അഗ്നിപഥ് നിയമനത്തിനെതിരെ ബിഹാറില്‍ പ്രക്ഷോഭം

പട്‌ന- പ്രധാനമന്ത്രി പ്രഖ്യാപിച്ച അഗ്‌നിപഥ് ഹ്രസ്വകാല സൈനിക നിയമന പദ്ധതിയില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ ബിഹാറില്‍ റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തി. മുസഫര്‍പുരില്‍ അക്രമാസക്തരായ സമരക്കാര്‍ കടകള്‍ അടിച്ചു തകര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. ബക്‌സറില്‍ ട്രെയിനിനു നേരേ കല്ലേറുണ്ടായി. ബേഗുസരായി, ഭോജ്പുര്‍ എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു.

അഗ്‌നിപഥ് പദ്ധതിയില്‍ സൈനിക സേവന കാലയളവു വെട്ടിക്കുറച്ചതും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഒഴിവാക്കിയതുമാണ് ഉദ്യോഗാര്‍ഥികളെ പ്രകോപിപ്പിച്ചത്. കോവിഡ് കാരണം രണ്ടു വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന സൈനിക റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതു കാത്തിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ പദ്ധതി ഇരുട്ടടിയായെന്നു സമരക്കാര്‍ കുറ്റപ്പെടുത്തി. പദ്ധതിയില്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 21 ആയി നിശ്ചയിച്ചതും എതിര്‍പ്പിനു കാരണമാണ്.

 

Latest News