Sorry, you need to enable JavaScript to visit this website.

ഹജിന് അവസരം ലഭിക്കാത്തവർക്ക് അടുത്ത നറുക്കെടുപ്പുകളിൽ അവസരം

മക്ക - ബുധനാഴ്ച നടത്തിയ ഇലക്‌ട്രോണിക് നറുക്കെടുപ്പിൽ ഹജിന് അവസരം ലഭിക്കാത്തവർക്ക് അടുത്ത നറുക്കെടുപ്പുകളിൽ ഹജ് അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യ നറുക്കെടുപ്പിൽ അവസരം ലഭിച്ചവർ നിശ്ചിത സമയത്തിനകം പണമടച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാതിരിക്കുകയോ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം അപ്രതീക്ഷിതമായ കാരണങ്ങളാൽ രജിസ്‌ട്രേഷൻ റദ്ദാക്കുകയോ അധിക സീറ്റുകൾ ലഭ്യമാവുകയോ ചെയ്യുന്നപക്ഷം വീണ്ടും നറുക്കെടുപ്പുകൾ നടത്തും. 
ഹജിന് രജിസ്റ്റർ ചെയ്തപ്പോൾ തെരഞ്ഞെടുത്ത പാക്കേജുകൾക്ക് വ്യത്യസ്തമായ പാക്കേജുകളാണ് ഇ-നറുക്കെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ചില തീർഥാടകർക്ക് ലഭിച്ചത്. ഹാജിമാർ മുൻകൂട്ടി നിർണയിച്ച, തങ്ങൾക്ക് ഇഷ്ടപ്പെട്ട പാക്കേജുകൾ ഇ-നറുക്കെടുപ്പ് സംവിധാനത്തിന് തിരിച്ചറിയാൻ സാധിക്കാത്തതിനാലാണ് ചിലരുടെ പാക്കേജുകളിൽ മാറ്റംവന്നതെന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർക്ക് വീണ്ടും അവസരം നൽകാൻ ആഗ്രഹിച്ചാണ് ഇ-നറുക്കെടുപ്പിൽ ലഭ്യമായ മറ്റൊരു പാക്കേജ് അനുവദിച്ചത്. അപേക്ഷകർക്ക് ഈ പാക്കേജ് സ്വീകരിക്കുകയോ അവസരം ലഭ്യമാകുന്നപക്ഷം അടുത്ത നറുക്കെടുപ്പ് കാത്തിരിക്കുകയോ ചെയ്യാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു. 
നറുക്കെടുപ്പിലൂടെ ഹജിന് തെരഞ്ഞെടുക്കപ്പെട്ട ശേഷം പാക്കേജിൽ മാറ്റം വരുത്താനോ ആശ്രിതരെയും മറ്റും പുതുതായി ഉൾപ്പെടുത്താനോ സാധിക്കില്ല. ഇപ്പോൾ അനുവദിക്കപ്പെട്ട പാക്കേജുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മനസ്സിലാക്കിയ ശേഷം ബുക്കിംഗ് കൺഫേം ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതാണ്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തവരെ എസ്.എം.എസ് വഴി വിവരമറിയിച്ചിട്ടുണ്ട്. ഹജ് നിർവഹിക്കാൻ വാക്‌സിനേഷൻ പൂർത്തിയാക്കൽ നിർബന്ധമാണെന്നും മന്ത്രാലയം പറഞ്ഞു. 
സ്വദേശികളും നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന വിദേശികളും അടക്കം ആകെ 2,97,444 പേരാണ് ഹജിന് രജിസ്റ്റർ ചെയ്തത്. ഇക്കൂട്ടത്തിൽ 62 ശതമാനം പേർ പുരുഷന്മാരും 38 ശതമാനം പേർ വനിതകളുമായിരുന്നു. വ്യവസ്ഥകൾ പൂർണമായ അപേക്ഷകൾ 2,17,000 ലേറെയായിരുന്നു. ഇക്കൂട്ടത്തിൽ നിന്നാണ് ഒന്നര ലക്ഷം പേരെ ഇ-നറുക്കെടുപ്പിലൂടെ ഹജിന് തെരഞ്ഞെടുത്തത്. 
ഹജ് അപേക്ഷകരിൽ 38 ശതമാനം പേർ 31 മുതൽ 40 വരെ പ്രായവിഭാഗത്തിൽ പെട്ടവരും 23 ശതമാനം പേർ 21 മുതൽ 30 വരെ പ്രായവിഭാഗത്തിൽ പെട്ടവരും 21 ശതമാനം പേർ 41 മുതൽ 50 വരെ പ്രായവിഭാഗത്തിൽ പെട്ടവരും 12 ശതമാനം പേർ 51 മുതൽ 65 ൽ കുറവ് വരെ പ്രായവിഭാഗത്തിൽ പെട്ടവരുമാണ്. ആറു ശതമാനം പേർ ഇരുപതിൽ കുറവ് പ്രായമുള്ളവരാണെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. 

Latest News