റിയാദ്- യെമനില്‍നിന്ന് ഹൂത്തി മിലീഷ്യ നജ്‌റാന്‍ ലക്ഷ്യമിട്ട് അയച്ച മിസൈല്‍ യെമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണക്കുന്ന സഖ്യസേന തകര്‍ത്തു.
വെള്ളിയാഴ്ച രാത്രി 9.32-നാണ് യെമനകത്തുള്ള സആദയില്‍നിന്ന് മിസൈല്‍ തൊടുത്തതെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. നജ്‌റാനില്‍ പതിക്കുന്നതിനു മുമ്പ് തന്നെ സൗദി പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം ഹൂത്തി ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു. മിസൈല്‍ ഭാഗങ്ങള്‍ ജനവാസ കേന്ദ്രങ്ങിലാണ് ചിതറിയതെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാന്‍ പിന്തുണയോടെ ഹൂത്തികള്‍ സൗദി അറേബ്യക്കുനേരെ മിസൈല്‍ ആക്രമണം തുടരുകയാണ്. മാര്‍ച്ച് 25-ന് ഹൂത്തി മിലീഷ്യ സൗദി തലസ്ഥാനമായ റിയാദടക്കമുള്ള നഗരങ്ങള്‍ ലക്ഷ്യമിട്ട് എഴ് മിസൈലുകളാണ് അയയച്ചത്. ഇവയെല്ലാം പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകര്‍ത്തു. റിയാദില്‍ മിസൈലിന്റെ ഭാഗം വീണ് ഈജിപ്തുകാരനായ ഡ്രൈവര്‍ കൊല്ലപ്പെട്ടിരുന്നു.
ഏപ്രില്‍ രണ്ടിന് ജിസാന്‍ പ്രവിശ്യയിലെ അതിര്‍ത്തി പട്ടണമായ ദഹറാന്‍ അല്‍ ജുനൂബിലേക്ക് അയച്ച മിസൈല്‍ യെമനില്‍തന്നെ പതിച്ചിരുന്നു. സൗദി അതിര്‍ത്തിയില്‍നിന്ന് രണ്ട് കി.മീറ്റര്‍ മാറി യെമനിലുള്ള തരിശ് ഭൂമിയിലാണ് മിസൈല്‍ വീണിരുന്നത്.
ഏപ്രില്‍ മൂന്നിന് ഹുദൈദ തുറമുഖത്തിന് പടിഞ്ഞാറ് സൗദി എണ്ണ ടാങ്കറുകള്‍ക്കുനേരെ ഹൂത്തികള്‍ മിസൈല്‍ അയച്ചു.സഖ്യസേനയില്‍ ഉള്‍പ്പെടുന്ന രാജ്യത്തിന്റെ നാവിക സേനയാണ് ഇതു തകര്‍ത്തത്. ഒരു ടാങ്കറിനു നേരിയ കേടുപാട് സംഭവിച്ചെങ്കിലും പടക്കപ്പലുകളുടെ അകമ്പടിയോടെ ലക്ഷ്യസ്ഥാനത്തെത്തിയെന്നും കേണല്‍ മാലിക്കി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രി 9.31-ന് ജിസാനിലേക്കയച്ച ബാലിസ്റ്റിക് മിസൈലും സൗദി സേന തകര്‍ത്തു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.