Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിലിന്റെ കൊലച്ചിരി; ഗാസയില്‍ മരണം 31 ആയി 

ഗാസ സിറ്റി- ഇസ്രായില്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയ പ്രശസ്ത ഫലസ്തീന്‍ പത്രപ്രവര്‍ത്തകന് വിട ചൊല്ലാന്‍ ആയിരങ്ങള്‍ അണിനിരന്നു. ഇസ്രായില്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം നടന്ന ബഹുജന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകന്‍ യാസര്‍ മുര്‍തജയും ഇസ്രായില്‍ സൈനികരുടെ തോക്കിനിരയായത്. പ്രക്ഷോഭകര്‍ ടയറുകള്‍ക്ക് തീയിട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന കറുത്ത പുകക്കിടയിലാണ് യാസിറിന് വെടിയേറ്റത്. 
എട്ടു ദിവസത്തിനിടെ ഗാസ-ഇസ്രായില്‍ അതിര്‍ത്തി സാക്ഷ്യം വഹിച്ച വന്‍ ബഹുജന മാര്‍ച്ചിനു നേരെയാണ് വെളളിയാഴ്ച ഇസ്രായില്‍ സേന വെടിവെപ്പ് നടത്തിയത്. ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 491 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ ഇസ്രായില്‍ സേനയുടെ നരനായാട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 31 ആയി. ഇന്നലെ അതിര്‍ത്തി പ്രദേശം പൊതുവെ ശാന്തമായിരുന്നു. 
പ്രസ് എന്നെഴുതിയ ജാക്കറ്റ് ധരിച്ചാണ് ഫലസ്തീനികളുടെ പ്രതിഷേധം ക്യാമറയില്‍ പകര്‍ത്താനും റിപ്പോര്‍ട്ട് ചെയ്യാനും യാസിര്‍ മുര്‍തജ അതിര്‍ത്തിയുടെ 100 മീറ്ററോളം അടുത്ത് പോയത്. ക്യാമറ പിടിച്ചുകൊണ്ടിരിക്കേയാണ് അദ്ദേഹത്തിന് കക്ഷത്തിനു താഴെ വെടിയേറ്റത്. 
വെടിയേറ്റു മരിച്ച മുര്‍തജക്ക് ഹമാസുമായോ മറ്റേതെങ്കിലും സംഘടനയുമായോ ബന്ധമില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഖബറടക്ക ചടങ്ങില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.
സത്യത്തിനും ബോധവല്‍ക്കരണത്തിനും വേണ്ടിയുള്ള പോരാട്ടമാണ് റിട്ടേണ്‍ മാര്‍ച്ചെന്നും യാസര്‍ മുര്‍തജ ഉപരോധത്തിലാണ്ട ജനതയുടെ യഥാര്‍ഥ ചിത്രം പുറംലോകത്തെത്തിക്കാനാണ് ക്യാമറ പിടിച്ചതെന്നും ഇസ്മായില്‍ ഹനിയ്യ പറഞ്ഞു. ഫലസ്തീനി പതാക കൊണ്ട് പൊതിഞ്ഞ് അതിനു മുകളില്‍ പ്രസ് എന്ന് രേഖപ്പെടുത്തിയ ജാക്കറ്റും വെച്ചാണ് ഗാസ തെരുവുകളിലൂടെ വിലാപ യാത്ര നീങ്ങിയത്. ഗാസയിലെ കാഴ്ചകള്‍ പകര്‍ത്താന്‍ യാസിര്‍ മുര്‍തജ ഉപയോഗിച്ചിരുന്ന ഡ്രോണ്‍ അദ്ദേഹത്തിന്റെ ഖബറടക്ക ചടങ്ങും പകര്‍ത്തി. യാസിറിന്റെ മൃതദേഹം മോര്‍ച്ചറിയില്‍നിന്ന് പുറത്തെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അക്ഷരാര്‍ഥത്തില്‍ പൊട്ടിക്കരഞ്ഞു. ബി.ബി.സിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ഡ്രോണ്‍ വീഡിയോകള്‍ നല്‍കിയിരുന്നത് 30 കാരനായ യാസിര്‍ മുര്‍തജ സഹ സ്ഥാപകനായ ഐന മീഡിയയായിരുന്നു. ഇദ്ദേഹമാണ് ഗാസയിലേക്ക് ആദ്യമായി ഡ്രോണ്‍ ക്യമാറ കൊണ്ടുവന്നതും ആകാശത്തുനിന്നുള്ള ഗാസയുടെ ദൃശ്യം സ്വദേശികള്‍ക്ക് കാണിച്ചതും. 
സൈനികരെ ആക്രമിക്കാന്‍ മുതിര്‍ന്നവര്‍ക്കു നേരെയാണ് നിറയൊഴിച്ചതെന്നും മര്‍തജയുടെ മരണം അന്വേഷിക്കുമെന്നുമാണ് ഇസ്രായില്‍ അധികൃതര്‍ പറയുന്നത്. മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ച് അവസാനക്കൈയായി മാത്രമാണ് വെടിവെക്കുന്നതെന്ന് ഇസ്രായില്‍ പ്രതിരോധ വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇസ്രായില്‍ സേന പൊതുവെ മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിടാറില്ലെന്നും പത്രപ്രവര്‍ത്തകന്‍ മരിക്കാനിടയായ സാഹചര്യം പരിശോധിക്കുമന്നും ഇസ്രായില്‍ വ്യക്തമാക്കി. 
1948 ല്‍ ഫലസ്തീനികളെ പുറന്തള്ളി ഇസ്രായില്‍ രൂപീകരിച്ചതിന്റെ വാര്‍ഷിക ദിനമായ മെയ് 15 വരെ പ്രതിഷേധ പരമ്പര തുടരാനാണ് ഹമാസ് ആഹ്വാനം ചെയ്തിരിക്കുന്നത്. 2007 മുതല്‍ ഇസ്രായിലും ഈജിപ്തും അടച്ച അതിര്‍ത്തി തുറക്കാന്‍ പ്രതിഷേധത്തിലൂടെ സാധിക്കുമെന്നാണ് ഹമാസിന്റെ കണക്കുകൂട്ടല്‍. 
ഗാസക്കു മേല്‍ തുടരുന്ന ഉപരോധം ജനജീവിതം അക്ഷരാര്‍ഥത്തില്‍ ദുരിതത്തിലാക്കിയിരിക്കയാണ്. ദിവസം ഏതാനും മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. ഗാസയിലേക്ക് ജനങ്ങള്‍ക്ക് പ്രവേശിക്കാനോ പുറത്ത് കടക്കാനോ ഉപരോധം കാരണം സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബഹുജന പ്രതിഷേധത്തിലുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഹമാസ് തീരുമാനം. സംഘര്‍ഷം അവസാനിപ്പിച്ചും ആയുധം താഴെ വെച്ചും ഗാസയിലെ 20 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ദുരിതമകറ്റണമെന്നാണ് ഇസ്രായില്‍ ഹമാസിനോട് ആവശ്യപ്പെടുന്നത്. 
അതിര്‍ത്തിയില്‍ ആക്രമണം നടത്താനാണ് ഹമാസ് ബഹുജന മാര്‍ച്ചിനെ മറയാക്കുന്നതെന്നും ഇസ്രായില്‍ ആരോപിക്കുന്നു. വെള്ളിയാഴ്ച പ്രതിഷേധക്കാര്‍ പലയിടത്തും ബോംബെറിഞ്ഞിരുന്നുവെന്നും അവര്‍ അകാശപ്പെടുന്നു. അതിര്‍ത്തി ഭേദിക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തും തകര്‍ത്തതായും ഇസ്രായില്‍ പറയുന്നു. 
പതപ്രവര്‍ത്തകനടക്കമുള്ളവരെ വെടിവെച്ചു കൊന്ന ഇസ്രായില്‍ സൈന്യത്തിന്റെ നരനായാട്ടില്‍ പൗരാവകാശ സംഘടനകളുടെ പ്രതിഷേധം ശക്തമായി. അതിര്‍ത്തിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നവര്‍ക്കു നേരെ നിയമ വിരുദ്ധമാണ് വെടിവെക്കാന്‍ ഇസ്രായില്‍ ഉത്തരവിടുന്നത്. അതിര്‍ത്തി വേലിക്ക് സമീപം വരുന്നവര്‍ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. 
വെള്ളിയാഴ്ച ഇസ്രായില്‍ നടത്തിയിരിക്കുന്നത് സിവിലിയന്മാരുടെ കൂട്ടക്കൊലയാണെന്ന് ഫലസ്തീന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 70 ലേറെ സര്‍ക്കാരിതര സംഘടനകളുടെ കൂട്ടായ്മ എയ്ഡ ആരോപിച്ചു. ഇസ്രായില്‍ അമിത ബലപ്രയോഗം നടത്തുകയാണെന്ന് വ്യക്തമാണെന്ന് യു.എന്‍ മനുഷ്യാവകാശ കാര്യാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 
കണ്ണീര്‍ വാതക പ്രയോഗത്തില്‍ മറ്റു മൂന്ന് പത്രപ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ടെന്നും ഒരു ക്യാമറാമാന് കാലില്‍ വെടിയേറ്റുവെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. 

Latest News