പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മഹാരാഷ്ട്രയിലെന്ന് സൂചന

കാസര്‍കോട്- കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി മഹാരാഷ്ട്രയിലുള്ളതായി സൂചന. മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അമീറലിയാണ് (23) മഹാരാഷ്ട്രയിലുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചു.
മെയ് 23ന് രാവിലെയാണ് അമീറലി വിദ്യാനഗറില്‍നിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ വിദ്യാനഗര്‍ ബി.സി റോഡില്‍ വെച്ചാണ് പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. കണ്ണൂര്‍ ജില്ലാ സായുധസേനയിലെ മൂന്ന് പോലീസുകാരാണ് അമീറലിയെ കോടതിയില്‍ ഹാജരാക്കാന്‍ വിദ്യാനഗറിലേക്ക് കൊണ്ടുവന്നത്. ബി.സി റോഡിലെത്തിയപ്പോള്‍ അമീറലി ഹോട്ടലില്‍നിന്ന് ചായ കുടിക്കണമെന്ന് പോലീസുകാരോട് പറഞ്ഞു. ഇതിനായി വിലങ്ങഴിച്ചപ്പോഴാണ് പ്രതി ഓടി രക്ഷപ്പെട്ടത്. പോലീസ് പിറകെ ഓടിയെങ്കിലും കണ്ടെത്താനായില്ല.
ബദിയടുക്ക ചെടേക്കാലില്‍നിന്ന് നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നും രണ്ട് കൈത്തോക്കുകളുമായാണ് അമീറലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ റിമാന്റ് ചെയ്തതിനെ തുടര്‍ന്നാണ് അമീറലിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. അമീറലിയെ പിടികൂടുന്നതിന് കാസര്‍കോട് പോലീസും വിദ്യാനഗര്‍ പോലീസും വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. പ്രതി ജില്ല വിട്ടുപോകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുപോലും അമീറലി മറ്റൊരു സംസ്ഥാനത്തേക്ക് കടന്നത് പോലീസിനെ കുഴക്കുകയാണ്.

 

Latest News