നഈരിയ - സൗദിയിലെ നഈരിയക്കു സമീപം മരുഭൂമിയില്‍ കുടുങ്ങിയ സൗദി പൗരനും ഏഴു വയസുകാരനായ മകനും ദാഹപരവശരായി മരണപ്പെട്ടു. നഈരിയക്കു കീഴിലെ മുഗതി ഗ്രാമത്തില്‍ നിന്ന് 25 കിലോമീറ്റര്‍ ദൂരെ മരുഭൂമിയില്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് പോയ സൗദി പൗരന്‍ ഏഴു വയസുകാരനായ മകനെയും ഒപ്പം കൂട്ടുകയായിരുന്നു. മാര്‍ഗമധ്യേ ഇവരുടെ കാര്‍ മണലില്‍ കുടുങ്ങി.
മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്ത പ്രദേശത്ത് കുടുങ്ങിയ കാര്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെ കാല്‍നടയായി മുഗതി ഗ്രാമം ലക്ഷ്യമാക്കി സൗദി പൗരന്‍ പുറപ്പെട്ടു. മാര്‍ഗമധ്യേ മരുഭൂമിയില്‍ കൊടുംചൂടില്‍ യാത്ര തുടരാനാകാതെ ദാഹപരവശനായി ഇദ്ദേഹം മരിച്ചുവീണു. ഇവിടെ നിന്ന് ഏറെ അകലെ മറ്റൊരു സ്ഥലത്താണ് ബാലനെ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ മുല്ലേജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കി.
സമാനമായ മറ്റൊരു അപകടത്തില്‍, മക്ക പ്രവിശ്യയില്‍ പെട്ട ഉമ്മുദൂം മരുഭൂമിയില്‍ മൂന്നു ദിവസം മുമ്പ് കാണാതായ സൗദി പൗരനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഉമ്മുദൂമിനു സമീപം മരുഭൂമിയില്‍ സൗദി പൗരനെ കാണാതായതായി മരുഭൂമിയില്‍ കാണാതാകുന്നവര്‍ക്കു വേണ്ടി തിരച്ചിലുകള്‍ നടത്തുന്ന വളണ്ടിയര്‍ കൂട്ടായ്മയായ ഇന്‍ജാദ് സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നതിനിടെ മരുഭൂമിയില്‍ കുടുങ്ങിയ സൗദി പൗരന്റെ കാര്‍ മകന്‍ കണ്ടെത്തിയതായി വിവരം ലഭിച്ചു. പിന്നീട് സൗദി പൗരനെ മരിച്ചുകിടക്കുന്ന നിലയില്‍ ബന്ധുക്കള്‍ മരുഭൂമിയില്‍ കണ്ടെത്തിയതായും വളണ്ടിയര്‍ സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു.






