ഭാര്യ വിദേശത്ത്, മകളെ പീഡിപ്പിച്ച അച്ഛന് 14 വര്‍ഷം കഠിന തടവ്

കോട്ടയം- ഒന്‍പതു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. വെളിയന്നൂര്‍ സ്വദേശിയെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ( പോക്‌സോ) ശിക്ഷിച്ചത്. പ്രതിക്ക് 25000 രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. പിഴ തുക അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2018 ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാവ് വിദേശത്ത് ജോലിയില്‍ ആയിരുന്നു. പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്മാരായ 15ഉം, 14ഉം വയസുള്ള ആണ്‍കുട്ടികള്‍ സ്‌കൂള്‍ ഹോസ്റ്റലിലും. രാമപുരത്തുള്ള വാടക വീട്ടില്‍ താമസിക്കവേയാണ് പെണ്‍കുട്ടിയെ പിതാവ് ഉപദ്രവിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എറണാകുളം ചേരാനല്ലൂരിലുള്ള അമ്മയുടെ വീട്ടിലേക്ക് മാറ്റി.പെണ്‍കുട്ടി അവിടെ വച്ച് മുത്തശ്ശിയോടു വിവരം പറയുകയായിരുന്നു.
ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേരാനല്ലൂര്‍ പോലീസ് കേസെടുത്ത് രാമപുരം സ്റ്റേഷനിലേക്ക് കൈമാറി. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡര്‍ അഡ്വ. പോള്‍. കെ എബ്രഹാം ഹാജരായി.

 

Latest News