VIDEO യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍; പ്രയാഗ് രാജില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിന്റെ വീട് തകര്‍ത്തു

പ്രയാഗ്‌രാജ്- പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുവെന്ന ആരോപണം നേരിടുന്ന പ്രയാഗ് രാജിലെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. കഴിഞ്ഞ പത്തിന് പ്രയാഗ് രാജില്‍ നടന്ന പ്രതിഷേധത്തിന്റേയും അക്രമത്തിന്റേയും മുഖ്യസൂത്രധാരന്‍ ജാവേദാണെന്നാണ് പോലീസിന്റെ ആരോപണം.
അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ചാണ് വീട് പൊളിച്ചു തുടങ്ങിയത്. വീട് പൊളിക്കുകയാണെന്നും 11 മണിക്ക് മുമ്പായി ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രാദേശിക അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു.
പുലര്‍ച്ചെ തന്നെ നിരവധി പോലീസ് ഉദ്യോഗസ്ഥരെ ജാവേദിന്റെ വീടിനു മുന്നില്‍ വിന്യസിച്ചിരുന്നു.
പ്രയാഗ് രാജില്‍ നടന്ന അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്  കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ഇദ്ദേഹത്തെയും ഭാര്യയെയും മകളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ആവശ്യമായ അനുമതി തേടാതെയാണ് വീട് നിര്‍മിച്ചതെന്നാണ് പ്രയാഗ് രാജ് ഡെവലപ്‌മെന്റ് അതോറിറ്റി നല്‍കിയ നോട്ടീസില്‍ പറയുന്നത്. നഗരത്തിലെ അതാല പ്രദേശത്തുള്ള വീടിന്റെ ഗെയിറ്റിലാണ് നോട്ടീസ് പതിച്ചിരുന്നത്. രാവില 11 മണിക്ക് മമ്പ് വീട്ടില്‍നിന്ന് പുറത്തിറങ്ങണമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

 

Latest News