കെ.ടി ജലീലിനെതിരെ എല്ലാം വെളിപ്പെടുത്തുമെന്ന് സ്വപ്‌ന, പോലീസ് സുരക്ഷ വേണ്ട

കൊച്ചി- കെ.ടി ജലീലിനെതിരെ 164 സ്‌റ്റേറ്റ്‌മെന്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്. തന്റെ സുരക്ഷയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പോലീസ് സുരക്ഷ തനിക്ക് ആവശ്യമില്ലെന്നും എത്രയും പെട്ടെന്ന് പോലീസുകാരെ പിന്‍വലിക്കണമെന്നും സ്വപ്ന പറഞ്ഞു.

തനിക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത് ഗൂഢാലോചനക്കേസാണ്. ഇവിടെ യഥാര്‍ത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിര്‍ഭാഗത്താണ്. ഷാജ് കിരണ്‍ എന്നയാളെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി വിട്ട് ഇതൊരു ഒത്തുതീര്‍പ്പിലോട്ട് കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയത് ആരാണ്? ഇതിന്റെ പേരില്‍ ഒരു ഗൂഢാലോചനയും ഞാന്‍ നടത്തിയിട്ടില്ല. കെ.ടി ജലീലിനെക്കുറിച്ച് നേരത്തെ തന്നെ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ്. തനിക്കെതിരെ കേസ് കൊടുത്ത്, അവര്‍ പറഞ്ഞു വിട്ട പ്രതിനിധിയെ സാക്ഷിയാക്കിക്കൊണ്ട് അവരാണ് ഗൂഢാലോചന നടത്തിയത്.

കെ.ടി ജലീലിനെക്കുറിച്ച് 164 സ്‌റ്റേറ്റ്‌മെന്റില്‍ പറഞ്ഞത് എത്രയും പെട്ടെന്ന് തന്നെ വെളിപ്പെടുത്തും. അദ്ദേഹം എന്തൊക്കെ ക്രൈം ആണോ ചെയ്തത് അതെല്ലാം ഉടന്‍ തന്നെ പുറത്തുവിടും. എനിക്കെതിരെ ഒരു കാരണവുമില്ലാതെ നടപടിയെടുക്കുകയും ഒത്തു തീര്‍പ്പിന് വേണ്ടി ആളുകളെ എന്റടുത്തേക്ക് അയക്കുകയും ചെയ്തത് അവരാണ്. നമുക്ക് നോക്കാം, എന്തൊക്കെ കേസ് അവര്‍ തനിക്കെതിരെ കൊടുക്കുമെന്ന് സ്വപ്ന പറഞ്ഞു.

ഷാജ് കിരണ്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ നടന്നില്ലേ. ആരാണ് ഷാജ് കിരണ്‍? എന്തിനാണ് എഡിജിപിക്കെതിരെ നടപടിയെടുത്തത്? ഇവിടെ ആരാണ് ഗൂഢാലോച നടത്തുന്നതെന്നും സ്വപ്ന ചോദിച്ചു.

അതേസമയം കുടുംബത്തിന്റെ സുരക്ഷക്ക് വേണ്ടി താന്‍ രണ്ടു പേരെ സെക്യൂരിറ്റിയായി നിയോഗിച്ചിട്ടുണ്ടെന്നും കേരളാ പോലീസിന്റെ സഹായം വേണ്ടെന്നും സ്വപ്ന പറഞ്ഞു. തന്റെ വീടിന്റെ പരിസരങ്ങളിലും മറ്റും സുരക്ഷക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരെ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി തിരിച്ചു വിളിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. അഭിഭാഷകനൊപ്പമായിരുന്നു സ്വപ്ന മാധ്യമങ്ങളെ കാണാനെത്തിയത്.

 

Latest News