പൊതുസ്വത്ത് കൊള്ളയടിക്കുന്നവർ, അവരെ സംരക്ഷിക്കുന്ന സർക്കാർ

പല കമ്പനികളും കേരള ഭൂപരിഷ്‌കരണ നിയമങ്ങൾ, കേരള ഭൂസംരക്ഷണ നിയമങ്ങൾ, ഗവ. ഓഫ് ഇന്ത്യ ആക്ട്, ഫെറ നിയമങ്ങൾ, വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടങ്ങൾ തുടങ്ങി നിരവധി നിയമങ്ങളെ മറികടന്നുകൊണ്ട് സംസ്ഥാനത്തെ ജനങ്ങൾക്കവകാശപ്പെട്ട ഭൂമി കൈവശം വെച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാന ലാന്റ് ബോർഡ് സ്പെഷ്യൽ ഗവ. പ്ലീഡർ സുശീല ആർ. ഭട്ട്, തോട്ടത്തിൽ രാധാകൃഷ്ണൻ, വി.പി. രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് 2013 ഫെബ്രുവരി 28 ന് ഹാരിസൺ മലയാളം കൈവശം വെച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നു് ഉത്തരവിട്ടിരുന്നു. എന്നാൽ നടന്നില്ല, ഇനിയും നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഷാജ് കിരൺ ഉന്നയിച്ച ആരോപണം പ്രസക്തമാകുന്നത്. 

സ്വർണക്കടത്തും കറൻസി കടത്തുമായി ബന്ധപ്പെട്ട ആരോപണ - പ്രത്യാരോപണങ്ങൾ കേരള രാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുകയാണല്ലോ. സോളാർ കാലത്തിനു സമാനമായ രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അന്നത്തെ സരിതയുടെ സ്ഥാനത്ത് ഇപ്പോൾ സ്വപ്‌ന. അന്ന് യു.ഡി.എഫ് പറഞ്ഞതും ചെയ്തതുമൊക്കെ ഇന്നു എൽ.ഡി.എഫ് പറയുന്നു, ചെയ്യുന്നു. തിരിച്ചും. മാധ്യമങ്ങൾ അന്നു സരിതക്കു പിന്നാലെ പാഞ്ഞ പോലെ ഇന്നു സ്വപ്നക്കു പിന്നാലെ പായുന്നു. അന്നൊരു സി.ഡിക്കു പിന്നാലെ പോയ പോലെ ഇപ്പോൾ ശബ്ദരേഖകൾക്കു പിന്നാലെ. അങ്ങനെ ചെയ്യാതിരിക്കാൻ മാധ്യമങ്ങൾക്കാകില്ല. കാരണം ജനങ്ങൾ അതെല്ലാം കാണാനാഗ്രഹിക്കുന്നു, കേൾക്കാനാഗ്രഹിക്കുന്നു എന്നതു തന്നെ. മറുവശത്ത് കറുത്ത മാസ്‌ക് ധരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് ജനങ്ങൾ എത്തിയിരിക്കുന്നു. മാത്രമല്ല, പൗരന്റെ അവകാശമായ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. 
ഈ വിവാദങ്ങൾക്കിടയിൽ മറച്ചുവെക്കപ്പെടുന്ന ഒരു വിഷയമാണ് ഇവിടെ പരാമർശിക്കുന്നത്. പലപ്പോഴും ചർച്ച ചെയ്യുന്നതാണെങ്കിലും ഇനിയും ശക്തമായ നടപടികളെടുക്കാൻ ഒരു സർക്കാരും തയാറാകാത്ത വിഷയം. മറ്റൊന്നുമല്ല,  സർക്കാരും ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് കെ.പി. യോഹന്നാൻ എന്ന ആത്മീയ - ഭൂമി - സാമ്പത്തിക ഇടപാടുകാരനുമായുള്ള ബന്ധത്തെ കുറിച്ചാണത്. ഇപ്പോഴത്തെ വിവാദത്തിലും ഈ വിഷയം പരാമർശിക്കപ്പെട്ടെങ്കിലും പ്രതിപക്ഷമോ മാധ്യമങ്ങളോ മറ്റാരുമോ അതധികം മുന്നോട്ടു കൊണ്ടുപോകുന്നില്ല. കെ.പി. യോഹന്നാന്റെ നിയന്ത്രണത്തിലുള്ള ബിലീവേഴ്‌സ് ചർച്ച്  മുഖ്യമന്ത്രിയുടെ ബിനാമിയാണന്നും മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും സമ്പാദ്യം ബിലീവേഴ്‌സ് ചർച്ചിന്റെ അക്കൗണ്ട് വഴി മുഖ്യമന്ത്രി റിവേഴ്‌സ് ഹവാല നടത്തിയെന്നുമുള്ള ആരോപണം ഉന്നയിച്ചത് ഇപ്പോൾ ചർച്ചകളുടെ കേന്ദ്ര സ്ഥാനത്തു നിൽക്കുന്ന ഷാജ് കിരൺ തന്നെയാണ്.  അതാണിപ്പോൾ ഗൗരവമായി ചർച്ച ചെയ്യേണ്ടത്. 

കോടികളുടെ തട്ടിപ്പാണ് ചെറുവള്ളി എസ്‌റ്റേറ്റിന്റെ  പേരിൽ നടന്നത്, ഇപ്പോഴും നടക്കുന്നത് എന്നു വേണം കരുതാൻ. സർക്കാർ ഭൂമി അനധികൃത മാർഗത്തിലൂടെ സ്വന്തമാക്കിയ ശേഷം അത് സർക്കാരിനു തന്നെ വിൽപന നടത്തി കോടികൾ കൊള്ളയടിക്കാനാണ് നീക്കമെന്നു വ്യക്തമാണ്. ഇക്കാര്യം അറിഞ്ഞു തന്നെയാണ് സർക്കാരും മുന്നോട്ടു പോകുന്നത്. സർക്കാർ ഭൂമിയാണിതെന്ന് സർക്കാർ തന്നെ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതാണ്  മറച്ചുവെക്കുന്നത്. മാത്രമല്ല, 2200 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഇത്തരത്തിൽ ഏറ്റെടുത്താൽ ഇതുപോലെ തന്നെ തോട്ടം എന്ന പേരിൽ വൻകിടക്കാർ കൈവശപ്പെടുത്തി വെച്ചിരിക്കുന്ന അഞ്ച് ലക്ഷത്തോളം ഏക്കർ ഭൂമിയും സർക്കാരിന് നഷ്ടപ്പെടും. ഇതിലൂടെയുണ്ടാകുന്ന നഷ്ടമാകട്ടെ 25,000 കോടിയിലധികം വരുമെന്നാണ് കണക്ക്.

സംസ്ഥാനത്ത് ഏറ്റവുമധികം തോട്ടം ഭൂമി കൈവശം വെച്ചിരിക്കുന്നത് ഹാരിസണാണ്. അതുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2013 ഫെബ്രുവരി 28 ന് ഹാരിസണിന്റെ കൈവശമുള്ള ഭൂമി റവന്യൂ ഭൂമിയാണെങ്കിൽ കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം ഏറ്റെടുക്കാവുന്നതാണെന്നും രണ്ടു മാസത്തിനകം അതിന്റെ നടപടി തുടങ്ങണമെന്നും വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സർക്കാർ നിയമിച്ച സ്പെഷ്യൽ ഓഫീസറും എറണാകുളം ജില്ലാ കലക്ടറുമായ എം.ജി. രാജമാണിക്യം ഹാരിസണിന്റെ ഭൂമിക്ക് കൈവശാവകാശ, പ്ലാന്റേഷൻ സർട്ടിഫിക്കറ്റുകൾ നൽകരുതെന്നും മരം മുറിക്കരുതെന്നും ഭൂമി കൈമാറ്റം ചെയ്യരുതെന്നുമുള്ള വിലക്കുകൾ ഏർപ്പെടുത്തി. കേരളത്തിലെ നാലു ജില്ലകളിലായി ഹാരിസണിന്റെ 25,000 ഏക്കർ ഭൂമിയെ സംബന്ധിച്ച് സ്പെഷ്യൽ ഓഫീസർ സ്ഥലപരിശോധന നടത്തുകയും ഹാരിസണിനെതിരേ ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. നാലു ജില്ലകളിലായി പരിശോധന നടത്തിയ സ്പെഷ്യൽ ഓഫീസർ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഹാരിസൺ കൈവശം വെച്ചിരിക്കുന്ന 29,185 ഏക്കർ ഭൂമി ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നാണ് അവർ വിറ്റ ഭൂമികൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
അതേ സമയം ഹാരിസൺ, കോടതി വ്യവഹാരങ്ങളിലൂടെ ഏറ്റെടുക്കൽ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഓർഡിനൻസ് ഇറക്കി മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കണമെന്ന് റവന്യൂ വകുപ്പിനു വേണ്ടി സ്റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറി സർക്കാരിനു കത്തു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹാരിസണും കെ.പി. യോഹന്നാനും അനുകൂലമാകുന്ന തരത്തിൽ സംസ്ഥാന സർക്കാർ നീങ്ങിയത്. എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം പണിയാനും അതിൽ കെ.പി. യോഹന്നാന് പങ്കാളിത്തം നൽകാനുമുള്ള നീക്കത്തിലൂടെ യോഹന്നാന്റെ കൈവശമുള്ള ഭൂമിയുടെ ഉടമാവകാശം സർക്കാർ തന്നെ സമ്മതിച്ചുകൊടുക്കുകയാണ് ചെയ്തത്. സ്വാഭാവികമായും ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയത് ദളിത് ആദിവാസി വിഭാഗങ്ങൾ തന്നെയാണ്. കേരളത്തിൽ വിദേശ തോട്ടം കുത്തകകൾ നിയമ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായി കൈവശം വെച്ചു കൊണ്ടിരിക്കുന്ന അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയിൽ പുനഃസംഘടിപ്പിക്കാനും മണ്ണിൽ പണിയെടുക്കുന്ന ദളിത്  ആദിവാസികൾ ഉൾപ്പെടെയുള്ള ഭൂരഹിത കർഷകർക്കും കർഷക തൊഴിലാളികൾക്കും കൃഷിഭൂമി വിതരണം ചെയ്തുകൊണ്ട് കേരളത്തിന്റെ സ്വാശ്രിതമായ വികസനത്തിനും കാർഷിക പുരോഗതിക്കും അടിത്തറയിടാൻ കഴിയുമാറ് കാർഷിക-ഭൂ പരിഷ്‌കരണ നടപടികൾ മുന്നോട്ട് കൊണ്ടുപോകണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. 
പല കമ്പനികളും കേരള ഭൂപരിഷ്‌കരണ നിയമങ്ങൾ, കേരള ഭൂസംരക്ഷണ നിയമങ്ങൾ, ഗവ. ഓഫ് ഇന്ത്യ ആക്ട്, ഫെറ നിയമങ്ങൾ, വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടങ്ങൾ തുടങ്ങി നിരവധി നിയമങ്ങളെ മറികടന്നുകൊണ്ട് സംസ്ഥാനത്തെ ജനങ്ങൾക്കവകാശപ്പെട്ട ഭൂമി കൈവശം വെച്ചുകൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം രാജമാണിക്യം കമ്മീഷൻ 2016 ജൂൺ 4 ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. അതിനു മുമ്പെ സംസ്ഥാന ലാന്റ് ബോർഡ് സ്പെഷ്യൽ ഗവ. പ്ലീഡർ സുശീല ആർ. ഭട്ട്, തോട്ടത്തിൽ രാധാകൃഷ്ണൻ, വി.പി. രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് 2013 ഫെബ്രുവരി 28 ന് ഹാരിസൺ മലയാളം കൈവശം വെച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ നടന്നില്ല, ഇനിയും നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഷാജ് കിരൺ ഉന്നയിച്ച ആരോപണം പ്രസക്തമാകുന്നത്. 

Latest News