ന്യൂദല്‍ഹി- ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ നിയമവിരുദ്ധമായ പൊളിച്ചുമാറ്റല്‍ നീക്കങ്ങള്‍ക്കെതിരായ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. മുസ്ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സമര്‍പ്പിച്ച ഹരജിയിലാണ് പരമോന്നത നീതി പീഠം വാദം കേൾക്കുന്നത്. ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് ഇനി പൊളിക്കലുകൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജംഇയ്യത്ത് കഴിഞ്ഞ 13 ന് സുപ്രീം കോടതിയെ സമീപിച്ചത്. ആരോപണ വിധേയരുടെ വീടുകളും മറ്റും പൊളിക്കണമെന്ന ആവശ്യവുമായി ഭരണകക്ഷിയിൽ പെട്ടവർ സമ്മർദം തുടരുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രധാനമാണ്.
ദേശീയ തലസ്ഥാനത്തെ ജഹാംഗീര്‍പുരി പ്രദേശത്ത് കെട്ടിടങ്ങള്‍ പൊളിക്കുന്ന വിഷയത്തില്‍ സംഘടന നേരത്തെ ഹരജി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ വാദം കേൾക്കലിനു ശേഷം കോടതിയുടെ ശ്രദ്ധ ആവശ്യമുള്ള പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പുതിയ ഹരജികളിൽ പറയുന്നു.
പ്രവാചക നിന്ദയുടെ പേരിൽ ബി.ജെ.പി പുറത്താക്കിയ നേതാക്കൾ നടത്തിയ പരാമർശങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായി. ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യു.പിയിലെ കാണ്‍പൂര്‍ ജില്ലയില്‍ ഒരു കൂട്ടമാളുകള്‍ ആഹ്വാനം ചെയ്ത ബന്ദ് സംഘർഷത്തിൽ കലാശിച്ചു.
.കാണ്‍പൂരിലെ അക്രമത്തിന് ശേഷം സംശയിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പൊളിക്കുമെന്നും അധികാരസ്ഥാനത്തുള്ള നിരവധി നേതാക്കൾ മാധ്യമങ്ങളില്‍ പ്രസ്താവനകൾ നടത്തി. കുറ്റാരോപിതരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി പോലും മാധ്യമങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. നിയമങ്ങള്‍ക്കതീതമായ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ഹരജിയിൽ പറഞ്ഞു. ദൽഹിയിലെ പൊളിക്കൽ നടപടിയിൽ സുപ്രീം കോടതി വാദം കേട്ടുകൊണ്ടിരിക്കെയാണ് യു.പിയിലെ സംഭവമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.






