നടനും നിര്‍മാതാവുമായ ഡി. ഫിലിപ്പ് നിര്യാതനായി

തിരുവനന്തപുരം- സിനിമ, സീരിയല്‍, നാടകനടനും നിര്‍മാതാവുമായ ഡി. ഫിലിപ്പ് (79) നിര്യാതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിയാണ്. കോട്ടയം കുഞ്ഞച്ചന്‍, വെട്ടം, പഴശ്ശിരാജ, അര്‍ത്ഥം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രൊഫഷനല്‍ നാടക വേദിയിലെ മികവുറ്റ പ്രകടനങ്ങളിലൂടെയാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കെ.പി.എ.സി, ചങ്ങനാശ്ശേരി ഗീത, കൊല്ലം കാളിദാസ കലാകേന്ദ്രം എന്നിങ്ങനെയുള്ള നാടക സമിതികളിലും ഫിലിപ്പ് സജീവമായിരുന്നു.
ചെറുപ്പത്തില്‍ നടന്‍ പി.ജെ. ആന്റണിയുടെ ശിഷ്യനായിട്ടാണ് ഡി. ഫിലിപ്പ് അഭിനയരംഗത്ത് എത്തുന്നത്. തട്ടകം ഗള്‍ഫിലേക്ക് മാറിയപ്പോള്‍ അവിടെയും കലാപ്രവര്‍ത്തനങ്ങള്‍ക്കും നാടകത്തിനും ഫിലിപ്പ് സമയം കണ്ടെത്തി. പ്രവാസകാലത്ത് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത് നടന്‍ തിലകനും മേനകയും വേണുനാഗവള്ളിയുമൊക്കെ അഭിനയിച്ച കോലങ്ങള്‍ (1981) എന്ന ചിത്രം ഡി. ഫിലിപ്പ് നിര്‍മിച്ചു. പ്രവാസത്തിനുശേഷമാണ് കൊല്ലം കാളിദാസ കലാകേന്ദ്രത്തില്‍ നടനായി എത്തുന്നത്. കാളിദാസ കലാകേന്ദ്രത്തിന്റെ 'റെയിന്‍ബോ' എന്ന നാടകത്തിലെ അഭിനയത്തിന് 1986 ല്‍ സംസ്ഥാന പുരസ്‌കാരം നേടി. സതി, കടല്‍പ്പാലം, സ്വന്തം ലേഖകന്‍ എന്നീ നാടകങ്ങളിലും കാളിദാസ കലാകേന്ദ്രത്തിനൊപ്പം ഫിലിപ്പ് പ്രവര്‍ത്തിച്ചു. നടന്‍ തിലകന്‍ അധ്യക്ഷനായിരുന്ന നാടക സമിതിയായ ആലുവ രംഗഭൂമി, തിരുവനന്തപുരം സൗപര്‍ണിക തിയേറ്റേഴ്‌സ് എന്നി സമിതികളുടെ നാടകങ്ങളുടെ ഭാഗമായി. സ്ത്രീ, മാളൂട്ടി, സ്വാമി അയ്യപ്പന്‍, ക്രൈം ആന്റ് പണിഷ്‌മെന്റ്, വാവ, കടമറ്റത്ത് കത്തനാര്‍ എന്നിങ്ങനെ പ്രമുഖ സീരിയലുകളില്‍ വേഷമിട്ടു. മമ്മൂട്ടിക്കൊപ്പം അര്‍ഥം, കോട്ടയം കുഞ്ഞച്ചന്‍, സ്റ്റാലിന്‍ ശിവദാസ്, ടൈം, വെട്ടം, പഴശ്ശിരാജ, ഒന്നാമന്‍, എഴുപുന്നത്തരകന്‍ എന്നീ ചിത്രങ്ങളിലും ഫിലിപ്പ് അഭിനയിച്ചു. വിദേശത്തുള്ള മകള്‍ എത്തിയശേഷം സംസ്‌കാര ചടങ്ങ് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest News