കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ കേരളത്തിൽ വിവാദ വ്യവസായമല്ലാതെ ആർക്കെങ്കിലും ഉപകാരപ്പെടുന്ന വല്ല വ്യവസായവും തുടങ്ങിയതായി അറിയില്ല. ഇ.എം.എസ് സർക്കാരിന്റെ കാലത്ത്് വ്യവസായവൽക്കരണത്തിന് മികച്ച പ്രാധാന്യം നൽകിയതിന്റെ ഫലമാണ് കോഴിക്കോടിനടുത്ത മാവൂരിലെ ഗ്വാളിയർ റയൺസ് ഫാക്ടറി. സർക്കാർ സംരംഭമായി മെഡിക്കൽ കോളേജും കുറച്ചപ്പുറം റയോൺസ് ഫാക്ടറിയുമായപ്പോൾ മേഖലയിൽ വികസന വെളിച്ചമെത്തുകയായിരുന്നു. ബിർളക്കെന്തിന് കുറഞ്ഞ വിലയ്ക്ക് മുള കൊടുത്തുവെന്നത് മുതൽ ചാലിയാറിനെ കാളിന്ദിയാക്കി നദിയുടെ തീരത്തുള്ളവർക്കെല്ലാം ശ്വാസകോശ രോഗം പിടിപെട്ടുവെന്നുമെല്ലാം പ്രചാരണം വന്നതിന്റെ ഫലമായി ഗ്വാളിയർ റയോൺസ് എന്നെന്നേക്കുമായി കണ്ണടച്ചു. അതിസമർഥരായ ട്രേഡ് യൂനിയൻ നേതാക്കളും ഇതിനെ കൊല്ലുന്നതിൽ അവരുടേതായ പങ്ക് വഹിച്ചു. ഏക്കർ കണക്കിന് സർക്കാർ ഭൂമിയാണ് ഗ്വാളിയർ റയോൺസ് നിന്നിടത്ത് പാഴായിക്കിടക്കുന്നത്. ഇത് ഉപയോഗപ്പെടുത്തി ഐ.ടി പാർക്ക് തുടങ്ങുമെന്ന് വ്യവസായ മന്ത്രിമാർ പറഞ്ഞതെല്ലാം പാഴ്വാക്കായി. ഏതാണ്ട് രണ്ടു വർഷം നിശ്ചലമാക്കിയ കോവിഡ് പ്രതിസന്ധി കാലത്താണ് നല്ലൊരു വ്യവസായ സംരംഭം നാട്ടിലില്ലാത്തതിന്റെ കുറവ്് എല്ലാവരും തിരിച്ചറിഞ്ഞത്. പുതിയ തൊഴിലവസരങ്ങൾ തീരെ കുറഞ്ഞു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയാണ് ഓരോരുത്തരും കഴിയുന്നത്. ആരുടെയും വരുമാനം കൂടിയില്ല. തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടിയ ബസ് യാത്രാ നിരക്കുള്ള സംസ്ഥാനമാണ് കേരളം. തമിഴ്നാട്ടിൽ അഞ്ചു രൂപ കൊടുത്താൽ യാത്ര ചെയ്യാവുന്ന ദൂരം സഞ്ചരിക്കാൻ കേരളത്തിൽ പതിമൂന്ന് രൂപ വേണം. വിദ്യാർഥികൾക്ക്് കൺസെഷൻ ചാർജായ രണ്ടു രൂപ കൊടുക്കാൻ നാണക്കേടുണ്ടെന്ന്് പറഞ്ഞ ഇടതുപക്ഷ ഗതാഗത മന്ത്രിയുള്ള സംസ്ഥാനം.
കേരളത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് അപൂർവ ഘട്ടങ്ങളിൽ വൻ വിലക്കയറ്റമുണ്ടാകാറുണ്ട്. അപ്പോഴൊക്കെ മന്ത്രിയും സിവിൽ സ്പ്ലൈസ് ഉദ്യോഗസ്ഥരും ആന്ധ്രാ പ്രദേശ്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ചെന്ന് കുറഞ്ഞ നിരക്കിൽ ഇവ സമാഹരിച്ചു കൊണ്ടുവന്ന് കേരളത്തിലെ പൊതു വിപണിയിൽ വിൽക്കും. പ്രധാന കേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളെത്തിയാൽ കൂടിയ വില താനേ കുറയും. അതായിരുന്നു ശീലം. ഇപ്പോൾ അതിനൊക്കെ ആർക്ക് നേരം. ആർക്കുണ്ട് ശ്രദ്ധ? കേന്ദ്രവും സംസ്ഥാനവും മത്സരിച്ച് ചേരുവകളുടെ വില കുത്തനെ കൂട്ടിയപ്പോൾ സാധാരണക്കാർ ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലിൽ ഒരു സ്പെഷ്യലുമില്ലാത്ത ഊൺ വില നാൽപതിൽ നിന്ന് അമ്പത് രൂപയായി. പാവങ്ങൾ ചായ കുടിക്കാനെത്തുന്ന ഓർഡിനറി ഹോട്ടലിൽ ചായക്ക് പന്ത്രണ്ടും പലഹാരങ്ങൾക്ക് പതിനഞ്ച് വരെയുമായി.
അടുത്തിടെ കേരളത്തിൽ തക്കാളി കിലോഗ്രാമിന് നൂറ് രൂപയിലേറെയായി. സവാള അറുപത് രൂപയുമായി. മനസ്സുണ്ടെങ്കിൽ കൂടിയത് പോലെ കുറയുന്നെങ്കിൽ കുറഞ്ഞോട്ടെ എന്ന മനോഭാവമായിരുന്നു അധികാരികൾക്ക്. രണ്ടാം പിണറായി സർക്കാരിൽ ഇതിന്റെയൊക്കെ ഉത്തരവാദിത്തമുള്ള മന്ത്രിയാരെന്ന് എത്ര പേർക്കറിയാം. ചുരുക്കിപ്പറഞ്ഞാൽ ഒരു നോൺ പെർഫോമിംഗ് സർക്കാരാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. വൈദ്യുതി, ജലം നിരക്കുകൾ കൂട്ടി. നഗരങ്ങളിൽ മാത്രം ഈടാക്കിയിരുന്ന വീടുകളുടെ ആഡംബര നികുതി ഗ്രാമങ്ങളിലും ഉടൻ നടപ്പാക്കും. കേരളത്തിലെ സർക്കാർ സാന്നിധ്യം എല്ലാവരുമറിഞ്ഞത് കോവിഡ് പ്രയാസത്തിൽ കഴിയുന്ന മനുഷ്യരെ കൂടുതൽ ദുരിതത്തിലാഴ്ത്തി പോലീസും ഉദ്യോ ഗസ്ഥരുമെത്തി പാവപ്പെട്ടവന്റെ വീടുകളിൽ മഞ്ഞ കുറ്റി നാട്ടിയപ്പോഴാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് കേരളത്തിന്റെ വികാരമാണ്. നിർഗുണ ഭരണ സംവിധാനത്തിനെതിരെ കേരളത്തിൽ നിശ്ശബ്ദ തരംഗമുണ്ടെന്ന് വേണം വിലയിരുത്താൻ. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്യാന്തര സ്വർണ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പ്രതിപക്ഷം പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെടാനും വൈകിയില്ല.
നിയമസഭയിൽ 99 അംഗങ്ങളുടെ പിന്തുണയുള്ള പിണറായി സർക്കാർ രാജിവെക്കേണ്ട കാര്യമില്ലെന്നതാണ് വസ്തുത. അവിശ്വാസ പ്രമേയത്തിനൊന്നും ആരും നോട്ടീസ് നൽകിയിട്ടുമില്ല. ആരോപണ വിഷയം കോടതിയുടെയും കേന്ദ്ര ഏജൻസികളുടെയുമൊക്കെ പരിഗണനയിലുമാണ്. മാത്രമല്ല, ആരോപണം ഉന്നയിച്ച വനിത പ്രഥമ പിണറായി സർക്കാരിന്റെ കാലത്ത് ഉന്നത പദവി അലങ്കരിച്ച മഹിളയാണ്. പ്രതിപക്ഷ പാർട്ടികൾ സമരം ഏറ്റെടുത്തതിന്റെ ഫലമാണ് കോട്ടയം മുതൽ കണ്ണൂർ വരെ കണ്ടത്. കണ്ണൂർ തളിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് പ്രസംഗിക്കാൻ എഴുന്നൂറ് പോലീസുകാരെയാണ് വേദിക്കടുത്ത് വിന്യസിച്ചത്. മുഖ്യമന്ത്രി പോകുന്നത് കൗതുകകരമായ കാഴ്ചയാണ്. യു.എസ് പ്രസിഡന്റോ പ്രധാനമന്ത്രിയോ കടന്നു പോകുന്ന പ്രതീതി. പ്രതിഷേധത്തിന്റെ പേരിൽ സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെട്ടത്.
പരിപാടികൾ വെട്ടിക്കുറയ്ക്കുന്നത് പ്രതിപക്ഷ പ്രതിഷേധം വകവെച്ചു കൊടുക്കലാകുമെന്ന വിലയിരുത്തലായിരുന്നു മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം തീരുമാനിച്ചത്. അല്ലെങ്കിൽ അത്ര അത്യാവശ്യമല്ലാത്ത ഈ ചടങ്ങുകൾ ഓൺലൈനിലും നടത്താമായിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷയിൽ വീഴ്ചയുണ്ടാകരുതെന്ന് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയുള്ള ജില്ലയിൽ അതത് പോലീസ് മേധാവികൾ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സ്ഥിരം സുരക്ഷ ഗാർഡുകൾക്ക് പുറമെ അധികമായി കമാൻഡോകളെ പ്രത്യേകമായി നിയോഗിക്കുകയും ചെയ്തു.
പരിപാടിയിൽ പാലിക്കേണ്ട നിബന്ധനകൾ നേരത്തേ തന്നെ സംഘാടകർക്ക് പോലീസ് നൽകിയിരുന്നു. കറുപ്പ് വസ്ത്രം ധരിക്കുന്നതിനെയടക്കം വിലക്കിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിലാകെ ഒരു ചെറുപര്യടനം പൂർത്തിയാക്കിയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കൊച്ചി കലൂരിൽ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാൻസ്ജെൻഡേഴ്സിനെ തടഞ്ഞിരുന്നു. കലൂർ മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാൻസ്ജെൻഡേഴ്സിനെയാണ് തടഞ്ഞത്. കോഴിക്കോട്ടെ ബസ് ഷെൽട്ടറിൽ കാത്തു നിൽക്കുകയായിരുന്ന പർദയണിഞ്ഞ സ്ത്രീയോട് വേഗം സ്ഥലം വിടാൻ പോലീസ് നിർദേശിക്കുന്നതും അവർ ഡ്രോപ് ചെയ്യാനെത്തിയ റ്റു വീലറിൽ കയറിപ്പോകുന്നതും സമൂഹ മാധ്യമങ്ങളിൽ കണ്ടിരുന്നു.
കറുത്ത വസ്ത്രങ്ങൾക്ക് സംസ്ഥാനത്ത് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെന്ന പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി ഫൈനൽ ഡേയിൽ രംഗത്തെത്തി. കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിക്കാൻ പാടില്ലെന്ന പ്രചാരണം തെറ്റാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഇതു പറഞ്ഞത് പക്ഷേ, പര്യടനത്തിന്റെ അവസാന ദിവസമായിരുന്നുവെന്നത് ശ്രദ്ധേയം. കോട്ടയത്തും കൊച്ചിയിലും തൃശൂരിലും മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരിലും നടന്ന ആദ്യ എപ്പിസോഡുകളിൽ സ്കോർ ചെയ്തത് പ്രതിപക്ഷവും ബി.ജെ.പിയുമാണെന്ന് വേണമെങ്കിൽ പറയാം. ജനവികാരം സംസ്ഥാന സർക്കാരിനെതിരെ തിരിക്കാൻ അവർക്കായി. എന്നാൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ വിമാനത്തിലുണ്ടായ അനുഭവത്തിന്റെ നേട്ടം പ്രതിരോധത്തിലായ സർക്കാരിനാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെത്തിയിട്ടും വീട്ടിൽ പോകാനാവാതെ അതിഥി മന്ദിരത്തിൽ കഴിയേണ്ടി വന്നു.
ജനകീയ പ്രതിഛായയുള്ള ഉമ്മൻ ചാണ്ടി കേരളത്തിൽ എൽ.ഡി.എഫിന് എന്നും പേടിസ്വപ്നമായിരുന്നു. സൂര്യനിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന വനിത എത്തിയപ്പോൾ എരിവും പുളിയും പകർന്നത് അന്നത്തെ പ്രതിപക്ഷമായിരുന്നല്ലോ. കണക്കു തീർക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന് കോൺഗ്രസിന്റെ ഉന്നത നേതാവ് പറയുന്നതും കേട്ടു. എന്നാൽ ഈ ബഹളത്തിന്റെയൊക്കെ പേരിൽ മുഖ്യമന്ത്രി രാജിവെക്കുമെന്ന് കരുതാനാവുമോ? അങ്ങനെയെങ്കിൽ നേത്രാവതി എക്സ്പ്രസ് കേരളത്തിൽ തടഞ്ഞിട്ടൊന്നും മോഡി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടില്ലല്ലോ.






