കാറിലെ ബലാത്സംഗം: എല്ലാ പ്രതികള്‍ക്കും ലൈംഗിക ശേഷി,കുട്ടികള്‍ കാറുകള്‍ കൊണ്ടുപോയത് അറിയില്ലെന്ന് മാതാപിതാക്കള്‍

ഹൈദരാബാദ്- ജൂബിലി ഹില്‍സ് കൂട്ടബലാത്സംഗക്കേസില്‍  എല്ലാ പ്രതികളും ലൈംഗിക ശേഷിയുള്ളവരാണെന്ന്  വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു. ഉസ്മാനിയ ജനറല്‍ ആശുപത്രിയിലെ ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലാണ് പ്രതികള്‍ക്ക് പൊട്ടന്‍സി ടെസ്റ്റ് നടത്തിയത്.  


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ  സെക് ഷന്‍ 53 എ പ്രകാരം ബലാത്സംഗമോ ബലാത്സംഗശ്രമമോ ആരോപിക്കപ്പെടുന്ന വ്യക്തികളെ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണറുടെ വിശദമായ പരിശോധനയ്ക്ക് വിധേയരാക്കണം.
ബലാത്സംഗക്കേസില്‍ പ്രതികളായവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രാപ്തരാണോയെന്നാണ് പൊട്ടന്‍സി ടെസ്റ്റ് സ്ഥിരീകരിക്കുന്നത്.


ജൂബിലി ഹില്‍സ് കൂട്ടബലാത്സംഗ കേസില്‍ സാങ്കേതിക തെളിവുകളും  പൊട്ടന്‍സി ടെസ്റ്റ് ഫലവും പ്രോസിക്യൂഷന്‍ കേസ് ശക്തമാക്കും. കുറ്റകൃത്യവുമായി ബന്ധപ്പെട്ടവരെ കൂടി പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട മറ്റുള്ളവരേയും വിളിച്ചുവരുത്താനാണ് പോലീസ് ഒരുങ്ങുന്നത്. കാര്‍ ഓടിച്ച പ്രായപൂര്‍ത്തിയാകാത്തവരുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കണമോയെന്ന കാര്യം പോലീസ് തീരുമാനിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കാറുകള്‍ കൊണ്ടുപോയത് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.


പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. പ്രതികളുടെ തിരിച്ചറിയല്‍ പരേഡും നടത്തുന്നുണ്ട്. പ്രതികളുടെ തിരിച്ചറിയല്‍ പരേഡിനും രക്തസാമ്പിളുകള്‍ ശേഖരിക്കുന്നതിനുമുള്ള അപേക്ഷകള്‍ പോലീസ് നേരത്തെ സമര്‍പ്പിച്ചിരുന്നു. തിരിച്ചറിയല്‍ പരേഡിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുക.

 

Latest News