രാഹുലിനെ വിട്ടയച്ചു,വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

ന്യൂദൽഹി- നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെള്ളിയാഴ്ചയും ചോദ്യം ചെയ്യും. തുടർച്ചയായ മൂന്നു ദിവസങ്ങളിലായി മുപ്പതിലേറെ മണിക്കൂറാണ് ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. വ്യാഴാഴ്ച ഇടവേള നൽകി വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് എത്താൻ രാഹുലിന് ഇ.ഡി നിർദ്ദേശം നൽകി. ഇന്ന് രാവിലെ 11.35ന് സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഇ.ഡി ആസ്ഥാനത്ത് എത്തിയത്. രാഹുലിനെ വിട്ടയുടൻ പ്രിയങ്ക മടങ്ങി. ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയ നാലു മണിക്ക് ശേഷം വീണ്ടും ഇഡി ആസ്ഥാനത്തേക്ക് മടങ്ങിയെത്തി.
     അതിനിടെ, രാഹുലിനെതിരായ നടപടിയിൽ കോൺഗ്രസ് പ്രവർത്തകർ അതിരൂക്ഷമായി പ്രതിഷേധിച്ചു. ഡൽഹി പോലീസിനെ ഞെട്ടിച്ചു അതീവ സുരക്ഷാ മേഖലയായ ഇഡി ഓഫീസിനു മുന്നിലെ റോഡിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു. എഐസിസി ഓഫീസിസ് സമുച്ചയത്തിനകത്തു കയറിയും പോലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് പ്രതിഷേധം രൂക്ഷമാകുന്നതിന് ഇടയാക്കി. അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു ബ്ലോക്ക് ചെയ്തു. കോൺഗ്രസ് എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലും പ്രതിഷേധിച്ചു. മൂന്ന് ദിവസത്തെ പ്രതിഷേധത്തിനിടെ എണ്ണൂറിലേറെ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി ദൽഹി പോലീസ് വ്യക്തമാക്കി.
    ബുധനാഴ്ച രാഹുൽ ചോദ്യം ചെയ്യലിനായി എത്തിയ സമയം പ്രതിഷേധിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് നീക്കം ചെയ്തിരുന്നു. അതിന്‌ശേഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയിൽ അൽപം അയവു വന്ന അവസരം മുതലെടുത്താണ് വനിതകൾ ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകർ പ്രഥ്വിരാജ് ചൗഹാൻ റോഡിലേക്ക് ഇരച്ചെത്തി ടയറുകൾ പെട്രോളൊഴിച്ചു കത്തിച്ചത്. നിരവധി കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. രാജ്യസഭ എംപി ജെബി മേത്തർ ഉൾപ്പടെയുള്ള വനിത നേതാക്കളെ ബലം പ്രയോഗിച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനെയും പോലീസ് കസ്റ്റ്ഡിയിലെടുത്തു.
 

Latest News