Sorry, you need to enable JavaScript to visit this website.

വ്യാജ ഹജ് സ്ഥാപനങ്ങൾ നടത്തിയ പാക്കിസ്ഥാനികൾ അറസ്റ്റിൽ

റിയാദ് - തലസ്ഥാന നഗരിയിൽ വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങൾ നടത്തിയ രണ്ടു പാക്കിസ്ഥാനികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇഖാമ നിയമ ലംഘകരാണ്. റിയാദിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ് പാക്കിസ്ഥാനികൾ രഹസ്യമായി വ്യാജ ഹജ് സ്ഥാപനങ്ങൾ നടത്തിയത്. രശീതി ബുക്കുകളും പണവും ഇവരുടെ പക്കൽ കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പാക്കിസ്ഥാനികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു. വ്യാജ ഹജ് പെർമിറ്റുകളുമായി മറ്റൊരു യെമനിയെ കഴിഞ്ഞ ദിവസം റിയാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 
അതിനിടെ, വ്യാജ ഹജ് സ്ഥാപനങ്ങൾക്കെതിരെ പൊതുസുരക്ഷാ വകുപ്പ് സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകി. ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കാൻ ശ്രമിച്ചുള്ള പരസ്യങ്ങൾ സുരക്ഷാ വകുപ്പുകൾ ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്ന് പൊതുസുരക്ഷാ വകുപ്പ് വക്താവ് ബ്രിഗേഡിയർ സാമി അൽശുവൈരിഖ് പറഞ്ഞു. വ്യാജ ഹജ് സ്ഥാപനങ്ങൾ നടത്തുന്നവർക്കും തീർഥാടകരെ കബളിപ്പിക്കാൻ ശ്രമിക്കുന്നവർക്കുമെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കും. ഹജ്, ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ ഇ-ട്രാക്കും ഇഅ്തമർനാ ആപ്പും മാത്രമാണ് ഹജ് രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമെന്നും ഇതിന് പുറത്ത് ഹജ് സേവനം വാഗ്ദാനം ചെയ്ത് രംഗപ്രവേശനം ചെയ്യുന്നവർ നിയമ ലംഘകരാണെന്നും ബ്രിഗേഡിയർ സാമി അൽശുവൈരിഖ് പറഞ്ഞു. 
 

Latest News