Sorry, you need to enable JavaScript to visit this website.

വീണ്ടും കരയിക്കുന്ന  ക്രിപ്‌റ്റോ

  • ബിറ്റ്‌കോയിൻ മൂല്യം കൂപ്പുകുത്തുമ്പോൾ 

ക്രിപ്‌റ്റോ കറൻസികളിൽ ഏറ്റവും പ്രശസ്തമായ ബിറ്റ്‌കോയിൻ നിക്ഷേപകരുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കയാണ്. അടുത്ത ദിവസങ്ങളിലായി അവർക്ക് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 70,000 ഡോളറിനു മുകളിൽ എത്തിയിരുന്ന ബിറ്റ്‌കോയിൻ 21,000 ലേക്ക് കൂപ്പുകുത്തി. അഞ്ച് ദിവസം കൊണ്ട് മാത്രം 25 ശതമാനമാണ് നഷ്ടമായത്. 
ക്രിപ്‌റ്റോ ലോകത്തെ മാത്രം പ്രശ്‌നങ്ങളല്ല, ആഗോള തലത്തിൽ മൊത്തത്തിലുണ്ടായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദഗ്ധർ നിക്ഷേപകരെ ആശ്വസിപ്പിക്കുന്നത്. മിക്ക രാജ്യങ്ങളിലും പണപ്പെരുപ്പം കുതിക്കുന്നു, സാമ്പത്തിക മുരടിപ്പ് ദൃശ്യമായിരിക്കുന്നു, പലിശ നിരക്ക് വർധിക്കുന്നു, വിലക്കയറ്റവും ജീവിതച്ചെലവും കുത്തനെ വർധിക്കുന്നു തുടങ്ങിയ കാരണങ്ങളാണ് സാമ്പത്തിക വിദഗ്ധർ എടുത്തു പറയുന്നത്. മിക്ക രാജ്യങ്ങളിലും ഓഹരി വിപണിയും ചാഞ്ചാട്ടത്തിലാണ്. ഇതൊക്കെ കാരണം വൻകിട നിക്ഷേപകരും ചെറുകിട നിക്ഷേപകരും മടിച്ചുനിൽക്കുകയാണ്. 
ബിറ്റ്‌കോയിന് ഒരു തരത്തിലുള്ള സംരക്ഷണവും അധികൃതരിൽനിന്ന് ലഭിക്കാനില്ല. പല രാജ്യങ്ങളും ക്രിപ്‌റ്റോ കറൻസി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, വിട്ടുനിൽക്കാൻ നിക്ഷേപകരെ ഉണർത്തുകയും ചെയ്യുന്നു. വലിയ ലാഭം പ്രതീക്ഷിച്ച് ബിറ്റ്‌കോയിൻ വാങ്ങിക്കൂട്ടിയവർ ഇതൊന്നും ആലോചിച്ചുകൊണ്ടല്ല അതിനു മുതിർന്നത്. 
കഴിഞ്ഞ മാസം മുതൽ ബിറ്റ്‌കോയിൻ വില ഇടിഞ്ഞുതുടങ്ങിയപ്പോൾ തന്നെ ആളുകൾ അത് ഒഴിവാക്കിത്തുടങ്ങിയിരുന്നു. വിറ്റൊഴിവാക്കുന്നവർ വർധിച്ചതു തന്നെയാണ് മറ്റു ഓഹരികളെ പോലെ ബിറ്റ്‌കോയിൻ മൂല്യവും കുത്തനെ ഇടിയാനുള്ള കാരണം. ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് പ്രത്യേക മൂല്യമൊന്നും ആർക്കും ഉറപ്പു നൽകാനാകില്ല. വിപണി മാത്രമാണ് അതു നിശ്ചയിക്കുന്നത്. നിങ്ങളിൽനിന്ന് ഒരാൾ വാങ്ങാൻ ഉദ്ദേശിക്കുന്നതാണ് അതിന്റെ വില. ധാരാളം ആളുകൾ നാളെ ബിറ്റ്‌കോയിൻ വിറ്റുതീർക്കാൻ തീരുമാനക്കുകയാണെങ്കിൽ അതിന്റെ മൂല്യം 10,000 ഡോളറിലെത്തുന്നത് തടയാൻ ആരുമില്ല. 
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ ഇടപാടുകൾ നടക്കുന്ന ബിനാൻസ് എക്‌സ്‌ചേഞ്ച് കഴിഞ്ഞ ദിവസം ഏതാനു മണിക്കൂറുകൾ ബിറ്റ്‌കോയിൻ പിൻവലിക്കുന്നത് നിർത്തിവെച്ചിരുന്നു. എന്നാൽ ഇത് ബിറ്റ്‌കോയിനെ രക്ഷിക്കാനായിരുന്നില്ല, മറിച്ച് ഇടപാടുകൾ സ്തംഭിച്ചതിനെ തുടർന്നായിരുന്നു. എല്ലാവരും വിശ്വസിക്കുന്നില്ലെങ്കിലും കമ്പനി പറയുന്ന കാരണം ഇതാണ്. ക്രിപ്‌റ്റോ കമ്പനിയായ സെൽഷ്യസും ഇതേ നടപടി സ്വീകരിച്ചപ്പോൾ വിപണിയിലെ ചലനങ്ങളാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതിനു പിന്നാലെ തങ്ങളുടെ സ്റ്റാഫിൽ 18 ശതമാനത്തെ ഒഴിവാക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കയാണ് കോയിൻബേസ് എക്‌സ്‌ചേഞ്ച്. 
പൊടുന്നനെ ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ അനുവദിക്കാതിരുന്നാൽ ഏതൊരാൾക്കും ഉണ്ടാകാവുന്ന ആധിക്കു സമാനമായ ഭീതിയും ആശങ്കയും തന്നെയാണ് ബിറ്റ്‌കോയിൻ നിക്ഷേപകർക്കുമുണ്ടായത്. കാഷ് പിൻവലിക്കാനാവില്ലെന്ന വിവരം ലഭിച്ചാൽ എ.ടി.എം മെഷീനുകൾക്ക് മുന്നിലേക്ക് ഓടുന്നതുപോലെ ആളുകൾ ബിറ്റ്‌കോയിൻ ഒഴിവാക്കാൻ പരക്കം പാഞ്ഞു. 
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ച അവസാനിക്കണമെങ്കിൽ ബിറ്റ്‌കോയിൻ കൈയിലുള്ളവർ അത് വിറ്റൊഴിവാക്കാതിരിക്കുകയും മറ്റുള്ളവർ അതു വാങ്ങാൻ തയാറാവുകയും വേണം. ഇതാണ് നേരത്തെ ബിറ്റ്‌കോയിൻ വിലയിലെ കുതിപ്പിനു കാരണമായിരുന്നത്. വില കുറഞ്ഞ സാഹചര്യത്തിൽ ഇപ്പോഴാണ് വാങ്ങാൻ പറ്റിയ സമയമെന്ന് ക്രിപ്‌റ്റോ ഫാൻസ് നിങ്ങളെ പ്രേരിപ്പിക്കും. ക്രിപ്‌റ്റോയുമായുള്ള പ്രണയം കോടീശ്വരനായ എലോൺ മസ്‌ക് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ടെസ്‌ല ഇലക്ട്രിക് കാർ കമ്പനി 150 കോടി ഡോളറാണ് ബിറ്റ്‌കോയിനിൽ നിക്ഷേപിച്ചത്. മുട്ടുവിറക്കുന്നവർക്കുള്ളതല്ല ക്രിപ്‌റ്റോ വിപണിയെന്ന് വിദഗ്ധർ പറയും. അത് കേൾക്കാതിരുന്നാൽ പൊട്ടിക്കരയേണ്ടി വരുമെന്നതും ഉറപ്പ്. 

Latest News