കാസർകോട്- അക്രമത്തിനും വർഗീയ ഫാസിസത്തിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കുമെതിരെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ നയിക്കുന്ന ജനമോചന യാത്രക്ക് ഭാഷാസംഗമ ഭൂമിയിൽ ആവേശകരമായ തുടക്കം. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ചെർക്കളയിലെ വൻ ജനസഞ്ചയത്തെ സാക്ഷിനിർത്തി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി യാത്രയുടെ നായകൻ എം.എം ഹസന് ത്രിവർണ പതാക കൈമാറിയും ഗാന്ധിത്തൊപ്പി അണിയിച്ചുമാണ് ജനമോചന യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചത്.
മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടക കക്ഷികളുടെ പ്രവർത്തകർ പൊതുസമ്മേളന വേദിക്ക് സമീപം എത്തി യാത്രക്ക് അഭിവാദ്യം അർപ്പിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നു ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കാൻ പ്രവർത്തകർ എത്തിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ എം.എം ഹസൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശൻ എം.എൽ.എ സ്വാഗതം ആശംസിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ശങ്കര നാരായണൻ, എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, കെ.സുധാകരൻ, കെ.സി അബു, ടി. സിദ്ദിഖ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.
കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനും പ്രവർത്തകരെ സജീവമാക്കാനും നടത്തുന്ന യാത്ര കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. രാവിലെ പയ്യന്നൂർ ഗാന്ധി പാർക്കിലും വൈകുന്നേരം കണ്ണൂരിലുമാണ് സ്വീകരണം. കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തിന് കെ.പി.സി.സിയും ഡി.സി.സിയും നൽകുന്ന സാമ്പത്തിക സഹായം എ.കെ ആന്റണി വിതരണം ചെയ്യും.