ഭരണ - പ്രതിപക്ഷ ഭേദെമന്യേ നിയമസഭ ഒന്നടങ്കം നിയമം പാസാക്കിയിട്ടും ക്രമക്കേടിനെ ക്രമമാക്കാനും അഴിമതിക്കു വെള്ളപൂശാനും വിസമ്മതിച്ച സുപ്രീംകോടതിയിൽ നിന്ന് സർക്കാരിനു ലഭിച്ചിരിക്കുന്നത് കനത്ത പ്രഹരമാണ്. അനധികൃതമായി പ്രവേശനം നേടിയ കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർത്ഥികളെയും പുറത്താക്കണമെന്ന് ഉത്തരവിട്ട പരമോന്നത കോടതി, സംസ്ഥാനം കൊണ്ടുവന്ന ഓർഡിനൻസ് സ്റ്റേ ചെയ്യുക മാത്രമല്ല, പ്രവേശനത്തെ സാധൂകരിക്കാൻ ശ്രമിച്ച സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരിക്കുകയാണ്.
കോടതി വിധി അനധികൃതമായി മറികടക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചുവെന്നും ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടിയെന്നും കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഗവർണർ ഒപ്പിടാതെ ഒന്നും നിയമമാകില്ല എന്നു പറഞ്ഞ കോടതി കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയ ബിൽ പരിഗണിക്കുക പോലും ചെയ്യാതെയാണ് കുട്ടികളെ പുറത്താക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പറയുന്ന പോലെ വിദ്യാർത്ഥികളുടെ ഭാവിയുടെ പേരിൽ നിയമ ലംഘനം അനുവദിക്കാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാവിയിൽ എല്ലാ ക്രമക്കേടുകളേയും ക്രമമാക്കി മാറ്റാൻ ഇത്തരം നിയമങ്ങൾ കാരണമാകുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു നിരീക്ഷണത്തിലേക്ക് കോടതിയെ എത്തിച്ചതെന്ന് വ്യക്തം. വി എം സുധീരൻ പറയുന്ന പോലെ നിയമ സംവിധാനത്തെ പച്ചയായി വെല്ലുവിളിച്ചതിനുള്ള മറുപടി തന്നെയാണ് ഈ വിധി.
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ 150 വിദ്യാർത്ഥികളുടെയും പാലക്കാട് കരുണ മെഡിക്കൽ കോളേജിലെ 30 വിദ്യാർത്ഥികളുടെയും ഭാവി ഇതോടെ ഇരുട്ടിലായെന്നതു ശരിയാണ്. പക്ഷേ നിയമ സംവിധാനത്തിനകത്തുനിന്നും ധാർമ്മികമായും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ് ഇതോടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഈ രണ്ടു കോളേജുകളിലും പ്രവേശനം നടന്നിരിക്കുന്നത് ചട്ടവിരുദ്ധമായാണെന്നതിനാൽ മെഡിക്കൽ പ്രവേശന മേൽനോട്ട സമിതി അത് റദ്ദാക്കിയിരുന്നു. ഇത് ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് അപ്പീൽ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളും മാനേജ്മെന്റുകളും നൽകിയ പുനഃപരിശോധന ഹരജികളും തള്ളിയിരുന്നു. ചട്ടവിരുദ്ധമെന്ന് കണ്ട് സുപ്രീം കോടതി റദ്ദാക്കിയ പ്രവേശനമാണ് ഓർഡിനൻസിന്റെ മറവിൽ നിയമമാക്കി കോടതിയെ മറികടക്കാൻ സർക്കാർ ശ്രമിച്ചത്. ഇതെല്ലാം അറിയുന്നവരാണ് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും.
ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നു പറയപ്പെടുന്ന നിയമസഭ ചിലപ്പോഴൊക്കെ ഏതു അഴിമതിയും ക്രമക്കേടും നിയമ വിധേയമാക്കാനും ഏത് അനീതിയേയും വെള്ളപൂശാനും ഒരു മടിയും കാണിക്കാറില്ല. ഏതു ന്യായമായ കാര്യത്തിൽ പോലും പരസ്പരം കടിച്ചുകീറുന്ന ഭരണപക്ഷവും പ്രതിപക്ഷവും ഇത്തരം കാര്യങ്ങളിൽ ഒന്നിക്കുകയും ചെയ്യും. വർഷങ്ങൾക്കു മുമ്പ് ആദിവാസികൾ തങ്ങൾക്കു നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടാനായി പോരാട്ടം ശക്തമാക്കിയപ്പോൾ അവർക്കെതിരെ കെ ആർ ഗൗരിയമ്മ ഒഴികെയുള്ള എല്ലാ നിയമസഭാംഗങ്ങളും കൈകോർത്ത സംഭവം മറക്കാറായിട്ടില്ല. കഴിഞ്ഞ ദിവസം സംഭവിച്ചതും അത്തരമൊരു ചരിത്രമായിരുന്നു. ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കാത്തതുമെന്നു കണ്ട് റദ്ദാക്കിയ സുപ്രീം കോടതി നടപടിയെയാണ് 'കേരള മെഡിക്കൽ കോളേജ് പ്രവേശനം സാധൂകരിക്കൽ' ബില്ലിലൂടെ സർക്കാർ ക്രമപ്പെടുത്തിയത്. വി.ടി ബൽറാം ഒഴികെയുള്ള പ്രതിപക്ഷാംഗങ്ങളും അതിനു കൂട്ടുനിൽക്കുകയായിരുന്നു. 'വിദ്യാർഥികളുടെ ഭാവിയെക്കരുതി' എന്നാണ് ഈ അഴിമതിക്ക് ഭരണ, പ്രതിപക്ഷങ്ങൾ നൽകുന്ന ന്യായീകരണം. വിദ്യാർത്ഥികളോ രക്ഷാകർത്താക്കളോ ആത്മഹത്യ ചെയ്താലോ എന്നും പലരും ചോദിക്കുന്നതു കേട്ടു.
സത്യത്തിൽ പ്രവേശനം റദ്ദാക്കിയതിന് അനുകൂലമായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ പിന്നീട് കോടതി വിധി വന്നതോടെ മലക്കംമറിയുകയായിരുന്നു. രണ്ടു മെഡിക്കൽ കോളേജുകളിലെയും 2016-17 വർഷത്തെ പ്രവേശനം ക്രമപ്പെടുത്തി കഴിഞ്ഞ ഒക്ടോബർ 20 ന് ഓർഡിനൻസ് ഇറക്കി. ഗവർണർ പി. സദാശിവം നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓർഡിനൻസ് മടക്കിയെങ്കിലും സർക്കാർ തിരിച്ചയച്ചതോടെ ഒപ്പുവച്ചു. ഈ ഓർഡിനൻസ് ഭരണഘടനയുടെ 14 ാം അനുഛേദത്തിന്റെ ലംഘനമാണെന്നാണ് സുപ്രീം കോടതിയിലുള്ള ഹരജിയിൽ എം.സി.എയുടെ പ്രധാന വാദം. കോടതി വിധി മറികടക്കാൻ നിയമ നിർമാണാധികാരം വിനിയോഗിക്കരുതെന്ന പൊതുതത്വമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾ കുട്ടികളിൽനിന്ന് 22 മുതൽ 45 ലക്ഷം രൂപ വരെ വാങ്ങിയെന്ന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടും തള്ളിക്കളഞ്ഞായാണ് സർക്കാരിന്റെ തീരുമാനം.
വിദ്യാർത്ഥികളുടെ ഭാവിയെ കരുതി റദ്ദാക്കാവുന്ന രീതിയിൽ അബദ്ധത്തിൽ പറ്റിയ തെറ്റൊന്നുമായിരുന്നില്ല വിവാദമായ ഈ പ്രവേശനം. തെറ്റാണ് എന്നു അറിഞ്ഞുകൊണ്ടു തന്നെ തെറ്റ് ചെയ്യുകയാണുണ്ടായത്. പ്രവേശനം നിരോധിച്ചുകൊണ്ടു ജെയിംസ് കമ്മിറ്റി ഉത്തരവ് നിലവിലിരിക്കുമ്പോൾ തന്നെയാണ് പ്രവേശന നടപടികളുമായി കോളേജുകൾ മുന്നോട്ടു പോയത്. പ്രവേശന പരീക്ഷ എഴുതാത്ത വിദ്യാർഥികളിൽ നിന്നും പോലും അപേക്ഷ വാങ്ങി പ്രവേശനം നൽകിയതായി ആരോപണമുണ്ട്. എന്തഴിമതി ചെയ്താലും എത്ര ലക്ഷങ്ങൾ മുടക്കിയാലും മക്കളെ ഡോക്ടറാക്കി, പാവപ്പെട്ട ജനങ്ങളിൽ നിന്ന് ഭാവിയലത് കൊള്ളപ്പലിശയടക്കം തിരിച്ചെടുക്കാമെന്ന സ്വപ്‌നമാണ് രക്ഷിതാക്കളെ ഇതിനു പ്രേരിപ്പിച്ചതെന്നു വ്യക്തം. ഇതുവരെ നടന്ന എല്ലാ നിയമ യുദ്ധങ്ങളിലും പ്രവേശനം അസാധു ആയി സുപ്രീം കോടതി വരെ പ്രഖ്യാപിച്ചിട്ടാണ് ഇത്തരമൊരു നീക്കവുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത്. നഴ്‌സുമാരുടെ വിഷയത്തിലോ ആദിവാസി ഭൂമി വിഷയത്തിലോ അന്യാധീനപ്പെട്ടു പോയ വനഭൂമിയുടെ കാര്യത്തിലോ സർക്കാർ ഭൂമി കൈയേറ്റത്തിലോ ഒന്നും കാണാതിരുന്ന ശുഷ്‌കാന്തിയും ജാഗ്രതയുമാണ് ഇക്കാര്യത്തിൽ ഭരണപക്ഷവം പ്രതിപക്ഷവും കാണിച്ചത്. ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ നടത്തിയ ചോരയിൽ മുങ്ങിയ മുഴുവൻ സമരങ്ങളെയും വഞ്ചിച്ചുകൊണ്ടാണ് ഇടതു സർക്കാർ ഈ നിയമം പാസാക്കിയത്. അതാകട്ടെ, ജെയിൻസ് മാത്യു, എ പ്രദീപ് കുമാർ, ടി വി രാജേഷ്, ആർ രാജേഷ്, എം സ്വരാജ്, എ എൻ ഷംസീർ, പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ. സർക്കാറിനു പ്രത്യേക താൽപര്യം ഉണ്ടെങ്കിൽ എന്തും നടക്കും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഈ നിയമം. നിയമ നിർമ്മാണത്തിനുള്ള ഭരണഘടനാ അധികാരവും ജനങ്ങൾ നൽകിയ അധികാരവും വിദ്യാഭ്യാസ കച്ചവടക്കാർക്ക് വേണ്ടി ദുരുപയോഗം ചെയ്ത ദിനമെന്ന പേരിലായിരിക്കും ഏപ്രിൽ 4 അറിയപ്പെടുക.
ഇതുമായി ബന്ധപ്പെട്ട ഇടതുപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളുടെ നിലപാടും പരിശോധിക്കാതിരിക്കാൻ വയ്യ. പലരും കഴിഞ്ഞ ദിവസത്തെ ചാനൽ ചർച്ചകളിൽ വെള്ളം കുടിക്കുകയായിരുന്നു. കാൽ നൂറ്റാണ്ട് കാലത്തെ ചരിത്രമുണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ വാണിജ്യവൽക്കരിക്കുന്നതിന് എതിരായ ഇവരുടെ പ്രക്ഷോഭത്തിന്. കൂത്തുപറമ്പിലെ 5 ചെറുപ്പക്കാർ രക്തസാക്ഷികളാവുകയും ചെയ്തു. ഫീസടയ്ക്കാൻ കാശില്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത രജനി എസ് ആനന്ദിനേയും ഫാസിലയേയും മറക്കാറായിട്ടില്ല. അതിന്റെ പേരിലുണ്ടായ പ്രക്ഷോഭങ്ങളേയും. എന്നിട്ടും തല പിതൃസംഘടനക്ക് പണയം വെച്ച ഈ യുവജന - വിദ്യാർത്ഥി പ്രസ്ഥാനങ്ങളും മക്കളെ ഡോക്ടറായി കണ്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന രക്ഷിതാക്കളുടെ ഭീഷണിക്കു മുന്നിൽ മുട്ടുകുത്തുന്നതു കാണുമ്പോൾ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ.... എന്നാൽ തങ്ങൾ മുട്ടുകുത്താൻ തയ്യാറല്ല എന്നാണ് സുപ്രീം കോടതി വീണ്ടും പറഞ്ഞിരിക്കുന്നത്.