മഞ്ചേരി-മുനിസിപ്പല്‍ മുന്‍ കൗണ്‍സിലറെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദളിത് ലീഗ് നേതാവും മഞ്ചേരി മുനിസിപ്പല്‍ മുന്‍ കൗണ്‍സിലറുമായിരുന്ന മംഗലശേരി കാളിയാര്‍തൊടി കുട്ടന്‍ (60) ആണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടനെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. അഡീഷണല്‍ എസ്‌ഐ ബഷീര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഷൊര്‍ണൂര്‍ ശാന്തി തീരത്ത് സംസ്‌കരിച്ചു. ഭാര്യ : ജാനകി. മക്കള്‍ : സുജീഷ്, സുനില്‍, സുധ, സുമ. മരുമക്കള്‍: നീതു, സുന്ദരന്‍, മഹേഷ്.
ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ കേസില്‍ പ്രതിയാണ് മരണത്തിനു കീഴടങ്ങിയ കാളിയാര്‍ത്തൊടി കുട്ടന്‍. മഞ്ചേരി നഗരസഭയില്‍ പന്ത്രണ്ടാം വാര്‍ഡ് മംഗലശേരിയില്‍ കൗണ്‍സിലറായിരിക്കെ 2018 മാര്‍ച്ച് രണ്ടിനായിരുന്നു പോലീസ് കുട്ടനെ അറസ്റ്റ് ചെയ്തത്. പത്തുവയസുകാരിയെ പീഡനത്തിനു വിധേയയാക്കിയെന്നായിരുന്നു കേസ്. കുട്ടി പരാതി നല്‍കിയെന്നറിഞ്ഞു മുങ്ങിയ കുട്ടനെ ഗൂഢല്ലൂരിലെ ലോഡ്ജില്‍ വച്ചാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കൗണ്‍സലറുടെ രാജി ആവശ്യപ്പെട്ട് മഹിളാ മാര്‍ച്ച് അടക്കം നിരവധി സമരങ്ങള്‍ നടന്നിരുന്നു. പ്രതിപക്ഷം പലതവണ കൗണ്‍സില്‍ യോഗത്തില്‍ ബഹളം വെച്ചു. അവസാനം മുസ്ലിം ലീഗ് നേതൃത്വം ദളിത് ലീഗ് നേതാവായ കുട്ടനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്‌സോ സ്‌പെഷല്‍ കോടതിയില്‍ കേസ് അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് കാളിയാര്‍തൊടി കുട്ടന്റെ മരണം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ സിഐ മുഹമ്മദ് ഹനീഫ, സിഐ എന്‍.ബി ഷൈജു എന്നിവരെ ഇന്നലെ കോടതി വിസ്തരിക്കാനിരിക്കുകയായിരുന്നു. ഇതിനകം 14 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. വിധിയിലുള്ള ആശങ്കയായിരിക്കാം മുന്‍ കൗണ്‍സിലറെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പതെന്ന് പോലീസ് സംശയിക്കുന്നു.