ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം പേരെ നിയമിക്കാന്‍ മോഡിയുടെ നിര്‍ദേശം

ന്യൂദല്‍ഹി- അടുത്ത ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം പേരെ നിയമിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശം നല്‍കി. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേയും മന്ത്രാലയങ്ങളിലേയും മനുഷ്യവിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്തതിനുശേഷമാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.  

മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ രണ്ടു മാസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറിമാരോട് നിര്‍ദ്ദേശിച്ചിരുന്നു. ര ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അവലോകന യോഗം നടന്നതെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.


സെക്രട്ടറിമാരുമായി ഏപ്രില്‍ രണ്ടിന് നടത്തിയ  കൂടിക്കാഴ്ചയില്‍ പൊതുസ്വകാര്യ മേഖലകളിലെ എല്ലാ സര്‍ക്കാര്‍ ഇടപെടലുകളിലും തൊഴിലില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി പ്രത്യേകം പറഞ്ഞിരുന്നു. ഇതിനുശേഷം കാബിനറ്റ് സെക്രട്ടറി സെക്രട്ടറിമാര്‍ക്ക് കത്തെഴുതുകയും പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തൊഴിലില്ലായ്മ വിഷയത്തില്‍ പ്രതിപക്ഷം നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. 18 മാസത്തികനം പത്ത് ലക്ഷം നിയമനം നടത്തുമെന്ന പ്രഖ്യാപനത്തെ ആവേശത്തോടെയാണ് സമൂഹ മാധ്യമങ്ങള്‍ സ്വീകരിച്ചത്.

 

Latest News