Sorry, you need to enable JavaScript to visit this website.

പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു-വി.ഡി സതീശൻ

തിരുവനന്തപുരം- കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കേരളത്തിൽ സഞ്ചരിക്കാൻ സി.പി.എമ്മിന്റെ തിട്ടൂരം ആവശ്യമില്ലെന്നും വി.ഡി സതീശൻ. വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളിച്ചത് ഭീകര പ്രവർത്തനമായി ചിത്രീകരിക്കുന്നത് വിചിത്രമാണ്. 'പ്രതിഷേധം' എന്ന മുദ്രാവാക്യം വിളിച്ചാൽ അത് എങ്ങനെയാണ് ഭീകരപ്രവർത്തനമാകുന്നത്. അതിൽ നിയമലംഘനമുണ്ടെങ്കിൽ കേസെടുക്കാം. യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച ഇ.പി ജയരാജന് എതിരെയും കേസെടുക്കണം. മുഖ്യമന്ത്രിക്ക് എതിരായ സമരം ഇനിയും ശക്തമായി തുടരുമെന്നും സതീശൻ പറഞ്ഞു.
കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും സംസ്ഥാനത്തുടനീളം കോൺഗ്രസ് ഓഫീസുകളും ആക്രമിച്ച സി.പി.എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധമാണ്. മുഖ്യമന്ത്രിക്ക് എതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധമാണ് യു.ഡി.എഫും കോൺഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ടത് സി.പി.എമ്മും ഡി.വൈ.എഫ്.ഐ ഗുണ്ടകളുമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിർന്ന നേതാവായ എ.കെ ആന്റണി ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സകല രാഷ്ട്രീയ മര്യാദകളും ലംഘിക്കുന്ന പ്രവർത്തിയാണ് സി.പി.എം നേതാക്കളുടെ അറിവോടെ നടന്നതെന്നും സതീശൻ പറഞ്ഞു.
 

Latest News