ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് യാത്രയയപ്പ് നല്‍കി വെബ്‌ലോകം

ഇന്റര്‍നെറ്റ് ഓര്‍മകളില്‍ എപ്പോഴും സ്ഥാനമുള്ള ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഒടുവില്‍ വിരമിക്കുന്നു.  27 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ജൂണ്‍ 15 ഓടെയാണ് എക്‌സ്‌പ്ലോറര്‍ രംഗം വിടുന്നത്. ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. കുറച്ചുകാലമായി ആരും തന്നെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നില്ല. വേഗക്കുറവ് തന്നെയാണ് ഈ സെര്‍ച്ച് എഞ്ചിന്റെ പോരായ്മ.
എക്‌സ്‌പ്ലോററിന്റെ പിന്‍ഗാമിയായാണ് മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ പുറത്തിറക്കിയിട്ടുള്ളത്. എഡ്ജ് വഴി ഇപ്പോഴും പഴയ എക്‌സ്‌പ്ലോററിലെ പല ഓപ്ഷനുകളും ലഭിക്കും. 27 വര്‍ഷം മുമ്പ് 1995 ഓഗസ്റ്റിലാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പുറത്തിറങ്ങുന്നത്. ഇന്റര്‍നെറ്റ് വിപ്ലവത്തിനൊപ്പം ലോകം സഞ്ചരിച്ച് തുടങ്ങിയത് ഈ സെര്‍ച്ച് എഞ്ചിന്റെ കൂടി സഹായത്താലായിരുന്നു. കാലത്തെ അതിജീവിക്കില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് മൈക്രോസോഫ്സ്റ്റ് നവീകരിച്ച പുതിയ എഡ്ജ് പുറത്തിറക്കിയത്. ഗൂഗിളിന്റെ വെബ് ബ്രൗസറായ ക്രോമിന് സമാനമായ രീതിയിലാണ് എഡ്ജിന്റെ പ്രവര്‍ത്തനരീതി.
രസകരമായ മീമുകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. എക്‌സ്‌പ്ലോററിനോട് വിടപറയുന്ന ഫയര്‍ഫോക്‌സ്, എഡ്ജ്, ഗൂഗിള്‍ ക്രോം എന്നിവയുടെ ചിത്രങ്ങളുമായി ഒരു മീം പ്രചരിക്കുന്നുണ്ട്. ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് എക്‌സ്‌പ്ലോററിന് നന്ദി പറഞ്ഞ് കൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Latest News