Sorry, you need to enable JavaScript to visit this website.

അഞ്ച് സെന്റ് തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം; ചിത്രലേഖ വീണ്ടും സമരത്തിനിറങ്ങുന്നു

ചിത്രലേഖക്കു സർക്കാർ അനുവദിച്ച ഭൂമിയിൽ വീടു നിർമാണം പുരോഗമിക്കുന്നു

കണ്ണൂർ - വീട് വെക്കുന്നതിന് യു.ഡി.എഫ് സർക്കാർ അനുവദിച്ച അഞ്ച് സെന്റ് ഭൂമി തിരിച്ചു പിടിക്കാനുള്ള ഇടതു സർക്കാർ നീക്കത്തിനെതിരെ സമര രംഗത്തിരങ്ങുമെന്ന് ജാതി വിവേചനത്തിനെതിരെ ഒറ്റയാൾ സമരം നടത്തി വിജയിച്ച ദളിത് യുവതി ചിത്രലേഖ. ദളിതരോടും വനിതകളോടുമുള്ള ഇടതു സർക്കാരിന്റെ സമീപനത്തിനുദാഹരണമാണ് ഭൂമി തിരിച്ചു പിടിക്കാനുള്ള നീക്കമെന്ന് ചിത്ര ലേഖ 'മലയാളം ന്യൂസി'നോട് പറഞ്ഞു. ചിത്രലേഖയ്ക്കു വീടുവെക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച ഭൂമി സാങ്കേതിക കാരണം പറഞ്ഞ് തിരിച്ചു പിടിക്കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇവർക്കു ലഭിച്ചത്.
പയ്യന്നൂർ എടാട്ട് സ്വദേശിനിയായ ചിത്രലേഖ, 2004 ലാണ് ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങിയത്. ഇവിടെ സി.ഐ.ടി.യു പ്രവർത്തകരായ ചില ഡ്രൈവർമാരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ടു തവണ ഇവരുടെ ഓട്ടോ തീവെച്ചു നശിപ്പിക്കുകയും വീടിനു നേരെ പല തവണ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഭർത്താവിനും മകനുമെതിരെ നിരന്തരം കള്ളക്കേസുകളെടുത്തതോടെയാണ്  ചിത്രലേഖ പയ്യന്നൂരിൽനിന്ന് താമസം മാറിയത്. സന്നദ്ധ സംഘടനകളും മറ്റും ചേർന്ന് പിരിവെടുത്ത് വാങ്ങി നൽകിയ ഓട്ടോ ഓടിച്ചാണ് ഇവർ കുടുംബം പുലർത്തിയിരുന്നത്. 
സി.പി.എം ശക്തി കേന്ദ്രമായ എടാട്ട് താമസിക്കാനോ ജോലി ചെയ്യാനോ ഉള്ള സാഹചര്യം ഇല്ലാതായതിനെ തുടർന്ന് ഇവർ നാല് മാസത്തോളം കണ്ണൂർ കലക്‌ട്രേറ്റിനു മുമ്പിലും പിന്നീട് സെക്രട്ടറിയേറ്റിനു മുമ്പിലും കുടിൽ കെട്ടി സമരം നടത്തി. തുടർന്നാണ് 2016 മാർച്ചിൽ അന്നത്തെ യു.ഡി.എഫ് സർക്കാർ ചിത്രലേഖക്കു വീടുവെക്കാൻ കാട്ടാമ്പള്ളിയിൽ അഞ്ചു സെന്റു സ്ഥലം നൽകിയത്.  വീടു വെക്കാൻ അഞ്ചു ലക്ഷം രൂപ നൽകുമെന്നും വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പിന്നീട് വന്ന പിണറായി സർക്കാർ ആദ്യം തന്നെ ഈ ഉത്തരവ് റദ്ദു ചെയ്തു. ഇതിനു പിന്നാലെയാണ് ചിത്രലേഖക്കു നൽകിയ അഞ്ചു സെന്റ് സ്ഥലം തിരിച്ചു പിടിക്കാൻ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. ചിത്രലേഖക്കു എടാട്ട് ആറ് സെന്റ് ഭൂമി സ്വന്തമായി ഉണ്ടെന്ന കാരണമാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. 
വീട് വെക്കാനുള്ള ധനസഹായം ഇടതു സർക്കാർ റദ്ദു ചെയ്തതിനെ തുടർന്ന് ചിത്രലേഖ സ്ഥലം എം.എൽ.എയായ കെ.എം.ഷാജിയെ കണ്ട് തന്റെ വിഷമങ്ങൽ അറിയിച്ചതനുസരിച്ച് ഷാജി ഇടപെട്ട് മുസ്‌ലിം ലീഗിന്റെ പ്രവാസി പോഷക സംഘടനയായ ഗ്രീൻ ബോയ്‌സ് വഴി വീട് വെക്കാനുള്ള നടപടികൾ കൈക്കൊളളുകയായിരുന്നു. ഇതനുസരിച്ചു വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൽ പാതി പിന്നിട്ടപ്പോഴാണ് ഭൂമി തിരിച്ചു പിടിക്കാനുള്ള സർക്കാർ ഉത്തരവ് വന്നത്. 
എടാട്ടെ  ഭൂമി തന്റെ അമ്മയ്ക്കു അവരുടെ മാതാപിതാക്കളിൽനിന്ന് ലഭിച്ചതാണെന്നും ഈ ഭൂമി അവരുടെ പേരിൽ തന്നെയാണെന്നും ചിത്രലേഖ പറയുന്നു. വീട് നിർമ്മാണവുമായി മുന്നോട്ടു പോകാനാണ് തന്റെ തീരുമാനമെന്നും എന്തു വിലകൊടുത്തും ഇത് പൂർത്തിയാക്കുമെന്നും രാജ്യത്ത് നിയമ നീതിന്യായ സംവിധാനം ഉള്ളിടത്തോളം പോരാട്ടം തുടരുമെന്നും ചിത്രലേഖ പറഞ്ഞു. 
അനാരോഗ്യം മൂലം ജോലിക്കു പോകാൻ കഴിയാത്ത ചിത്രലേഖ, കാട്ടാമ്പള്ളിയിലെ വാടക വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. ഭർത്താവ് ഓട്ടോ ഓടിച്ചാണ് ഈ കുടുംബം കഴിയുന്നത്. 

 

Latest News