Sorry, you need to enable JavaScript to visit this website.
Saturday , August   13, 2022
Saturday , August   13, 2022

കർതൊലികളുടെ നാട്ടിൽ...

റിയാദിൽ നിന്നുള്ള യാത്ര സംഘം സെൻട്രൽ ഹിസ്‌റ്റൊറിക്കൽ പാർക്കിൽ
മെയ്ദാൻ ബസാർ എന്നറിയപ്പെടുന്ന ഹിസ്‌റ്റൊറിക്കൽ മാർക്കറ്റ്
തിബിലിസി നഗരം വിട്ടുള്ള പച്ചപുതച്ച മലകൾക്കിടയിലെ  നദി.
വിശുദ്ധ നഗരത്തിലെ സമേബ കത്തീഡ്രൽ
ജോർജിയയുടെ മാതാവിന്റെ സ്റ്റാച്യൂ സ്ഥിതിചെയ്യുന്ന മലമുകളിൽ  നിന്ന് നഗരത്തെ കാണുമ്പോൾ
ലേഖകനും കുടുംബവും ഗൈഡ് ലോലയോടൊപ്പം
സെൻട്രൽ ഹിസ്‌റ്റൊറിക്കൽ പാർക്കിന്റെ കവാടം
നഗരഹൃദത്തിൽ കുറ നദിക്ക് കുറുകെ സ്റ്റീലിലും ഗഌസിലും നിർമിച്ച സമാധാനത്തിന്റെ പാലം 'പീസ് ബ്രിഡ്ജ്'
മെയ്ദാൻ ബസാർ എന്നറിയപ്പെടുന്ന ഹിസ്‌റ്റൊറിക്കൽ മാർക്കറ്റ്
തെരുവിൽ പഴച്ചാറുകൾ വിൽക്കുന്ന വയോധിക

മഴത്തുള്ളികളുടെ കിലുക്കമറിഞ്ഞ് കോടമഞ്ഞിന്റെ ചേല ചുറ്റി ജോർജിയയുടെ തെരുവോരങ്ങളിലൂടെ ഞങ്ങൾ നടന്നു. അപ്പൂപ്പൻതാടി പോലെ പറന്നു പറ്റിയ മഞ്ഞുതുള്ളികളേറ്റു വാങ്ങി ചിരിക്കുന്ന പൂക്കളും നെഞ്ചു നിവർത്തി നിന്ന് സല്യൂട്ട് ചെയ്യുന്ന ക്രിസ്മസ് ട്രീകളും ഞങ്ങളെ വരവേൽക്കുകയാണ്. ഇക്കഴിഞ്ഞ പെരുന്നാൾ അവധിക്കായിരുന്നു ജോർജിയയിലേക്ക് സകുടുംബം നടത്തിയ യാത്ര. സഖാവ് സ്റ്റാലിന്റെ ജന്മനാട് കൂടിയാണ് പഴയ സോവിയറ്റ് ലാൻഡിന്റെ ഭാഗമായ ഈ കൊച്ചുരാജ്യം.
റിയാദ് എയർപോർട്ടിലെ റൺവേയിലൂടെ വിമാനം നീങ്ങിത്തുടങ്ങുമ്പോഴേ തലേരാത്രി ഉറക്കമൊഴിഞ്ഞതിന്റെ ക്ഷീണം കണ്ണുകളിൽ പറന്നുപറ്റി, അറിയാതെ മയങ്ങിപ്പോയി. ലാൻഡിംഗിനൊരുങ്ങുകയാണെന്ന ക്യാപ്റ്റന്റെ അനൗൺസ്‌മെന്റാണ്  ഉണർത്തിയത്. അപ്പോൾ പ്രാദേശിക സമയം ഉച്ചക്ക് 12 മണി. താഴ്ത്തിയിട്ട ജാലക വാതിൽ ഉയർത്തിവെച്ചു. തിബിലിസി രാജ്യാന്തര വിമാനത്താവളത്തിന്റെ ട്രാക്കിൽ മുത്തമിടാൻ യന്ത്രപ്പക്ഷിയുടെ ചക്രങ്ങൾ താഴ്ന്നിറങ്ങി. വിൻഡോയിലൂടെ പുറത്തേക്ക് കണ്ണുപായിച്ചു.
വിസ്മയിച്ചുപോയി. അവിസ്മരണീയ കാഴ്ച. മഞ്ഞിന്റെ വെൺമ പുതച്ച മലകൾ. നിമിഷങ്ങളുടെ കൺചിമ്മലിനിടയിൽ മേഘങ്ങളുടെ നിഴൽ വീണ് അത് മറയുകയും വീണ്ടും തെളിയുകയും ചെയ്യുന്നു. മഞ്ഞുമലകളെ മറച്ച മേഘപാളികളുടെ വിരി മാറ്റി ഭൂമിയുടെ സൗന്ദര്യം തെളിഞ്ഞുവരുന്നു. പച്ചപ്പരവതാനി വിരിച്ച പോലെ പുല്ല് പുതച്ച മലമടക്കുകൾ. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിന് പുറത്തേക്കിറങ്ങി. അത്യാവശ്യത്തിനുള്ള പണം ഡോളറിൽ നിന്ന് ജോർജിയൻ ലാറിയിലേക്ക് മാറ്റി. അപ്പോഴേക്കും നേരത്തെ ട്രാവൽ കമ്പനി ഏർപ്പാടാക്കിയ ഗൈഡ്  ഞങ്ങളെ തേടിയെത്തി സ്വാഗതം ചെയ്ത് ബസിലേക്ക് നയിച്ചു. പുറത്ത് കുളിർകാറ്റ്, ചാറ്റൽ മഴ. 'ഇവിടത്തെ കാറ്റാണ് കാറ്റ്' എന്ന് ചുണ്ടിൽ പാട്ടൂറി.
ഈറൻ കാറ്റേറ്റ് മഴത്തുള്ളി മണികൾ തട്ടിമാറ്റി ബസിലേക്ക് കയറി. ജോർജിയൻ പൗരനായ ഡ്രൈവർ ബസിൽ കയറുന്ന ഓരോരുത്തരെയും നിറഞ്ഞ ചിരി കൊടുത്താണ് സ്വീകരിക്കുന്നത്. എന്തോ പറയുന്നുണ്ട്, പക്ഷേ ഭാഷ പിടികിട്ടുന്നില്ല. ജോർജിയയുടെ ഔദ്യോഗിക ഭാഷയായ 'കർതൊലി'യിലാണ് അയാൾ സംസാരിക്കുന്നതെന്ന് പിന്നീട് മനസ്സിലായി. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഗൈഡ് അതിനെ പരിഭാഷപ്പെടുത്തി, 'ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം' എന്നാണ് അദ്ദേഹം പറയുന്നത്.

നീണ്ട പകലും ഹ്രസ്വ രാത്രിയും

ദൈർഘ്യമുള്ള പകലും ഹ്രസ്വ രാത്രിയുമാണ് ജോർജിയയിൽ. രാത്രി എട്ട് മണി കഴിഞ്ഞാണ് ഇരുട്ട് പരക്കുന്നത്. വെളിച്ചം നേരത്തെ വീഴുകയും ചെയ്യും. മഴയും തണുപ്പുമായതിനാൽ നഗരം നേരത്തെ ഉറങ്ങാനൊരുങ്ങും. പതിനൊന്ന് മണി കഴിഞ്ഞാൽ പിന്നെ നൈറ്റ് ലൈഫിന്റെ ഓളങ്ങൾ അപൂർവം ഇടങ്ങളിലൊതുങ്ങും. നിർജീവമായ തെരുവുകളും കവലകളും ബാക്കിയാകും. സാധാരണ സഞ്ചാരികളെത്തുന്ന രാജ്യങ്ങളിലെ പ്രധാന നഗരങ്ങൾ ഉറങ്ങാറില്ല. സംഗീതവും കലാപ്രകടനങ്ങളും തെരുവ് ഭക്ഷണ ശാലകളുമായി സജീവമായിരിക്കും. അതിവിടെ കാണുന്നില്ല.
അതിനെക്കുറിച്ചൊരു അന്വേഷണം നടത്തി നോക്കി. കോവിഡിന് ശേഷമാണ് ഈ മാറ്റം. സഞ്ചാരികളും ആസ്വാദകർക്കായുള്ള തെരുവിലെ കലാപ്രകടനങ്ങളും കുറഞ്ഞതോടെ കച്ചവടക്കാരും നേരത്തെ സ്ഥലം വിടും. അടുത്ത യാത്രയിൽ സജീവമായ തെരുവുകളെ കാണാനാകുമെന്ന് യാത്രക്കിടയിൽ പരിചയപ്പെട്ട ജോർജിയയിൽ മെഡിസിന് പഠിക്കുന്ന തിരുവനന്തപുരം സ്വദേശി അമൽ ഞങ്ങളോട് പറഞ്ഞു.

സ്റ്റാലിന്റെ ജന്മഗേഹം തേടി/ ഗോറിയിലേക്ക് പോകാൻ വിസമ്മതിച്ച് ലോല

ജോർജിയ യാത്രക്ക് ഒരുങ്ങുമ്പോൾ തന്നെ മനസ്സിലുണ്ടായിരുന്ന ആഗ്രഹമാണ് ജോസഫ് സ്റ്റാലിന്റെ ജന്മദേശവും ശേഷിപ്പും കാണുക എന്നത്. സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ കേട്ട പേരാണ്, പഠിച്ച ചരിത്രമാണ് അവിടം   സന്ദർശിക്കുമ്പോഴാണ് ജോർജിയൻ യാത്ര പൂർത്തിയായ അനുഭവമുണ്ടാകുക. ടൂർ കമ്പനി മുൻകൂട്ടി നിശ്ചയിച്ച പട്ടികയിൽ സ്റ്റാലിന്റെ ഗോറി ഗ്രാമം ഇല്ലായിരുന്നു. എങ്കിലും പ്രത്യേക അഭ്യർത്ഥന മാനിച്ച് ഗൈഡുകൾ ചില ഇടങ്ങളിലെല്ലാം ഞങ്ങളെ കൊണ്ടുപോയിരുന്നു. അക്കൂട്ടത്തിൽ സ്റ്റാലിന്റെ  വീട് കാണാൻ ഗൈഡായ ജോർജിയൻ വിദ്യാർഥിനി ലോലയോട് ഞങ്ങൾ അഭ്യർത്ഥിച്ചു. ആ പേര് കേട്ടതും ലോലയുടെ ചുവന്ന് തുടുത്ത മുഖത്ത് രോഷത്തിന്റെ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടു. സൗമ്യമായ കണ്ണുകൾ ഗൗരവത്തോടെ നോക്കി. ഒന്നിനും 'നോ' പറയാതിരുന്ന ലോല ഞാൻ അങ്ങോട്ടുണ്ടാകില്ലെന്ന് തീർത്ത് പറഞ്ഞു. ക്രൂരൻമാരായ മനുഷ്യരെയും അവരുടെ ദേശവും ഓർക്കാൻ ആഗ്രഹിക്കുന്നില്ല. എന്റെ മുൻഗാമികൾ പലരും അയാളുടെ കത്തിക്കും വെടിയുണ്ടക്കും ഇരയായവരാണ്. അവിടേക്കുള്ള യാത്ര എനിക്ക് നിഷിദ്ധമാണ്. ചരിത്ര പുരുഷനെ കാണാൻ നിങ്ങൾക്ക് പോകാം കൂട്ടുവരാനാകില്ല എന്ന് ലോല അനരഞ്ജനത്തിന് പഴുതില്ലാത്ത നയം വ്യക്തമാക്കി.

രഹസ്യ അറയിലെ പ്രാചീന ചന്ത

തിബിലിസി നഗരത്തോട് ചേർന്നുള്ള തുമാനിയാനി തെരുവിന്റെ ഭൂപരപ്പിനുള്ളിൽ ഒരു രഹസ്യ അറയുണ്ട്. രണ്ട് നിരത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിനടിയിലാണ് ഈ പ്രാചീന ചന്ത. നഗര ഹൃദയത്തിൽ അങ്ങനെയൊരു ഇടമുള്ളതായി മുൻകൂട്ടി വിവരം ലഭിക്കാതെ കണ്ടെത്തുക പ്രയാസമാണ്. പുരാതന ജോർജിയയുടെയും  ആധുനിക ജോർജിയയുടെയും ബന്ധിപ്പിക്കുന്ന വസ്തുക്കളാണ് അവിടെ വിൽപനക്കുള്ളത്.
ചരിത്രപ്രധാനമായ ഇടങ്ങളുടെയും വ്യക്തികളുടെയും സംഭവങ്ങളുടെയും മിനിയേച്ചറുകൾ മാർബിളിലും കൊറിയൻ ടോപ്പിലും കൊത്തിയത്. ചെമ്പിലും തകിടിലും നിർമിച്ച രൂപങ്ങൾ, തീൻമേശയിലെ പാത്രങ്ങൾ, ആഭരണങ്ങൾ, ചരിത്രപുരുഷന്മാരുടെ ഫ്രെയിം ചെയ്തുവെച്ച ചിത്രങ്ങൾ. അരിയളക്കുന്ന പറ, ഏറ്റവും വില കൂടിയ വൈനുകൾ തുടങ്ങി പുരാതന ജോർജിയ പുനർജനിച്ച അനുഭവം തരുന്നതാണ് മെയ്ദാൻ ബസാർ എന്നറിയപ്പെടുന്ന ഈ ചരിത്ര ചന്ത.

വിശുദ്ധ നഗരം

തിബിലിസിന് മുമ്പുള്ള ജോർജിയയുടെ പഴയ തലസ്ഥാനമാണ് 'മ്റ്റിസ്‌ഖേറ്റ' എന്ന് പേരുള്ള ഈ വിശുദ്ധ നഗരം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 'സാംതാവ്രോ' ചർച്ചാണ് പ്രധാന ആകർഷണം. 'ഭരണാധികാരിയുടെ സ്ഥലം' എന്നാണ് ജോർജിയൻ ഭാഷയിൽ 'സാംതാവ്രോ' എന്ന പദത്തിന്റെ അർത്ഥം. ജോർജിയയിലെ ഏറ്റവും പുരാതന ഓർത്തഡോക്‌സ് ക്രിസ്ത്യൻ സന്ന്യാസി മഠമാണ് സാംതാവ്രാ.
കൂറ്റൻ കെട്ടിടത്തിന്റെ നിർമിതി തന്നെ അത്ഭുതകരമാണ്. നാലാം നൂറ്റാണ്ടിലെ ഐബീരിയയിലെ മിറിയൻ മൂന്നാമൻ രാജാവാണ് നിർമിച്ചത്. മിറിയൻ മൂന്നാമന്റെയും പ്രശസ്ത ജോർജിയൻ സന്ന്യാസിയായ ഗബ്രിയേലിന്റെയും ശവകുടീരങ്ങൾ സാംതാവ്രോ പള്ളിയുടെ മുറ്റത്താണ് സ്ഥിതി ചെയ്യുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ജോർജ് ഒന്നാമൻ രാജാവും കത്തോലിക്കാ പാത്രിയർക്കീസ് മെൽക്കിസെഡെക് ഒന്നാമനും ചർച്ച് പുനർനിർമിച്ചു. ചരിത്ര വാസ്തുവിദ്യ സ്മാരകമായ സാംതാവ്രോ യുനെസ്‌കോയുടെ സംരക്ഷിത പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കല്യാണവും പേരിടലും ഉൾപ്പെടെ ജീവിതത്തിലെ പ്രധാന ആഘോഷങ്ങൾക്കെല്ലാം സമയം കുറിക്കലും കാർമികത്വം നടക്കലും ഇവിടെ വെച്ചാണ്. ചർച്ചിനകം സുഗന്ധപൂരിതമാണ്. മെഴുകുതിരി കത്തിച്ച് മുട്ടുകുത്തി പ്രാർത്ഥിക്കുന്നവരും ഏറെയുണ്ടവിടെ.


മഞ്ഞുപെയ്യുന്ന വഴികളിലൂടെ

പുല്ല് പുതച്ച മലകൾക്ക് ഇടയിലൂടെ കറുത്ത റോഡ്. തോരാതെ പെയ്യുന്ന മഞ്ഞു തുള്ളികൾ. സ്‌റ്റെപ്പന്റ്‌സ്മിൻഡ ഗ്രാമത്തിലെ ഗെർഗെറ്റി ട്രിനിറ്റി ചർച്ചിലേക്കുള്ള വഴിയോര അനുഭവം മനം കുളിർപ്പിക്കും. രണ്ട് കിലോമീറ്റർ താഴെ വരെ ബസ് എത്തും. പിന്നീട് ഫോർ വീൽ ഡ്രൈവ്  വാഹനത്തിലാണ് അവിടെ എത്തേണ്ടത്. ഒരു പത്ത് മിനിട്ട് കാൽനടയായി കുത്തനെയുള്ള മല കയറണം. ആ യാത്ര അവസാനിക്കുക ഒരത്ഭുത നിർമിതിയിലേക്കായിരിക്കും. ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ചർച്ചിന്. സ്വർണ നിറമാണ് ആ പ്രാചീന സൗധത്തിന്. ഭൂമിയുടെ അറ്റമാണതെന്ന് തോന്നിപ്പോകും. ചുറ്റിലും പച്ച പുതച്ച മലകളും കോടമഞ്ഞും.

പഴച്ചാർ ഒഴുകുന്ന തെരുവുകൾ

വിനോദ സഞ്ചാരികളെത്തുന്ന പൊതുവിടങ്ങളിലെല്ലാം ഗ്രേപ്പ് ഫ്രൂട്ടും അനാറും ഓറഞ്ചും സ്‌ട്രോബെറിയും പിഴിഞ്ഞ് നീരാക്കി വിൽക്കുന്ന വഴിയോര വാണിഭക്കാരുണ്ട്. സ്ത്രീകളാണ് ഭൂരിപക്ഷവും കച്ചവടക്കാർ. തെരുവിൽ പരമ്പരാഗത ശൈലിയിൽ തയാറാക്കുന്ന മുന്തിരിച്ചാറുകളുടെ തണ്ണീർ പന്തലുകളുമുണ്ട്. ഒരിടത്ത് പോയി നാല് ഓറഞ്ച് ജ്യൂസ് ഓർഡർ ചെയ്തു. രണ്ടെണ്ണത്തിന് അവർ പണം വാങ്ങിയില്ല. കുട്ടികൾക്കുള്ള ജ്യൂസിന് പണം വേണ്ടെന്ന് ശഠിച്ചു. ഒടുവിൽ ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങി പണം വാങ്ങി. കുടിൽ വ്യവസായം പോലെ അന്നത്തെ പട്ടിണി മാറ്റാൻ ചെയ്യുന്ന തൊഴിലാണെന്ന് കാഴ്ചയിൽ തന്നെ പ്രകടമാണ്. എന്നിട്ടും അവർ കാണിക്കുന്ന സ്‌നേഹപ്രകടനം അനിർവചനീയമാണ്. ജോർജിയൻ യാത്രയിൽ ഒരിക്കലും മറക്കാത്ത ഹൃദ്യമായ അനുഭവമാണ് ജോർജിയൻ മുത്തശ്ശി സമ്മാനിച്ചത്.

കുറ നദിയിലെ ബോട്ട് സവാരി

കോക്കസസ് പർവത നിരകളിലെ ഗിരിമകുടമായ ഗ്രേറ്റർ കോക്കസസിന്റെ തെക്ക് ഭാഗത്തുനിന്ന് ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദിയാണ് കുറ. തുർക്കിയുടെ വടക്കുകിഴക്കൻ ഭാഗത്ത് നിന്ന് ആരംഭിച്ച് ജോർജിയയിലൂടെ അസർബൈജാനിലേക്കാണ് അതിന്റെ ഒഴുക്ക്. 1500 ലധികം കിലോമീറ്റർ ദൈർഘ്യം. ചെളി കലങ്ങിയ നിറമാണ് വെള്ളത്തിന്.
ബോട്ട് സവാരിക്കായി ടിക്കറ്റെടുക്കുന്നവർക്ക് രണ്ട് കവിൾ വൈനോ ഒരു കപ്പ് ചായയോ കോഫിയോ സ്വീകരണ പാനീയമായി ലഭിക്കും. അസാധ്യ ഒഴുക്കുള്ള കുറയിലൂടെയുള്ള ബോട്ട് സവാരി തികഞ്ഞ സാഹസിക യാത്രയാണ്. കർതൊലി ഭാഷ മാത്രം സംസാരിക്കുന്ന ഡ്രൈവറുടെ ചുണ്ടിൽ സിഗരറ്റ് പുകയുന്നുണ്ട്. ഒറ്റനോട്ടത്തിൽ പരുക്കനാണെന്ന് തോന്നിപ്പോകുന്ന ശരീര ഭാഷ. സവാരി ആരംഭിച്ചതോടെ സഹയാത്രികൻ മുത്തലിബിന്റെ മൊബൈലിൽ നിന്ന് ലോക പ്രശസ്ത ഗായിക ജെന്നിഫർ ലോപ്‌സിന്റെ കിടിലൻ വരികൾ ബോട്ടിന്റെ സ്പീക്കറിലേക്ക് ഒഴുകി. സിഗരറ്റ് കുറ്റി ആഞ്ഞുവലിച്ചു അയാൾ ഒറ്റക്കൈ കൊണ്ട് ബോട്ടോടിച്ചു. പാട്ടിനൊപ്പം കരം ചലിപ്പിച്ച് ഞങ്ങളോടൊപ്പം ചേർന്നു. പത്തോ പതിനഞ്ചോ മിനിറ്റിനകം ബോട്ട് കരക്കടുത്തു. യാത്ര ഉല്ലാസമാക്കിയതിന് ആംഗ്യഭാഷയിൽ നന്ദിയറിയിച്ചു പിരിഞ്ഞു. പിറ്റേ ദിവസമാണ് ജോർജിയയിൽ ബോട്ടപകടത്തിൽ മലയാളി യുവതി മരിച്ച വാർത്ത വായിച്ചത്. നടുക്കത്തോടെ അപ്പോഴാണ് ഞങ്ങൾ ഓർത്തത് ലൈഫ് ജാക്കറ്റ് ഉൾപ്പെടെ ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് അവർ ഞങ്ങളെ സവാരിക്ക് കൊണ്ടുപോയതെന്ന്.

സ്‌നേഹപ്പൂട്ടുകളുടെ നഗരം

'ലൗ ലോക്ക്' ബ്രിഡ്ജുകൾ പലയിടങ്ങളിലുമുണ്ട് ജോർജിയയിൽ. അസംഖ്യം പൂട്ടുകൾ. പല പൂട്ടുകളിലും ഇംഗ്ലീഷിലും കർതൊലിയിലും പ്രണയിനികളുടെ പേരുകൾ എന്ന് സൂചിപ്പിക്കുന്ന ലിപികളുണ്ട്. പൊട്ടിക്കാനാകാത്ത പ്രണയത്തിന്റെ പ്രതീകമായി പൂട്ടുകൾ തുറക്കാതെ അവശേഷിക്കാൻ താക്കോൽ പാലത്തിന് താഴെ ഒഴുകുന്ന നദിയിലേക്ക് വലിച്ചെറിയും. ലോകത്ത് പലയിടത്തുമുണ്ട് ഇത്തരം പാലങ്ങളും ആചാരങ്ങളും. ജോർജിയയിൽ നഗരത്തിന്റെ പല മേഖലകളിലും സ്‌നേഹപ്പൂട്ട് മൂടിയ പാലങ്ങൾ കാണാനാകും.

സമാധാനത്തിന്റെ പാലം

ബ്രിഡ്ജ് ഓഫ് പീസ് എന്ന് വിളിപ്പേരുള്ള നഗരഹൃദയത്തിലെ പാലത്തിന് വയസ്സ് പന്ത്രണ്ടേയുള്ളൂ. 2010 ലാണ് ഈ പാലം നിർമിച്ചത്. ഇന്നിത് തിബിലിസിയുടെ ലാൻഡ് മാർക്കുകളിലൊന്നാണ്. കുറ നദിക്ക് കുറുകെയുള്ള പാലത്തിന് 150 മീറ്റർ നീളമാണുള്ളത്. നീലക്കടലിൽ മുങ്ങിത്താഴുന്ന തിമിംഗലത്തെ പോലെയാണ് പാലത്തിന്റെ ദൂരക്കാഴ്ച. പ്രധാനമായും പാലത്തിന്റെ നിർമാണത്തിലെ കൗതുകം ആസ്വദിക്കാനാണ് ഇവിടെ സഞ്ചാരികളെത്തുന്നത്. ഇറ്റലിയിൽ നിർമിച്ച് ജോർജിയയിൽ കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച ഈ പാലത്തിന്റെ നിർമാതാവ് ഇറ്റാലിയൻ വാസ്തുശിൽപിയായ മിഷേൽ ഡി ലുച്ചിയാണ്.
സമാധാനത്തന്റെ പാലം കടന്ന ജോർജിയൻ യാത്ര അവിസ്മരണീയ അനുഭവങ്ങൾ സമ്മാനിച്ച് അവസാനിച്ചിട്ടും മനസ്സിലിപ്പോഴും മഞ്ഞുപെയ്തുകൊണ്ടിരിക്കുന്നു.


 

Latest News