- ലോക കേരള സഭയുടെ മൂന്നാം സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്
കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ പല പദ്ധതികളും നോർക്ക ആവിഷ്കരിച്ചു വരുന്നുണ്ട്. വ്യത്യസ്തമായ വിതാനങ്ങളിലേക്ക് ഇന്ന് പ്രവാസം വിപുമായിക്കൊണ്ടിരിക്കുകയാണ്. പുതിയ കുടിയേറ്റ സംസ്കാരം ആഗോള തലത്തിൽ തന്നെ രൂപപ്പെട്ടിരിക്കുന്നു. സവിശേഷമായ രീതികൾ മനസ്സിലാക്കാതെ ഇനി മുന്നോട്ടു പോകാൻ സാധിക്കില്ല. നോർക്കയുടെയെും അതിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ലോക കേരള സഭാംഗങ്ങളുടെ അഭിപ്രായങ്ങൾ പ്രയോജനപ്പെടുത്തുമെന്നു കൂടി ഈ അവസരത്തിൽ ഉറപ്പു നൽകുന്നു.
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് (ജൂൺ 16) തിരിതെളിയുകയാണ്. ലോകമെമ്പാടുമുള്ള മലയാളികളെ ഏഴ് ഭൂമിശാസ്ത്ര മേഖലകളായി തിരിച്ച് അവരുടെ പ്രതിനിധികൾ, ജനപ്രതിനിധികൾക്കൊപ്പം കേരളത്തിന്റെയും പ്രവാസികളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരുമിച്ചു ചേരുന്നുവെന്നതാണ് ഈ കൂട്ടായ്മയുടെ സവിശേഷത. പ്രവാസി മലയാളികളുടെ ആഗോള സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുകയും കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി ആ കൂട്ടായ്മയെ സമന്വയിപ്പിക്കുകയുമാണ് ലക്ഷ്യം. കേരള വികസനത്തിന് ക്രിയാത്മക നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും പ്രവാസികളുടെ വിഷയങ്ങൾ മുഖ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ ഒരു വികസിത ബൗദ്ധികതലം എന്ന നിലയിൽ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലൂടെ ലോക കേരള സഭ അതിന്റെ പ്രസക്തി തെളിയിച്ചു കഴിഞ്ഞു. ലോക മലയാളികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതിന്റെ നേട്ടങ്ങൾ പ്രളയം, കോവിഡ്, ഉക്രൈൻ യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിൽ കേരളത്തിന് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്.
ലോക കേരള സഭയിൽ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് ഈ സഭ. പ്രവാസികളിൽ ഇന്ത്യക്ക് പറത്തുള്ളവർ 104 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 36 പേരും തിരിച്ചെത്തിയവർ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസ മേഖലയിലെ പ്രമുഖർ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും.
ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിലെ നിശാഗന്ധിയിൽ നടക്കുന്ന പൊതുസമ്മേളനം അകംകേരളത്തിന്റെയും അതിന്റെ നട്ടെല്ലായി നിലകൊള്ളുന്ന പുറംകേരളത്തിന്റെയും ഒരു സംഗമമായിരിക്കും. കേരളത്തിന്റെ വൈജ്ഞാനിക-സാംസ്കാരിക പ്രൗഢിയും തനിമയും വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടിയും അരങ്ങേറും. തുടർന്ന് രണ്ട് ദിവസങ്ങളിലായി നിയമസഭാ മന്ദിരത്തിൽ എട്ട് വിഷയാധിഷ്ഠിത ചർച്ചകളാണ് നടക്കുന്നത്.
പ്രവാസികളോടുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെയും കടപ്പാടിന്റെയും ഏറ്റവും മികച്ച ഉദാഹരണമാണ് ലോക കേരള സഭ എന്ന ആശയം. രണ്ടു വർഷം കൂടുമ്പോൾ നാമനിർദേശം ചെയ്യപ്പെട്ട മൂന്നിലൊന്ന് പേർ വിരമിക്കുകയും പുതിയ അംഗങ്ങൾക്ക് കടന്നു വരാൻ അവസരം ഒരുങ്ങുകയും ചെയ്യും. ഇന്ത്യൻ പൗരൻമാരല്ലാത്ത കേരളീയരുടെ അഭിപ്രായങ്ങളും ആശയങ്ങളും പോലും നാം പ്രയോജനപ്പെടുത്തുന്നുണ്ട്. പൗരത്വമുള്ളവർക്ക് മാത്രമായി ലോക കേരള സഭ അംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗരൻമാരല്ലാത്ത കേരളീയരെയും മറ്റു നിലകളിൽ സഭയുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവാൻ സ്വാഗതം ചെയ്യുന്നുണ്ട്.
കേരള സഭ നേതാവ് മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവുമെന്ന നിലയിൽ ജനാധിപത്യത്തിന് കൂടുതൽ തുറസ്സുകൾ സൃഷ്ടിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയെ ലോക കേരള സഭ കൂടുതൽ സമ്പന്നമാക്കുന്നു. ഒരുപക്ഷേ ലോകത്തിൽ തന്നെ ഇത്തരമൊരു മാതൃക അപൂർവമായിരിക്കും.
അകംകേരളവും പുറംകേരളവും കൈകോർത്തുകൊണ്ട് കൂടുതൽ ശോഭനമായ ഭാവിയിലേക്ക് ചുവടുവെയ്ക്കാനുള്ള മാർഗങ്ങളാണ് മൂന്നാം ലോക കേരള സഭ ചർച്ച ചെയ്യുന്നത്. എട്ട് വിഷയ മേഖലകളെ വിലയിരുത്തുന്നവർക്ക് ഇത് വേഗത്തിൽ ബോധ്യപ്പെടും. വൈജ്ഞാനിക സമ്പദ്വ്യവസ്ഥയുടെ രൂപീകരണത്തിൽ പ്രവാസി ഇടപെടലിന്റെ സാധ്യതകൾ, നവകേരള നിർമാണത്തിന് സഹായകമാവുന്ന പ്രവാസി നിക്ഷേപ സാധ്യതകൾ എന്നിവയാണ് ആദ്യ രണ്ട് വിഷയ മേഖലകൾ. പ്രവാസികളുടെ വൈദഗ്ധ്യത്തെയും സാധ്യതകളെയും കേരളത്തിന് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കുമെന്നതിനൊപ്പം പ്രവാസി നിക്ഷേപങ്ങൾ വിജയകരമാക്കാനുള്ള ആശയങ്ങളും ഈ ചർച്ചയിൽ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവി പ്രവാസം-നൈപുണ്യ വികനസവും പുതിയ തൊഴിലിടങ്ങളും എന്നതാണ് മൂന്നാമത്തെ വിഷയം. പ്രവാസവും സാംസ്കാരിക വിനിമയ സാധ്യതകളും, ഇതര സംസ്ഥാന മലയാളികളുടെ പ്രശ്നങ്ങൾ എന്നിവയും വിഷയ മേഖലകളിൽ ഉൾപ്പെടുന്നു.
* ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിംഗ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു.
* കേരള സംസ്ഥാന പ്രവാസിക്ഷേമ വികസന സഹകരണ സംഘം ക്ലിപ്തം പ്രവർത്തനം ആരംഭിച്ചു.
* വനിതകളുടെ സുരക്ഷിത കുടിയേറ്റത്തിനായി നോർക്ക റൂട്ട്സിൽ എൻ.ആർ.കെ വനിത സെൽ രൂപീകരിച്ചു.
* മനുഷ്യക്കടത്തും തൊഴിൽ ചൂഷണവും തടയുന്നതിന് എയർപോർട്ടുകളിൽ മൈഗ്രേഷൻ ഫെസിലിറ്റേഷൻ കേന്ദ്രം, പാസ്പോർട്ട് ഓഫീസുകളിൽ പ്രി എംബാർക്കേഷൻ ഓറിയന്റേഷൻ സെന്ററുകൾ നിലവിൽവന്നു.
* കുടിയേറ്റവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സി.ഡി.എസിൽ അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രം സ്ഥാപിച്ചു.
* പ്രവാസി ആനുകാലിക പ്രസിദ്ധീകരണം 'ലോക മലയാളം' ആരംഭിച്ചു.
നോർക്ക പ്രവർത്തനഃ 25 വർഷം പിന്നിടുന്ന വേളയിലാണ് മൂന്നാം ലോക കേരള സഭ സമ്മേളിക്കുന്നത്. നിലവിലുള്ള പദ്ധതികൾ സജീവായി മുന്നോട്ടു കൊണ്ടുപോകന്നതിനൊപ്പം കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ പല പദ്ധതികളും നോർക്ക ആവിഷ്കരിച്ചു വരുന്നുണ്ട്. വ്യത്യസ്തമായ വിതാനങ്ങളിലേക്ക് ഇന്ന് പ്രവാസം വിപുമായിക്കൊണ്ടിരിക്കുകയാണ്. പുതിയ കുടിയേറ്റ സംസ്കാരം ആഗോള തലത്തിൽ തന്നെ രൂപപ്പെട്ടിരിക്കുന്നു. സവിശേഷമായ രീതികൾ മനസ്സിലാക്കാതെ ഇനി മുന്നോട്ടു പോകാൻ സാധിക്കില്ല. നോർക്കയുടെയെും അതിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ലോക കേരളസഭാംഗങ്ങളുടെ അഭിപ്രായങ്ങൾ പ്രയോജനപ്പെടുത്തുമെന്നു കൂടി ഈ അവസരത്തിൽ ഉറപ്പു നൽകുന്നു.
(നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാനാണ് ലേഖകൻ)






