ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഓഫീസിലെത്തി. മൂന്നംഗ ഉദ്യോഗസ്ഥ സംഘമാണ് അദ്ദേഹത്തെ മൂന്നാം ദിവസം ചോദ്യം ചെയ്യുന്നത്.
ചൊവ്വാഴ്ച പത്തു മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. എത്ര വൈകിയാലും ചോദ്യം ചെയ്യല്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി വഴങ്ങിയില്ല. ഇന്ന് വീണ്ടും എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച നടന്നതിലും കടുത്ത രീതിയിലായിരുന്നു ഇന്നലെ നടന്ന ചോദ്യം ചെയ്യല്‍. ഉച്ചഭക്ഷണം കഴിക്കുന്നതിനു പോലും രാഹുല്‍ പുറത്ത് കടന്നത് 3.45 നാണ്. 4.40 നു തന്നെ വീണ്ടും ഇ.ഡി ഓഫീസില്‍ തിരിച്ചെത്തുകയും ചെയ്തു. തിങ്കളാഴ്ച പത്തു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുപോയിരുന്നു. ഇന്നലെയും രാത്രി വൈകിയും ചോദ്യം ചെയ്തു. എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്യലിനിടെ രാഹുലിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പ്രധാനമന്ത്രിയുടെ തൊഴിലവസര പദ്ധതിയെ പരിഹസിച്ച് ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ഒന്നര വര്‍ഷം കൊണ്ടു പത്തു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ വകുപ്പില്‍ തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നായിരുന്നു രാഹുലിന്റെ പരിഹാസം. എട്ടു വര്‍ഷം മുന്‍പ് ബി.ജെ.പി യുവാക്കള്‍ക്ക് രണ്ടു കോടി തൊഴില്‍ അവസരങ്ങളായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇപ്പോള്‍ ഇതു പത്തു ലക്ഷമായി മാറിയിരിക്കുന്നു. ഇത് വെറും തട്ടിപ്പ് സര്‍ക്കാരല്ല, മറിച്ച് മഹാ തട്ടിപ്പ് സര്‍ക്കാരാണ്. പ്രധാനമന്ത്രി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയല്ല മറിച്ച്, തൊഴിലവസരത്തെക്കുറിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ഇന്നലെ കനത്ത സുരക്ഷ സന്നാഹങ്ങള്‍ക്കിടെ 11.30 നാണ് രാഹുല്‍ ചോദ്യം ചെയ്യലിനായി ഇ.ഡി ആസ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും വന്‍ തോതില്‍ പോലീസിനെയും അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരുന്നു. തിങ്കളാഴ്ച രാഹുലിന് ചോദ്യങ്ങള്‍ എഴുതി നല്‍കി മറുപടിയും എഴുതി നല്‍കാനാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. 25 ചോദ്യങ്ങള്‍ ഇത്തരത്തില്‍ രാഹുലിനു മുന്നില്‍ വെച്ചു എന്നാണ് വിവരം. പോലീസിനു മൊഴി നല്‍കുന്നതില്‍ നിന്നു വിഭിന്നമായി ഇ.ഡി ഉദ്യോഗസ്ഥന് മുന്നില്‍ നല്‍കുന്ന മൊഴി കോടതിയില്‍ സ്വീകാര്യമാണ്. യംഗ് ഇന്ത്യന്‍ കമ്പനിയില്‍ നടന്ന സാമ്പത്തിക തിരിമറികളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.
എന്നാല്‍ അന്വേഷണ ഏജന്‍സിയെ ബി.ജെ.പി തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് വകുപ്പായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ ബി.ജെ.പി ഏജന്‍സികളെ ഉപയോഗിച്ച് അയ്യായിരം കേസുകള്‍ വേണമെങ്കില്‍ ചുമത്തും. എന്നിട്ട് ആരോപിക്കപ്പെട്ടവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഉടന്‍ ആ കേസുകളെല്ലാം തന്നെ തേഞ്ഞു മാഞ്ഞുപോകും. ചൈനയുടെ കൈയേറ്റം, തൊഴിലില്ലായ്മ, കര്‍ഷക സമരം, സാമുദായിക സംഘര്‍ഷങ്ങള്‍ എന്നിവയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ നിരന്തരം ചോദ്യം ചെയ്യുന്നതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.






