മലപ്പുറം- തനിക്ക് നേരെ പ്രതിഷേധമുയര്‍ത്തുന്ന കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജന്‍സികളെ കൊണ്ട് നിശബ്ദമാക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഏറ്റവും ഒടുവിലായി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നു. പക്ഷേ ആ സംഭവം ഇവിടുത്തെ യു.ഡി.എഫുകാര്‍ പ്രത്യേകിച്ച് കോണ്‍ഗ്രസുകാര്‍ അറിഞ്ഞിട്ടേയില്ല. അങ്ങനെ ഒരു സംഭവം ഉണ്ടോ എന്ന് അവര്‍ ചോദിക്കുന്ന സ്ഥിതിയാണ്. അതേക്കുറിച്ച് അവര്‍ മിണ്ടുന്നേയില്ല-മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നത്. തനിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും നേരിട്ട് മറുപടി നല്‍കുന്നില്ലെങ്കിലും അദ്ദേഹം അതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാന്‍ പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെന്ന് പിണറായി വിമര്‍ശിച്ചു.






