ഇനി ബിരിയാണിക്കാലം!

അടിയന്തര സാഹചര്യങ്ങളിൽ ബിരിയാണി ഉണ്ടാക്കാനെങ്കിലും അറിയാത്തവർ മുൻ ദേശീയ പാർട്ടിയിൽ പ്രവർത്തിക്കാൻ അർഹരല്ല. പുഷ്‌കല കാലത്ത് ടി ആഹാരമില്ലാത്ത ആലോചനാ യോഗം പോലും നടക്കുന്നില്ല എന്നാണ് രേഖകൾ. കേന്ദ്ര ഭരണം പോയിട്ട് ചില്ലറ സംസ്ഥാനം പോലും പോക്കറ്റിൽ ഇല്ലാത്ത ഒരു 'പോക്കണം കെട്ട' കാലമായിപ്പോയി. എന്നാലെന്ത്? പ്രത്യാശ കൈവിടാമോ? ഇത്തവണ അതിന്റെ പരീക്ഷണമായിരുന്നു സെക്രട്ടറിയേറ്റ്, കലക്ടറേറ്റ് ഗേറ്റുകൾക്കു മുന്നിൽ. 'ബിരിയാണിച്ചെമ്പുമായി' മഹിളാ കോൺഗ്രസുകാർ 'അഹമഹമികയാ' മാർച്ച് ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറാണോ ആദ്യത്തെ 'പീസ്' ചെമ്പിലേക്കിട്ടതെന്നും അടുപ്പിൽ തീക്കത്തിച്ചതെന്നും അറിയാൻ കേരള ജനത കണ്ണും കാതും കൂർപ്പിച്ചിരുന്നു. നിരാശയായിരുന്നു ഫലം. തലസ്ഥാനത്ത് ജില്ല മഹിള പ്രസിഡന്റ് 'റെസിപ്പി' വലിയ അപാകത കൂടാതെ തയാറാക്കി വിളമ്പി. കിട്ടിയ കുറച്ചു പേർ ഭാഗ്യവാന്മാരും ഭാഗ്യവതികളും. മറ്റുള്ളവർക്ക് ചെമ്പിൽ പ്രതീകാത്മകമായി സ്വർണ വർണക്കടലാസിൽ പൊതിഞ്ഞ ഇഷ്ടികയാണ് കിടച്ചത്. സ്വർണം കടത്തിയതിനെ ഇതിൽപരം നന്നായി അവതരിപ്പിക്കുവാൻ ഒറിജിനൽ തന്നെ കൊണ്ടുവരണം. 'ഒരു ഗ്രാം ഗോൾഡ്' നൽകുന്ന' കൊല്ലം സുപ്രീം ഗോൾഡ്' പോലുള്ളവർ സഹകരിച്ചാലും സംഗതി കുശാലാകും. പക്ഷേ, അതിനു പണമെവിടെ? മാത്രമല്ല, നിയമം കയറി കുറുകേ നിൽക്കുകയും ചെയ്യുന്നു. എങ്കിലും മഹിളകളാൽ ചിലരെങ്കിലും കുശുമ്പോടെ ഭാഗ്യവതികളെ ഒളികണ്ണിട്ടു നോക്കിയിരിക്കാം. ബിരിയാണി അത്ര കേമമായിരുന്നു. വാസ്തവത്തിൽ അവരുടെ അടുത്തേക്കു പാഞ്ഞ കേരള പോലീസുകാരും ഒന്നു രുചിച്ചു നോക്കാനാണ് വട്ടമിട്ടതത്രേ! പക്ഷേ, അബലകളും ചപലകളും ചെമ്പ് എടുത്ത് ബാരിക്കേഡിനു മുകളിലൂടെ എറിഞ്ഞ് നാടകീയത കൊഴുപ്പിച്ച്, ഉച്ചവെയിലേൽക്കാതെ സ്ഥലം കാലിയാക്കി. കോട്ടയത്ത് മഹിള കോൺഗ്രസിന്റെ 'ചെമ്പ്' കലക്ടറേറ്റ് നടയിൽ പുറത്താക്കിയത് കോൺഗ്രസിന്റെ ജില്ല പ്രസിഡന്റായിരുന്നു. കഷ്ടം. 'ഇഷ്ട പാചകങ്ങൾ' ആയിരത്തി ഒന്നും അമ്പതിനായിരത്തിഒന്നുമൊക്കെ വാരികകളിൽ അച്ചടിച്ചുവിട്ട കോട്ടയം 'അക്ഷര നഗരി'യിലാണല്ലോ ചെമ്പു കാട്ടി പ്രതിഷേധം ഉദ്ഘാടനത്തിന് ഒരു പുരുഷൻ വേണ്ടിവന്നത്!
ചെമ്പു പുറത്താക്കുക, തെളിയുക എന്നൊക്കെ പറഞ്ഞാൽ 'കള്ളം തെളിയുക' എന്നാണ് മലയാളത്തിൽ അതിന്റെ അർഥം. മുൻമന്ത്രി 'ഉന്നത വിദ്യാഭ്യാസ മന്ത്രി' ആയിരുന്നതിനാൽ ഇത്തരം കാര്യങ്ങളിൽ പ്രത്യേകിച്ച് ആഹാര കാര്യങ്ങളിൽ വിദഗ്ധനാണ്. മുന്തിരിങ്ങ, ഈത്തപ്പഴം, ബിരിയാണി തുടങ്ങിയവ തന്റെ പാർട്ടിയിൽ ആർക്കൊക്കെ പ്രിയങ്കരം എന്ന കാര്യം മൂപ്പർക്ക് 'കരതലാമലകം' എന്നേ പറയാവൂ. അതുകൊണ്ടു തന്നെയാണ് 'ബിരിയാണിച്ചെമ്പ്' തന്റെ വീട്ടിലേക്കു കൊടുത്തയച്ചു എന്ന് സ്വപ്‌ന സുന്ദരി പ്രസ്താവിച്ചിരുന്നുവെങ്കിൽ വിശ്വസിക്കാമായിരുന്നു എന്നദ്ദേഹം മൊഴിഞ്ഞതും. പക്ഷേ, മൊഞ്ചത്തി മുഖ്യന്റെ കഴുത്തിനാണ് കയറിപ്പിടിച്ചത്. ചായ, കാപ്പി, ബിരിയാണി തുടങ്ങി രുചി തോന്നുന്ന ഏതിനോടും മുഖ്യമന്ത്രിക്ക് വിരക്തിയാണ്, 'പാർലമെന്ററി വ്യാമോഹ'ത്തോടു ഒഴികെ.
ഏറ്റവും കൗതുകരമായ ഒരു കേൾവിയുണ്ടായി. തലസ്ഥാനത്തെ ഒരു പ്രതിപക്ഷ നേതാവിന്റെ (ബിനാമി?) ഹോട്ടലിലെ കുശിനിക്കാരനാണ് മഹിള കോൺഗ്രസുകാർക്ക് 'ബിരിയാണിയുണ്ടാക്കുന്ന വിധം' കുറിച്ചു കൊടുത്തതുപോലും! സെക്രട്ടറിയേറ്റ് നടയിൽ ആ ഭാഗ്യക്കുറി രുചിച്ചവരിൽ ആരെങ്കിലും ജനറൽ ആശുപത്രിയിൽ ചെന്നിരുന്നോ എന്നന്വേഷിക്കുവാൻ പിണറായിയുടെ പോലീസ് പ്രത്യേക രഹസ്യ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും കേൾക്കുന്നു. ഏതായാലു ഇനി വരുന്ന എല്ലാ സമര പരിപാടികൾക്കും 'ഓൺ ദ സ്‌പോട്ട്' ആഹാര സമരം കൂടി ഉൾപ്പെടുത്തുമെന്ന് തീർച്ചയാണ്. അല്ലാതെ, പങ്കെടുക്കാൻ ആളെ കിട്ടണ്ടേ, അസ്സേ?
****                                   ****                             ****
ശരത് പവാർജിയെ കുമ്പളങ്ങി മാഷ് കണ്ടതിന്റെയും 'ചെമ്പു പുറത്തായി'. 57 രാജ്യസഭാ സീറ്റുകൾ ഒഴിയുന്നതിന്റെ ഗന്ധമേറ്റായിരുന്നുവത്രേ മുംബൈ സന്ദർശനം. കുമ്പളങ്ങി വെറും കൈയോടെ മടങ്ങുകയും തെരഞ്ഞെടുപ്പു നടക്കുകയും ചെയ്തു. തോമസ് കാർഡ് ഇറക്കിക്കളിച്ച തൃക്കാക്കരയ്ക്കും ഇപ്പോൾ എങ്ങുമെത്താത്ത രാജ്യസഭയ്ക്കും ശേഷം 'മാഷിന് നിരാശപ്പെടേണ്ടി വരില്ല' എന്ന കോടിയേരി വചനം സത്യമായും പാലിക്കപ്പെട്ടു. അദ്ദേഹം ഇപ്പോൾ ചവറ്റുകൊട്ടയിലാണ്. ആ കൊട്ടയുടെ ഉടമസ്ഥാവകാശം എ.കെ.ജി സെന്റർ ഏൽക്കുന്നുമില്ല. ഇന്ദിര ഭവനാകട്ടെ, കണ്ട ഭാവമില്ല. എന്നാൽ അതല്ല ഈരാറ്റുപേട്ടയിലെ ഗർജിക്കുന്ന സിംഹച്ചാരുടെ നില. അദ്ദേഹത്തിന് ദിവസേന ഓരോ കേസ് വന്ന് വാതിലിൽ മുട്ടിയിട്ട് ഉറങ്ങാൻ പോലും സമയം കിട്ടുന്നില്ല. 'ജനപക്ഷ' പാർട്ടി ജനങ്ങളുടെ ഒപ്പം നിൽക്കാനുള്ളതാണ്. അതിൽ സ്വപ്‌നയെന്നോ സരിതയെന്നോ ഭേദമില്ല. 164 ാം ക്രിമിനൽ വകുപ്പനുസരിച്ച് സ്വപ്‌ന ഒരു മൊഴി നൽകിയാൽ അതു പിൻവലിക്കാൻ ഏതു ഷാജ് കിരൺ വിചാരിച്ചാലും നടപ്പില്ല. അതിനു നിഷ്‌കളങ്കനായ ജോർജേട്ടൻ കുറ്റവാളിയാകണോ? തന്റെ പേരിൽ ഇപ്പോൾ എന്തിനാണ് കേസെടുത്തതെന്നിറായെത ഉലകം ചുറ്റുകയാണ് ഏട്ടൻ. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വക്താവ് പദവി ഏറ്റെടുത്ത ജലീൽ വാധ്യാരാണ് പണിപറ്റിച്ചത്. പക്ഷേ കാരണമെന്തെന്നു ചോദിച്ചാൽ ജലീലിനോ, കണ്ടോൺമെന്റ് പോലീസിനോ ഒരെത്തും പിടിയുമില്ല. ജോർജേട്ടൻ ഒരു വിദ്വേഷ പ്രസംഗം നടത്തി. അതിനെക്കുറിച്ച് അദ്ദേഹത്തിനും ഒരു പിടിയുമില്ല. മുന്നിൽ 'മൈക്ക്' കണ്ടു,' വാതുറന്നു. മതവിദ്വേഷമാണോ, മനുഷ്യ വിദ്വേഷമാണോ എന്നൊന്നും തിരിഞ്ഞില്ല. അതു തിരിച്ചറിയും മുമ്പേ ഇരട്ടക്കേസുകളാണ് വന്നുപെട്ടത്. ചിലർ വാ തുറക്കുമ്പോൾ പൂച്ചെണ്ടു കൊണ്ടും താൻ വാതുറക്കുമ്പോൾ മാത്രം പൂജപ്പുര ജയിൽ മാർഗവും സ്വാഗതം ചെയ്യുന്നത് ഈരാറ്റുപേട്ടക്ക് മനസ്സിലാകുന്നില്ല. മൃണാൾ സെന്നിന്റെ പ്രശസ്ത ചിത്രമായ 'മൃഗയ'യിലെ നായകനു പറ്റിയ കുഴപ്പം. ഒരാൾ കൊല ചെയ്തപ്പോൾ റിവാർഡ് പണക്കിഴി. സ്വന്തം പെണ്ണിനെ ഉപദ്രവിച്ചവനെ തട്ടിക്കളഞ്ഞ തനിക്ക് കൊലക്കയർ! പണ്ടൊരു ഗുസ്തിക്കാരനുണ്ടായിരുന്നു- ഫയൽവാൻ മദയാന ചെല്ലപ്പൻ. ശരിക്കും ഗുസ്തി പിടിച്ചിട്ടില്ല. പക്ഷേ പേര് കിട്ടി. സിനിമയിലെ കൊച്ചിൻ ഹനീഫയുടെ പ്രകൃതം. ചെല്ലപ്പൻ ഒരു പ്രദർശന മത്സരത്തിൽ പങ്കെടുത്തു. ആദ്യ റൗണ്ടിൽ ആദ്യ മിനിറ്റിൽ വീണു. ജോർജേട്ടനും അത്രയേയുള്ളൂ എന്നു കരുതാം.
****                                   ****                             ****
ശരിയായ പൂരം വരുന്നതേയുള്ളൂ. പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പുലിയെ പേടിയുള്ളവർ തന്റെ ചുറ്റം കൂടി നിന്നോളാൻ പറഞ്ഞ മാഷിനെപ്പോലെയാണ് സോണിയ മാഡം. പണ്ടു മുഖത്തു നോക്കാതിരുന്ന മമത ബാനർജിയമ്മയെയും ശങ്കയോടെ മാത്രം നോക്കിയിരുന്ന പവാർജിയെയും താൻ നീട്ടിയ കൈ തട്ടിക്കളഞ്ഞ യെച്ചൂരി സഖാവിനെയുമൊക്കെ നിർത്താതെ വിളി തന്നെ വിളി. ജൂലൈ 18 ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 16 ാമത്തെ ഇന്ത്യൻ പ്രഥമ പൗരനെ കണ്ടുപിടിക്കണം. ഏറ്റവും യോഗ്യതയുള്ളത് തനിക്കു തന്നെയാണെന്ന് അറിയാതെയല്ല; എങ്കിലും മറ്റുള്ളവർക്കും ചാൻസ് കൊടുക്കണം. അതിനാൽ കോൺഗ്രസ് സ്വന്തമായി സ്ഥാനാർഥിയെ നിറുത്തുന്നതല്ല. പൊതുസമ്മതനെ പിന്തുണയ്ക്കാം. അതാണു ബുദ്ധി. കുറുക്കൻ കുരങ്ങന്മാർക്ക് അപ്പം പങ്കുവെച്ച കഥ പണ്ടേ പഠിച്ചതു ഭാഗ്യം. അക്കഥ ഇറ്റലിയിലും ഇംഗ്ലണ്ടിലും കൂടിയുണ്ടല്ലോ. പക്ഷേ തലവേദനയുണ്ടാക്കുന്നത് തെലുഗുദേശ മുഖ്യൻ ചന്ദ്രശേഖര റാവുവാണ്. മൂക്കു പോലെ ബുദ്ധിയും അൽപം പൊല്ലാത്തതു തന്നെ. എൻ.ഡി.എ എന്നു പേരുണ്ടെങ്കിലും അങ്ങേക്കരയിൽ ബി.ജെ.പി മാത്രം തീരുമാനിച്ചുകൊള്ളും. അവർ ഇക്കരെ നിൽക്കുന്ന തരൂർജിയെപ്പോലും എടുത്തുകാട്ടി മാടി വിളിക്കുന്നു. പിന്നെ ചില ദളിതു നേതാക്കൾ; ഇടയ്ക്കിടെ കേരളത്തിൽ പ്രസ്താവനയും ഊണും ഉറക്കവുമായി കഴിയുന്ന ആരിഫ് മുഹമ്മദ് ഖാൻ.... മാഡത്തിന് താനല്ലെങ്കിൽ തന്റെ മക്കളോ മകനോ പ്രസിഡന്റാകുന്നതിലും ഒരു എതിർപ്പുമില്ല. മറ്റുള്ളവർക്കാണ് എതിർപ്പ്. ഇരുപത്തിമൂന്നു പാർട്ടികളുണ്ട്. സമവായം എത്തിച്ചേരാൻ എത്രത്തോളം തുഴയണം? ജൂലൈ 18 കഴിയണമായിരിക്കും. നമ്മുടെ പാർട്ടി കീഴ്‌വഴക്കം അങ്ങനെയാണല്ലോ. ആ തൃക്കാക്കരയിൽ മാത്രം അബദ്ധം പറ്റി.

Latest News