Sorry, you need to enable JavaScript to visit this website.

ആറാം വയസ്സില്‍ കുതിരയെ മെരുക്കി ദേവക്, അനായാസം സവാരി

മഞ്ചേരി- തിരക്കേറിയ നഗരത്തിലൂടെയുള്ള ആറുവയസുകാരന്റെ കുതിര സവാരി നാട്ടുകാരെ വിസ്മയഭരിതരാക്കി.  കാലടി നീലേശ്വരം ബിനു പറക്കാട്ട്-ശ്രുതി ദമ്പതിമാരുടെ മകന്‍ രണ്ടാം ക്ലാസുകാരനായ ദേവക് ബിനുവാണ് ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ അനായാസം കുതിര സവാരി നടത്തി നാട്ടുകാരുടെ ഹീറോ ആയത്. കുടുംബം മഞ്ചേരിയില്‍ ആരംഭിച്ച ജ്വല്ലറി ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു കൊച്ചു മിടുക്കന്റെ അമ്പരപ്പിക്കുന്ന പ്രകടനം.  
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് ദേവക്കിന്റെ കുതിരക്കമ്പം പിതാവ് ബിനു തിരിച്ചറിഞ്ഞത്.  കുടുംബം താമസിച്ച റിസോര്‍ട്ടിലുണ്ടായിരുന്ന കര്‍ണന്‍ എന്നു പേരുള്ള കുതിരയുമായി ചങ്ങാത്തം സ്ഥാപിച്ച ദേവക്  കുതിരയുടെ കൂടെ നടക്കുന്നത് പതിവാക്കി.  ഇതിനിടെ ഒരു ദിവസം ദേവക് തനിയെ കുതിരപ്പുറത്ത് കയറി സവാരി ആരംഭിച്ചു. അമ്പരന്നു പോയ മാതാപിതാക്കള്‍ പക്ഷെ കുട്ടിയെ തടഞ്ഞില്ല.  മാത്രമല്ല ദേവക്കിന് വേണ്ടി പ്രത്യേക പരിശീലകനെയും സംഘടിപ്പിച്ചു.  ബംഗളൂരുവില്‍ നിന്നു ഒന്നരലക്ഷം രൂപ വില നല്‍കി ഝാന്‍സിറാണി എന്ന കുതിരയെയും വാങ്ങി.
കൂട്ടുകാരെല്ലാം ബസില്‍ സ്‌കൂളില്‍ പോകുമ്പോള്‍ ദേവക് കുതിരപ്പുറത്താണ് വിദ്യാലയത്തിലെത്തുന്നത്.  മികച്ച പരിശീലനംകൂടി ലഭിച്ചതോടെ ആറുവയസുകാരന്‍ ഇരുത്തംവന്ന കുതിര സവാരിക്കാരനായി. തന്റെ കൊച്ചു ശരീരം കൊണ്ട് അനായാസം കുതിരയെ നിയന്ത്രിക്കാന്‍ വേണ്ട തന്ത്രങ്ങളെല്ലാം ദേവക് ഇതിനകം സ്വായത്തമാക്കി. സംഭവം സോഷ്യല്‍ മീഡിയയിലും മറ്റും വൈറല്‍ ആയതോടെ ദേവകിന് ആരാധകരും ഏറി. നിരവധി പുരസ്‌കാരങ്ങളും ഇതിനകം ഈ കൊച്ചു മിടുക്കന്‍ നേടിയെടുത്തു. യുആര്‍എഫ് ബുക് ഓഫ് റിക്കാര്‍ഡില്‍ ഇടം നേടി. വണ്ടര്‍ കിഡ് അവാര്‍ഡിന് തെരഞ്ഞെടുത്തു.  
സ്റ്റണ്ട് ബൈക്ക് സ്വന്തമാക്കുകയും അത് ഓടിക്കുന്നതില്‍ പ്രാവീണ്യം നേടുകയുമാണ് തന്റെ അടുത്തലക്ഷ്യമെന്ന് ദേവക് പറഞ്ഞു. എന്നാല്‍ അതിനുള്ള പ്രായം ഇപ്പോള്‍ ആയിട്ടില്ലെന്നും ആകുമ്പോള്‍ പരിഗണിക്കാമെന്നുമാണ് പിതാവ് ബിനുകുമാറിന്റെ പക്ഷം.

 

    

 

 

Latest News