മലപ്പുറത്തെ സ്കൂളില്‍ വീണ്ടും പീഡനം; അധ്യാപകന്‍ റിമാന്‍ഡില്‍

മഞ്ചേരി-മലപ്പുറത്ത് സ്‌കൂളില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു.  പുല്‍പറ്റ തൃപ്പനച്ചി മേല്‍പ്പള്ളി മനക്കല്‍ നാരായണനെ (44) യാണ് ജഡ്ജി കെ.ജെ ആര്‍ബി ഈ മാസം 28 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്കയച്ചത്.  
മലപ്പുറം എം.എസ്.പി  ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംസ്‌കൃതം അധ്യാപകനാണ് പ്രതി.  ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.  മൂന്നു വര്‍ഷം മുമ്പ് പരാതിക്കാരി ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപകന്‍ തനിക്ക് മാനഹാനി വരുത്തിയെന്നാണ് പരാതി. പത്തു വര്‍ഷമായി ഈ സ്‌കൂളില്‍ അധ്യാപകനാണ് പ്രതി.  രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം വനിതാ പോലീസ് എസ്.ഐ  സന്ധ്യാദേവി സ്‌കൂളിലെത്തുകയും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സീതയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു.  തുടര്‍ന്നു അറസ്റ്റിലായ പ്രതി അഭിഭാഷകന്‍ മുഖേന കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.  വിദ്യാര്‍ഥികള്‍ തമ്മില്‍ വഴക്കുണ്ടാക്കിയപ്പോള്‍ തടഞ്ഞതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു വാദം.  എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷ പി. ജമാല്‍ ശക്തമായി എതിര്‍ക്കുകയും പ്രതിക്ക് ജാമ്യം നല്‍കുന്ന പക്ഷം കുട്ടിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയുമായിരുന്നു.  
സമാനമായ മറ്റൊരു കേസില്‍ റിമാന്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂള്‍ അധ്യാപകന്‍ ശശികുമാറിന് ഇക്കഴിഞ്ഞ എട്ടിനാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

 

 

Latest News