മുഖ്യമന്ത്രിക്കു പേടിയെന്ന് ആരാണു പറഞ്ഞത്- യെച്ചൂരി

തൃശൂര്‍- മുഖ്യമന്ത്രി കറുപ്പിനെ പേടിക്കുന്നതായി തോന്നുന്നില്ല. അദ്ദേഹത്തിനു പേടിയുണ്ടെന്ന് ആരാണു പറഞ്ഞത്- സീതാറാം യെച്ചൂരി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.
പ്രതിഷേധം ജനാധിപത്യ അവകാശമാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രമോ മാസ്‌കോ ധരിക്കുന്നത്  തടയാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. അങ്ങിനെയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നു. സ്വര്‍ണക്കടത്തു കേസ് കേന്ദ്ര സര്‍ക്കാരാണ് അന്വേഷിക്കേണ്ടത്. അത് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍പെടുന്നതല്ല.
ബി.ജെ.പി ഇതര സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണ്. ഇത്  പകല്‍പോലെ വ്യക്തമാണ്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ബി.ജെ.പിയാണ്. ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രണം ചെയ്തിട്ടുള്ള വിവാദമാണ് ഇവിടെ നടക്കുന്നത്. സില്‍വര്‍ ലൈന്‍ കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ്. അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുമായി മുന്നോട്ടു പോകും.
രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതു സംബന്ധിച്ചു ചോദിച്ചപ്പോള്‍ അതു കാത്തിരുന്നു കാണാമെന്ന് യെച്ചൂരി മറുപടി നല്‍കി.

 

Latest News