ജഹാനാബാദ്- ഹ്രസ്വകാല കരാര്‍ അടിസ്ഥാനത്തില്‍ ജവാന്മാരെ നിയമിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ 'അഗ്‌നിപഥ്' പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നു. ബിഹാറിലുടനീളം തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിഷേധം തുടരുകയാണ്. പ്രതിരോധ സേനയില്‍ ചേരാന്‍ തയ്യാറെടുക്കുന്നവര്‍ ജഹാനാബാദ്, ബക്‌സര്‍, നവാഡ ജില്ലകളില്‍ റെയില്‍വേ, റോഡ് ഗതാഗതം തടസ്സപ്പെടുത്തി.
പട്‌ന- ഗയ, പട്‌ന-ബക്‌സര്‍ റൂട്ടുകളില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നാണ് പ്രതിഷേധക്കാര്‍ ട്രെയിനുകളുടെ ഗതാഗതം തടഞ്ഞത്. ബീഹാര്‍ പോലീസും റെയില്‍വേ പോലീസും പ്രതിഷേധക്കാരെ ട്രാക്കില്‍ നിന്ന് നീക്കം ചെയ്തു.
അഗ്നിപഥ് പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രക്ഷോഭകര്‍ ജഹാനാബാദില്‍ ദേശീയ പാത 83 തടയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. രോഷാകുലരായ പ്രതിഷേധക്കാര്‍ മൂന്ന് ജില്ലകളിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ജാഥകള്‍ നടത്തി.
ബുധനാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ റെയില്‍വേ, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
പതിനേഴര വയസ്സിനും 21 നും ഇടയില്‍ പ്രായമുള്ള 45,000 പേരെ നാല് വര്‍ഷത്തേക്ക് സായുധ സേനയില്‍ ഉള്‍പ്പെടുത്തുന്നതാണ് അഗ്‌നിപഥ് പദ്ധതി. തുടര്‍ന്ന് ഇവരില്‍ ഭൂരിഭാഗവും പെന്‍ഷനോ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളോ ഇല്ലാതെ വിരമിക്കണം.
മൊത്തം വാര്‍ഷിക റിക്രൂട്ട്‌മെന്റുകളില്‍ 25 ശതമാനം പേര്‍ക്ക് മാത്രമേ സ്ഥിരം കമ്മീഷനില്‍ 15 വര്‍ഷം കൂടി തുടരാന്‍ അനുവദിക്കൂ.കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ചയാണ് പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കി.
പതിനാറര വയസ്സിനും 21 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ കുറഞ്ഞത് 15 വര്‍ഷത്തെ സേവനത്തിനായി തിരഞ്ഞെടുത്ത് വിരമിച്ചതിന് ശേഷം പെന്‍ഷന്‍ നല്‍കുന്നതാണ് നിലവിലെ രീതി.