മേഖലയിലെ ഏറ്റവും വലിയ സൈനിക അഭ്യാസ പ്രകടനത്തിനാണ് സൗദി അറേബ്യ സാക്ഷ്യം വഹിച്ചത്.






