ഭോപ്പാല്‍- ബ്ലേഡ് കൈയില്‍വെച്ച് യുവതിയുടെ മുഖത്തടിച്ച് മുറിവേല്‍പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പൂവാലന്മാരുടെ ശല്യം ചെറുത്തതിനെ തുടര്‍ന്നാണ് 35 കാരിക്കുനേരെ ആക്രമണം നടന്നത്.
സ്ത്രീയുടെ മുഖത്ത് 10 സെന്റീമീറ്റര്‍ നീളമുള്ള മുറിവുണ്ടായതായി പോലീസ് ഞായറാഴ്ച പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയുടെ മുഖത്ത് 118 തുന്നലുകള്‍ വേണ്ടിവന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നഗരത്തിലെ ശിവാജി നഗറിലെ വീട്ടിലേത്ത് മുറിവേറ്റ സീമ സോളങ്കിയെ സന്ദര്‍ശിച്ചു. യുവതി കാണിച്ച ധൈര്യത്തിന് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മുഖ്യമന്ത്രി ആവശ്യമെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറി വാഗ്ദാനം ചെയ്തു.
ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച മുഖ്യമന്ത്രി പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഭോപ്പാല്‍ പോലീസ് കമ്മീഷണര്‍ മക്രന്ദ് ദ്യൂസ്‌കറിനോട് നിര്‍ദേശിച്ചിരുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നതെങ്കിലും ചില മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് ഇത് പുറത്തുവന്നത്.
സോളങ്കി തന്റെ ഭര്‍ത്താവിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പൂവാലന്മാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ടിടി നഗര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ചെന്‍ സിംഗ് രഘുവംഷി പറഞ്ഞു.
അക്രമികളെ ചെറുത്ത ധീരയായ സഹോദരിയെ കാണാനാണ് താന്‍ എത്തിയതെന്ന് മുഖ്യമന്ത്രി ചൗഹാന്‍ പറഞ്ഞു.
അക്രമികളെ ധൈര്യത്തോടെയാണ് യുവതി നേരിട്ടതെന്നും അവര്‍ തളര്‍ന്നില്ലെന്നും ചൗഹാന്‍ പറഞ്ഞു. യുവതിയുടെ മുഴുവന്‍ ചികിത്സയും ഞങ്ങള്‍ ഉറപ്പാക്കും.
അനീതിക്കെതിരെ പോരാടാനും അത് സഹിക്കാതിരിക്കാനും സീമ ഒരു പ്രചോദനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.






