വെള്ളിയാഴ്ചക്കുശേഷം ശനിയാഴ്ചയുണ്ട്, യു.പി പോലീസ് പ്രതിഷേധക്കാരുടെ വേട്ട തുടരുന്നു

ലഖ്‌നൗ- പ്രവാചക നിന്ദയുടെ പേരില്‍ ബി.ജെ.പി  സസ്‌പെന്‍ഡ് ചെയ്ത നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് ഇതുവരെ 300 ലധികം പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നായി 304 പേരെ അറസ്റ്റ് ചെയ്തതായും ഒമ്പത് ജില്ലകളിലായി 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ക്രമസമാധാന ചുമതലയുള്ള പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രയാഗ്‌രാജില്‍ 91 പേരും, സഹരന്‍പൂരില്‍ 71 പേരും, ഹത്രസില്‍ 51 പേരും, അംബേദ്കര്‍ നഗറിലും മൊറാദാബാദിലും 34 പേര്‍ വീതവും, ഫിറോസാബാദില്‍ 15 പേരും അലിഗഡില്‍ ആറ് പേരും, ജലൗണില്‍ രണ്ട് പേരും അറസ്റ്റിലായതായി അദ്ദേഹം പറഞ്ഞു.

13 കേസുകളില്‍ പ്രയാഗ്‌രാജ്, സഹരന്‍പൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് കേസുകള്‍ വീതവും ഫിറോസാബാദ്, അംബേദ്കര്‍ നഗര്‍, മൊറാദാബാദ്, ഹത്രാസ്, അലിഗഡ്, ലഖിംപൂര്‍ ഖേരി, ജലൗണ്‍ എന്നിവിടങ്ങളില്‍ ഓരോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ നഗരങ്ങളില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള അരാജകത്വ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം സാമൂഹിക വിരുദ്ധര്‍ക്ക് ഇവിടെ സ്ഥാനമില്ല ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരു നിരപരാധിയും പീഡിപ്പിക്കപ്പെടരുതെന്നും ഒരു കുറ്റവാളിയെപ്പോലും വെറുതെ വിടരുതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഭരണത്തിന്‍കീഴില്‍ സംസ്ഥാനം കലാപങ്ങളില്‍ നിന്ന് എങ്ങനെ മുക്തി നേടിയെന്ന് പലപ്പോഴും അവകാശപ്പെടാറുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് തുടരുന്നത്.  

എല്ലാ വെള്ളിയാഴ്ചക്കുശേഷവും ഒരു ശനിയാഴ്ച വരുമെന്ന് ഓര്‍ക്കണമെന്ന്  ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.   കലാപക്കേസ് പ്രതികളാണെന്ന് ആരോപിച്ചാണ് ആദിത്യനാഥ് സര്‍ക്കാര്‍ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.

 

Latest News