- സാമ്പത്തിക പരിഷ്‌കാരങ്ങൾ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
റിയാദ് - സൗദിയിൽ സ്വദേശികൾക്ക് എന്ന പോലെ വിദേശികൾക്കും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് കിരീടാവകാശിയുടെ പ്രസ്താവന.
ഒരു കോടിയിലധികം വിദേശികൾ ഒറ്റക്കും കുടുംബത്തോടൊപ്പവും രാജ്യത്ത് താമസിച്ചുവരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ജോലിക്കാരാണ്. ഇവരുടെ എണ്ണം കുറയില്ലെന്നാണ് വിശ്വാസം. മറിച്ച്, കൂടാനാണ് സാധ്യത. സാമ്പത്തിക പരിഷ്‌കരണ രംഗത്ത് സൗദി ലക്ഷ്യമിടുന്ന വളർച്ച സാക്ഷാത്കരിച്ചാൽ ധാരാളം മാനവ വിഭവ ശേഷിയും തൊഴിലാളികളെയും ആവശ്യമായി വരും. മതിയായ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവുമുള്ള വിദേശികൾക്ക് അനവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കിരീടാവകാശി വിശദമാക്കി. അതേസമയം, യോഗ്യതയുള്ള സ്വദേശികൾ ഉള്ളിടത്തോളം ഏത് തസ്തികയിലും സ്വദേശിവത്കരണത്തിന് ഊന്നൽ നൽകുമെന്നും കിരീടാവകാശി വ്യക്തമാക്കി.
മൂന്ന് വർഷത്തിനിടെ 30 വർഷം നടന്നതിനേക്കാൾ വലിയ മാറ്റങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സാംസ്‌കാരിക, സാമൂഹ്യ രംഗത്ത് മത്സരിക്കാൻ സൗദി ജനത പ്രാപ്തരാണെന്ന് തെളിയിച്ചുവെന്നും കിരീടാവകാശി വ്യക്തമാക്കി. സൗദി അറേബ്യ അതിന്റെ ശേഷിയുടെ 10 ശതമാനം പോലും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ ശക്തി സമാഹരിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുകയാണ്. ഏതൊരു ലക്ഷ്യവും നേടാൻ പ്രാപ്തിയുള്ള ശക്തമായ സൈന്യം സൗദിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ വിഷയത്തിൽ സമാധാനം പുലരുന്നതിന് മുമ്പ് ഇസ്രായിലുമായി സൗദി അറേബ്യക്ക് നയതന്ത്ര ബന്ധം സാധ്യമല്ലെന്നും കിരീടാവകാശി വ്യക്തമാക്കി. സാധ്യമായ മുഴുവൻ പിന്തുണയും സൗദിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് തന്നെ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് വ്യക്തമാക്കിയതാണ്. ജറൂസലം ആസ്ഥാനമാക്കി പൂർണ സ്വാതന്ത്ര്യമുള്ള ഫലസ്തീൻ രാജ്യം സ്ഥാപിതമാകുന്നതിനാണ് സൗദി ആഗ്രഹിക്കുന്നത്.
വ്യക്തിപരമായ സുരക്ഷയിൽ ആശങ്കയില്ലെന്നും സൗദി ജനതയുടെ ക്ഷേമത്തിനും ഐശ്യര്യത്തിനുമാണ് തന്റെ പ്രവർത്തനമെന്നും കിരീടാവകാശി പറഞ്ഞു. സൗദി ജനതയുടെ പിന്തുണ തനിക്ക് ആവോളമുണ്ട്. ഇതിന്റെ വ്യക്തമായ പ്രതിഫലനമാണ് കഴിഞ്ഞ വർഷത്തെ ദേശീയ ദിനാഘോഷം. ചില തീവ്രവാദികൾ ഇത് നിഷിദ്ധമെന്ന് വരെ ആഹ്വാനം ചെയ്തിട്ടും ജനം മുമ്പെങ്ങുമില്ലാത്തവിധം ഗംഭീരമായി ദേശീയ ദിനാഘോഷത്തിൽ പങ്കുചേർന്നു. രാജ്യത്തിന്റെ തെരുവീഥികളിൽ ലക്ഷക്കണക്കിന് പേർ ആഘോഷത്തിൽ അണിനിരന്ന കാഴ്ചയാണ് ദൃശ്യമായത്. തന്റെ രാജ്യത്ത് അഭിപ്രായം പ്രകടിപ്പിക്കാനും തൊഴിൽ ചെയ്യുന്നതിനും പൂർണ സ്വാതന്ത്ര്യമുണ്ടെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിശദീകരിച്ചു.
അധികാരത്തിലേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ച ചോദ്യത്തിനും കിരീടാവകാശി വ്യക്തമായി മറുപടി നൽകി. സൗദി ഭരണഘടനയനുസരിച്ച് രാജാവിന് കിരീടാവകാശിയെയും ഡെപ്യൂട്ടി കിരീടാവകാശിയെയും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ അബ്ദുൽ അസീസ് രാജാവിന്റെ സന്താന പരമ്പരയിൽപെട്ട 34 അംഗ കമ്മിറ്റിയിൽ ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഈ സ്ഥാനത്തേക്ക് വരികയുള്ളൂ. സൗദിയുടെ ചരിത്രത്തിൽ തനിക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. അനന്തരാവകാശ സമിതിയിൽ 31 പേരുടെ പിന്തുണയാണ് തനിക്ക് ലഭിച്ചത്. മുമ്പ് 22 വോട്ടുകൾ ലഭിച്ചതായിരുന്നു സൗദിയിലെ റെക്കോർഡ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താനൊരിക്കലും സമയം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സൗദി യുവത ഇപ്പോൾ രാജ്യ നിർമിതിക്കും സാമ്പത്തിക പുരോഗതിക്കും തൊഴിൽ സൃഷ്ടിപ്പിനും പുതിയ വസ്തുക്കൾ നിർമിക്കുന്നതിലുമാണ് തങ്ങളുടെ സമയത്തിന്റെ 70 ശതമാനവും ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.