ബെംഗളൂരു- പ്രവാചക നിന്ദയുടെ പേരില്‍ ബി.ജെ.പി പുറത്താക്കിയ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് വേട്ട തുടരുന്നതിനിടെ വേറിട്ട പ്രതികരണവുമായി പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി.
പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ വാണിദാസ് എളായാവൂര്‍ നടത്തിയ പ്രഭാഷണമാണ് മഅ്ദനി ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തത്.
വാണിദാസ് എളയാവൂര്‍ മനസ്സിലാക്കിയ പ്രവാചകന്‍ ഇതായിരുന്നു എന്നാണ് അടിക്കുറിപ്പ്.
പ്രതിഷേധിച്ചവര്‍ക്കെതിരെ
പോലീസ് വേട്ട തുടരുന്നു, വീടുകള്‍ തകര്‍ത്തു
ന്യൂദല്‍ഹി- പ്രവാചക നിന്ദ നടത്തിയതിന് ബി.ജെ.പിയില്‍നിന്ന് പുറത്താക്കിയ നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍െക്കതിരെ പോലീസ് വേട്ട തുടരുന്നു. യു.പിയിലും ജാര്‍ഖണ്ഡിലുമാണ് പോലീസ് കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്ത് നിരവധി പേരെ പിടികൂടിയത്.
അതിനിടെ, പശ്ചിമ ബംഗാളില്‍ ഇന്നലെ പ്രകടനം നടത്തിയവര്‍ നദിയ ജില്ലയില്‍ ലോക്കല്‍ ട്രെയിന്‍ ആക്രമിച്ച് കേടുപാടുകള്‍ വരുത്തി. ബേത്തുവാദാഹരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ബി.ജെ.പി പുറത്താക്കിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു പ്രകടനം. പ്രകടനം നടത്തിയ ജനക്കൂട്ടം റോഡ് തടസ്സമുണ്ടാക്കിയെന്നും ഇവരെ പിരിച്ചുവിട്ടപ്പോള്‍ ചിലര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിച്ച് പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലാല്‍ഗോള പാതയില്‍ ഏറെ നേരം റെയില്‍ ഗതാഗതത്തെ ബാധിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രതിഷേധത്തിനു തയാറെടുത്ത വനിതകളടക്കമുള്ള 20 മുസ്‌ലിം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനത്തിനായി ജുഹാപുര പ്രദേശത്ത് എത്തിയ ഇവര്‍ മുന്‍കൂര്‍ അനുമതി നേടിയില്ലെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. പ്രകടനത്തിനെത്തിയവര്‍ പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജുഹാപുര പ്രദേശത്ത് പ്രതിഷേധ പ്രകടനം നടക്കുമെന്ന സന്ദേശങ്ങള്‍ ശനിയാഴ്ച വൈകിട്ട് മുതല്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ പോലീസ് സേനയെ വിന്യസിച്ചിരുന്നുവെന്നും അഹമ്മദാബാദ് സോണ്‍-7 പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബി.യു. ജദേജ മാധ്യമങ്ങളോട് പറഞ്ഞു. വനിതകള്‍ കൂട്ടത്തോടെ പ്രകടനത്തില്‍ പങ്കെടുക്കുമെന്ന വിവരത്തെ തുടര്‍ന്ന് വനിത പോലീസിനെയും ഏര്‍പ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്ത മുസ്‌ലിം നേതാക്കളെ അഹമ്മദാബാദിലെ വെജാല്‍പുര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. നൂപുര്‍ ശര്‍മയുടെ പോസ്റ്ററുകള്‍ അച്ചടിച്ച് വിതരണം ചെയ്തതിന് സൂറത്ത് പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കാദര്‍ശനി റോഡരികില്‍ പതിച്ച പോസ്റ്ററുകളുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് ഹൗറ ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് വിഛേദിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും സൂത്രധാരനെന്ന് ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. വീട്ടില്‍നിന്ന് അനധികൃത ആയുധങ്ങളും പോസ്റ്ററുകളും പിടിച്ചതായി പോലീസ് അറിയിച്ചു. രണ്ട് തോക്കുകളും വെടിയുണ്ടകളും കോടതിക്കെതിരെ പരാമര്‍ശമുള്ള ലഘുലേഖകളും കണ്ടെത്തിയതായി പോലീസ് സീനിയര്‍ സൂപ്രണ്ട് അജയ് കുമാര്‍ പറഞ്ഞു. ജൂണ്‍ പത്തിന് നഗരത്തിലുണ്ടായ അക്രമത്തിന്റെ മുഖ്യസൂത്രധാരനെന്ന് പോലീസ് ആരോപിക്കുന്ന ജാവേദിന്റെ വീട്ടിലേക്ക് ഇന്നലെ രാവിലെയാണ് ബുള്‍ഡോസറുകള്‍ എത്തിയത്. ആവശ്യമായ അനുമതികളില്ലാതെ അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി നേരത്തെ വീടിന്റെ ഗെയിറ്റില്‍ നോട്ടീസ് പതിച്ചിരുന്നു. പ്രയാഗ്‌രാജില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം നടന്ന പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും സൂത്രധാരന്മാരില്‍ ഒരാളാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ജാവേദ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാജ്യത്തെ ഏതൊരു മുസ്‌ലിം കുടുംബത്തിനുമെതിരെ ഇത്തരം നടപടികള്‍ ഇനിയും ഉണ്ടാകുമെന്ന് ജാവേദിന്റെ മകളും ജെ.എന്‍.യു ആക്ടിവിസ്റ്റുമായ അഫ്രീന്‍ ഫാത്തിമ പ്രതികരിച്ചു.
വാറണ്ടില്ലാതെയാണ് ജാവേദിനെ കസ്റ്റഡിയിലെടുത്തതെന്നും അര്‍ധരാത്രിയാണ് സ്ത്രീകളടക്കമുള്ളവരെ പോലീസ് കൊണ്ടുപോയതെന്നും കുടുംബം ആരോപിച്ചിരുന്നു. നിയമവിരുദ്ധമായ കസ്റ്റഡിയെന്നു കാണിച്ച് അഫ്രീന്‍ ഫാത്തിമ ദേശീയ വനിത കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
മുസ്‌ലിം പ്രതിഷേധക്കാര്‍ക്കെതിരെ യു.പി സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയിരിക്കേ, സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ് പോലീസ് ഇതുവരെ 300 ലധികം പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നായി 304 പേരെ അറസ്റ്റ് ചെയ്തതായും ഒമ്പത് ജില്ലകളിലായി 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ക്രമസമാധാന ചുമതലയുള്ള പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രയാഗ്‌രാജില്‍ 91 പേരും സഹറാന്‍പൂരില്‍ 71 പേരും ഹഥ്‌റസില്‍ 51 പേരും അംബേദ്കര്‍ നഗറിലും മുറാദാബാദിലും 34 പേര്‍ വീതവും ഫിറോസാബാദില്‍ 15 പേരും അലീഗഢില്‍ ആറ് പേരും ജലൗണില്‍ രണ്ട് പേരും അറസ്റ്റിലായതായി അദ്ദേഹം പറഞ്ഞു.
13 കേസുകളില്‍ പ്രയാഗ്‌രാജ്, സഹറാന്‍പൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് കേസുകള്‍ വീതവും ഫിറോസാബാദ്, അംബേദ്കര്‍ നഗര്‍, മുറാദാബാദ്, ഹഥ്‌റസ്, അലീഗഢ്, ലഖിംപൂര്‍ ഖേരി, ജലൗണ്‍ എന്നിവിടങ്ങളില്‍ ഓരോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എല്ലാ വെള്ളിയാഴ്ചക്കു ശേഷവും ഒരു ശനിയാഴ്ച വരുമെന്ന് ഓര്‍ക്കണമെന്ന് ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. കലാപക്കേസ് പ്രതികളാണെന്ന് ആരോപിച്ചാണ് ആദിത്യനാഥ് സര്‍ക്കാര്‍ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്. സംഘര്‍ഷം നിലനില്‍ക്കുന്ന ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ആയിരക്കണക്കിനു പേരെ ഉള്‍പ്പെടുത്തി പോലീസ് 25 എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തു. 33 മണിക്കൂര്‍ ഇടവേളക്കു ശേഷം ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. റാഞ്ചിയില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍ പോലീസ് വലയത്തിലാണ്.






