Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ്  മാര്‍ച്ചില്‍ സംഘര്‍ഷം; അറസ്റ്റ്

കണ്ണൂര്‍- കണ്ണൂരിലും മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധം. മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി ബാരിക്കേഡ് ചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിക്കുകയും പ്രതിഷേധക്കാരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്നിവരടക്കമുള്ള പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം പിണറായി വിജയന്റെ കണ്ണൂരിലെ പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിനോ കറുത്തനിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനോ വിലക്കില്ല. എന്നാല്‍ കരിങ്കൊടി പ്രതിഷേധം തടയുന്നതിനായി കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പൊതുപരിപാടിയെ തുടര്‍ന്ന് തളിപ്പറമ്പ് മന്ന മുതല്‍ പൊക്കുണ്ട് വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് പിണറായി വിജയന്‍ കണ്ണൂരിലെത്തിയത്. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കണ്ണൂരിലെ സ്വന്തം വീട്ടില്‍ താമസിക്കാതെ ഗസ്റ്റ് ഹൗസിലാണ് കഴിഞ്ഞത്.


 

Latest News