സല്‍മാന്‍ ഖാന് ജാമ്യം; ഉടന്‍ ജയില്‍ മോചിതനാകും

ജോധ്പൂര്‍- കൃഷണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ വ്യാഴാഴ്ച കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ച നടന്‍ സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ചു. ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യത്തുകയായി 50,000 രൂപ കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോകരുതെന്നും ജാമ്യ വ്യവസ്ഥയുണ്ട്. ശിക്ഷാ വിധി വന്നശേഷം കഴിഞ്ഞ രണ്ടു ദിവസമായി ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ 106-ാം നമ്പര്‍ തടവുകാരനായി കഴിയുന്ന സല്‍മാന് വൈകുന്നേരത്തോടെ പുറത്തിറങ്ങാനാകുമെന്നാണ് കരുതപ്പെടുന്നത്. 

ജാമ്യഹരജി പരിഗണിക്കാനിരുന്ന ജഡ്ജിയെ സ്ഥലം മാറ്റിയത് കേസ് മാറ്റിവെച്ചേക്കുമെന്ന അഭ്യൂഹത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഇത് തടസ്സമായില്ല. കേസില്‍ സല്‍മാനെതിരെ ശാസ്ത്രീയ തെളിവുകളുടെ അഭാവമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. പോലീസ് ഹാജരാക്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും മാനുഷിക പരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്നും സല്‍മാനു വേണ്ടി ഹാജരായ അഭിഷാകര്‍ വാദിച്ചു. കോടതി ജാമ്യം അനുവദിച്ചതോടെ ജോധ്പൂര്‍ ജയില്‍ പരിസരത്ത് ആരാധകര്‍ തടിച്ചു കൂടിയിരിക്കുകയാണ്.

ബോളിവൂഡ് സിനിമാ ഷൂട്ടിങ്ങിനിടെ 1998 ഒക്ടോബറില്‍ രണ്ടു കൃഷ്ണമൃഗങ്ങളെ വേട്ടയാടിക്കൊന്ന കേസിലാണ് സല്‍മാന്‍ ഖാനെ കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നത്. പതിനായിരം രൂപ പിഴയും ചുമത്തിയിരുന്നു.

Latest News