ബഹിരാകാശ യുദ്ധം പേടിച്ച് ട്രംപും അമേരിക്കയും 

വാഷിംഗ്ടണ്‍- റഷ്യയും ചൈനയും സമീപ ഭാവിയില്‍ തന്നെ ബഹിരാകാശ യുദ്ധമുഖം തുറക്കുമെന്ന് അമേരിക്കയില്‍ ഭീതി. ഹോളിവുഡ് സിനിമകളില്‍ കേട്ടു പരിചയമുള്ള നക്ഷത്ര യുദ്ധം ആസന്നമാകുകയാണെന്ന് യു.എസ് വിദഗ്ധര്‍ തന്നെയാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഭൂമിയിലെ ഭീഷണികള്‍ നേരിടാനും മേധാവിത്വം നിലനിര്‍ത്താനും ശ്രദ്ധിച്ചിരുന്ന അമേരിക്ക ബഹിരകാശ യുദ്ധത്തിനാവശ്യമായ കോപ്പു കൂട്ടുന്നതില്‍ പിറകിലായിപ്പോയെന്ന് വിദഗ്ധര്‍ ഉണര്‍ത്തുന്നതാണ് യു.എസ് അധികൃതരുടെ ഭയത്തിനു കാരണം. 
കരയുദ്ധവും ശീതയുദ്ധവുമൊക്കെ അസ്ഥാനത്താവുകയാണെന്നും യഥാര്‍ഥ ബഹിരാകാശ യുദ്ധം യാഥാര്‍ഥ്യമാകുകയാണെന്നും പറയുമ്പോള്‍ പെന്റഗണ്‍ ഇനിയും അതിനു തയാറായിട്ടില്ല. 
ഉപഗ്രഹങ്ങള്‍ തകര്‍ക്കുന്നതിനും പ്രവര്‍ത്തന രഹിതമാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതില്‍ റഷ്യയും ചൈനയും ഏറെ മുന്നോട്ടു പോയിരിക്കയാണ്. അമേരിക്കയുടെ മിസൈലുകളും ഡ്രോണുകളും ബോംബുകളുമൊക്കെ ഉപഗ്രഹങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണെന്നിരിക്കേ, റഷ്യയുടേയും ചൈനയുടേയും മുന്നേറ്റം പെന്റഗണിന് പേക്കിനാവാകുകയാണ്. 


കര, വ്യോമ യുദ്ധത്തിനാവശ്യമായ അത്യാധുനിക ആയുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പെന്റഗണ്‍ ഉപഗ്രഹങ്ങള്‍ തകര്‍ക്കുന്നതിനാവശ്യായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലേക്കും അതിനാവശ്യമായ പരിശീലനത്തിലേക്കും നീങ്ങുകയാണ്. ശതകോടിക്കണക്കിനു മനുഷ്യരെ ബാധിക്കുന്ന പുതിയ യുദ്ധമുഖത്തേക്കുള്ള തയാറെടുപ്പുകളാണ് ഉപഗ്രഹങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്നത്. 
സ്റ്റാര്‍ വാര്‍ വെറുമൊരു സിനിമയല്ലെന്ന പോയന്റിലേക്കാണ് നമ്മള്‍ നീങ്ങുന്നതെന്ന് എയറോസ്‌പേസ് കോര്‍പറേഷന്‍ സി.ഇ.ഒ സ്റ്റീവ് ഇസാക്കോവിറ്റ്‌സ് പറയുന്നു. ബഹിരാകാശത്തെ കാര്യങ്ങള്‍ക്ക് ഉപദേശം നല്‍കുന്നതിന് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷനാണിത്. ഇക്കാര്യത്തില്‍ അമേരിക്കക്ക് മേധാവിത്വം ഉറപ്പിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 
ബഹിരാകാശത്ത് ഉണ്ടായിരുന്ന മേധാവിത്വവും ഉപഗ്രഹങ്ങളുമാണ് ഇതുവരെ സൈനിക രംഗത്ത് അമേരിക്കയുടെ മേല്‍ക്കോയ്മയുടെ അടിസ്ഥാനം. കരയില്‍ യുദ്ധം ചെയ്യുന്ന സൈനികരായാലും ആളില്ലാവിമാനങ്ങളായാലും പോര്‍വിമാനങ്ങളായാലും ബഹിരാകാശത്തുനിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൊണ്ടാണ് എല്ലായിടത്തും യു.എസ് വെന്നിക്കൊടി പാറിച്ചിരുന്നത്. അതായത് ഉപഗ്രഹങ്ങള്‍ വഴി ശേഖരിക്കുന്ന ഇന്റലിജന്‍സായിരുന്നു യു.എസ് യുദ്ധ തന്ത്രങ്ങളുടെ ജീവവായു. ശത്രുക്കള്‍ ഏതു പാറമടയില്‍ പോയി ഒളിച്ചാലും അത് അമേരിക്കയുടെ ചാരക്കണ്ണുകള്‍ ബഹിരാകാശത്തുനിന്ന് ഒപ്പിയെടുത്തിരുന്നു. ഓരോ ദിവസം കഴിയുന്തോറും ഉപഗ്രഹ വിവരങ്ങളോടുള്ള ആശ്രയം കൂടിവരികയായിരുന്നുവെന്ന് എയറോ സ്‌പേസ് സി.ഇ.ഒ പൊളിറ്റിക്കോ മാഗസിനോട് പറഞ്ഞു. 
1957 ല്‍ സ്പുട്‌നിക് വിക്ഷേപിച്ചതോടെ, സോവിയറ്റ് സൈനിക മേധാവിത്വം നേടുമോ എന്ന അമേരിക്കയുടെ ഭയമാണ് ബഹിരാകാശ മത്സരത്തിലേക്ക് അമേരിക്കയെ നയിച്ചിരുന്നത്. 1980 കളില്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ സ്റ്റാര്‍ വാര്‍സ് പദ്ധതി ആണവ മിസൈല്‍ ആക്രമണ പ്രതിരോധത്തിനായി ബഹിരാകാശ അടിസ്ഥാനത്തിലുള്ള സംവിധാനം കണ്ടെത്തുന്നതിലേക്ക് നയിച്ചു. അതിനു ശേഷം ഈയടുത്ത ദശാബ്ദങ്ങളില്‍ ബഹിരാകാശത്ത് സമാധാനപൂര്‍ണമായ സഹകരണവും ഗവേഷണവുമാണ് കാണാനായത്. റഷ്യന്‍ റോക്കറ്റുകള്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുക പോലുമുണ്ടായി. 
എന്നാല്‍ സഹകരണം മുന്നോട്ടു പോകുമ്പോള്‍ തന്നെ പിന്നാമ്പുറത്ത് വര്‍ഷങ്ങളായി ഏറ്റുമുട്ടലിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയായിരുന്നു. 2001 ല്‍ അന്നത്തെ പ്രതിരോധ സെക്രട്ടറി ഡോണള്‍ഡ് റംസ്‌ഫെല്‍ഡ് നല്‍കിയ മുന്നറിയിപ്പ് ചെവികൊള്ളാത്തതിനെ ചൊല്ലിയാണ് ഇപ്പോള്‍ യു.എസിന് ഖേദം. സംഘര്‍ഷമുണ്ടായാല്‍ ബഹിരാകാശ സംവിധാനം തകര്‍ക്കാനുള്ള ശ്രമത്തെ അനുചിതമായി കാണാനാവില്ലെന്നായിരുന്നു റംസ്‌ഫെല്‍ഡിന്റെ മുന്നറിയിപ്പ്. സ്‌പേസ് പേള്‍ ഹാര്‍ബര്‍ ഒഴിവാക്കണമെങ്കില്‍ യു.എസ് ബഹിരാകാശ സംവിധാനം ആക്രമിക്കാനുള്ള സാധ്യത ഗൗരവത്തിലെടുക്കണമെന്നായിരുന്നു റംസ്‌ഫെല്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 
മിഡില്‍ ഈസ്റ്റിലെ രണ്ട് കരയുദ്ധങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോള്‍ യു.എസ് സൈന്യം ബഹിരാകാശ യുദ്ധ സാധ്യതയെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 
ഈ അബദ്ധങ്ങള്‍ തിരുത്തുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. ബഹിരാകാശത്ത് അമേരിക്കന്‍ മേധാവിത്വം നിലനിര്‍ത്തുന്നതിന് സ്‌പേസ് ഫോഴ്‌സ് എന്ന പേരില്‍ സൈന്യത്തിന്റെ പ്രത്യേക വിഭാഗമുണ്ടാക്കണമെന്നാണ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ വ്യോമസേന കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തിനാണ് പ്രത്യേക സേനയുണ്ടാക്കുന്നത്. കരയും കടലും ആകാശവും പോലെ ബഹിരാകാശവും പോരാട്ട കേന്ദ്രമാകുമെന്നും അതിനായുള്ള ദേശീയ തന്ത്രത്തിനാണ് രൂപം നല്‍കുന്നതെന്നും കഴിഞ്ഞ മാസം ട്രംപ് പറഞ്ഞിരുന്നു. നമുക്ക് വ്യോമസേനയുണ്ട്. ഇനി ബഹിരാകാശ സേനയും വേണം -ഇതാണ് ട്രംപിന്റെ നിലപാട്. 
സൈന്യത്തിന്റെ 90 ശതമാനം ബഹിരാകാശ നീക്കങ്ങളും നിലവില്‍ വ്യോമസേനയാണ് കൈകാര്യം ചെയ്യുന്നത്. യു.എസ് സാറ്റലൈറ്റുകള്‍ ആക്രമിക്കപ്പെട്ടാല്‍ എങ്ങനെ നേരിടുമെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ വ്യോമസേന പരിശോധിച്ചിരുന്നു. ഓസ്‌ട്രേലിയ, കനഡ, ന്യൂസിലാന്‍ഡ്, യു.കെ എന്നീ രാജ്യങ്ങളുടെ കൂടി പങ്കാളിത്തത്തോടെ വിപുലമായ പരിശോധനക്ക് പദ്ധതി തയറാക്കിയിട്ടുണ്ട്. ജി.പി.എസ് സിഗ്നലുകള്‍ ഇരുട്ടിലാണ്ടാല്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് സൈന്യത്തിന് തുടര്‍ച്ചയായി പരിശീലനം നല്‍കിവരുന്നുമുണ്ട്. 
ബഹിരാകാശത്തിനു മുന്‍ഗണന നല്‍കി ഡോണള്‍ഡ് ട്രംപ് ദേശീയ സുരക്ഷാ തന്ത്രം തന്നെ മാറ്റിയെന്നതാണ് സവിശേഷമായ കാര്യം. ബഹിരാകാശത്തിനു മുഖ്യ ഊന്നല്‍ നല്‍കി മുന്നേറാനാണ് സൈന്യത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. ട്രംപിന്റെ നിര്‍ദേശം വലിയ മാറ്റത്തിലേക്കാണ് നയിക്കുന്നതെന്ന് എയര്‍ ഫോഴസ് സെക്രട്ടറി ഹീതര്‍ വില്‍സണ്‍ പറയുന്നു. 
ബഹിരാകാശം പോരാട്ട രംഗമാകുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് പ്രസിഡന്റ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പൊളിറ്റിക്കോയോട് പറഞ്ഞു. 
സൈന്യത്തിന്റെ ബഹിരാകാശ യത്‌നങ്ങള്‍ക്ക് 1250 കോടി ഡോളറാണ് ഏറ്റവും പുതിയ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. രഹസ്യ പദ്ധതികളുടെ ചെലവ് ഇതില്‍ ഉള്‍പ്പെടുന്നില്ല. 

Latest News