ന്യൂദൽഹി-നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തുടർച്ചയായ രണ്ടാം ദിവസവും എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് പത്തു മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. എത്ര വൈകിയാലും ചോദ്യം ചെയ്യൽ ഇന്നു തന്നെ പൂർത്തിയാക്കാൻ രാഹുൽ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി വഴങ്ങിയില്ല. നാളെ വീണ്ടും എത്താൻ ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച നടന്നതിലും കടുത്ത രീതിയിലായിരുന്നു ഇന്ന് നടന്ന ചോദ്യം ചെയ്യൽ. ഉച്ച ഭക്ഷണം കഴിക്കുന്നതിനു പോലും രാഹുൽ പുറത്ത് കടന്നത് 3.45നാണ്. 4.40നു തന്നെ വീണ്ടും ഇ.ഡി ഓഫീസിൽ തിരിച്ചെത്തുകയും ചെയ്തു. തിങ്കളാഴ്ച പത്തു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു പോയിരുന്നു. ഇന്നലെയും രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടരുകയാണ്.
എൻഫോഴ്‌സമെന്റ് ചോദ്യം ചെയ്യലിനിടെ രാഹുലിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് പ്രധാനമന്ത്രിയുടെ തൊഴിലവസര പദ്ധതിയെ പരിഹസിച്ച് ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ഒന്നര വർഷം കൊണ്ടു പത്തു ലക്ഷം പേർക്ക് സർക്കാർ വകുപ്പിൽ തൊഴിൽ നൽകുമെന്ന് പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നായിരുന്നു രാഹുലിന്റെ പരിഹാസം. എട്ടു വർഷം മുൻപ് ബി.ജെ.പി യുവാക്കൾക്ക് രണ്ടു കോടി തൊഴിൽ അവസരങ്ങളായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇപ്പോൾ ഇതു പത്തു ലക്ഷമായി മാറിയിരിക്കുന്നു. ഇത് വെറും തട്ടിപ്പ് സർക്കാരല്ല, മറിച്ച് മഹാ തട്ടിപ്പ് സർക്കാരാണ്. പ്രധാനമന്ത്രി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയല്ല മറിച്ച്, തൊഴിലവസരത്തെക്കുറിച്ച് വാർത്തകൾ സൃഷ്ടിക്കുകയാണെന്നും രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ഇന്ന് കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ 11.30നാണ് രാഹുൽ ചോദ്യം ചെയ്യലിനായി ഇ.ഡി ആസ്ഥാനത്ത് എത്തിയത്. കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് ആസ്ഥാനത്തും പരിസരത്തും വൻ തോതിൽ പോലിസിനെയും അർധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരുന്നു. തിങ്കളാഴ്ച രാഹുലിന് ചോദ്യങ്ങൾ എഴുതി നൽകി മറുപടിയും എഴുതി നൽകാനാണ് ഇ.ഡി ഉദ്യോഗസ്ഥർ നിർദേശിച്ചത്. 25 ചോദ്യങ്ങൾ ഇത്തരത്തിൽ രാഹുലിനു മുന്നിൽ വെച്ചു എന്നാണു വിവരം. പോലീസിനു മൊഴി നൽകുന്നതിൽ നിന്നു വിഭിന്നമായി ഇ.ഡി ഉദ്യോഗസ്ഥന് മുന്നിൽ നൽകുന്ന മൊഴി കോടതിയിൽ സ്വീകാര്യമാണ്. യംഗ് ഇന്ത്യൻ കമ്പനിയിൽ നടന്ന സാമ്പത്തിക തിരിമറികളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.






